സംരംഭകരേക്കാള്‍ കരുത്തരായിരിക്കണം ഭാര്യമാര്‍ : സുധാമൂര്‍ത്തി
ഭാര്യയായും സെക്രട്ടറിയായും ഫൈനാന്‍സ് മാനേജറായും അവര്‍ നിങ്ങളെ പ്രതീക്ഷിക്കും
വലിയ വിജയികളുടെ കൂടെയുള്ള ജീവിതം അതികഠിനമെന്ന് പ്രമുഖ എഴുത്തുകാരിയും ഇന്‍ഫോസിസിന്റെ അമരക്കാരനായ എന്‍. ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യയുമായ സുധാമൂര്‍ത്തി. ബിസിനസ് പോര്‍ട്ടലായ മണി കണ്‍ട്രോള്‍ ബംഗളൂരുവിൽ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിലാണ് യുവസംരംഭകരോട് തന്റെ ജീവിതത്തിലെ രസകരമായ ചിന്തകളെ കുറിച്ച് സുധാമൂര്‍ത്തി പങ്കുവച്ചത്. നാരായണമൂര്‍ത്തിയും മകന്‍ രോഹന്‍ മൂര്‍ത്തിയും സംസാരിച്ച ശേഷം വേദിയിലേക്ക് കടന്നുവന്ന സുധാമൂര്‍ത്തി അതിവേഗം സദസിനെ കൈയിലെടുത്തു.
''യുവ സംരംഭകരോട് എനിക്ക് പറയാനുള്ളത് ഏറ്റവും വിജയികളായ പുരുഷന്മാര്‍ക്കൊപ്പം ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ്. അവരെ കൈകാര്യം ചെയ്യുക പ്രയാസമാണ്. അവരൊട്ടും നോര്‍മല്‍ ആയിരിക്കില്ല, 'കിറുക്കന്‍മാര്‍' ആയിരിക്കും. ഓഫീസില്‍ മാത്രമാണ് അവര്‍ക്ക് യുക്തിയുണ്ടാകുക, വീട്ടിലില്ല. അവര്‍ നിങ്ങളെ ഭാര്യയായും സെക്രട്ടറിയായും നാന്‍സ് മാനേജറായും നാനിയായും ഉപദേശകയായും തുടങ്ങി പല റോളിലും പ്രതീക്ഷിക്കും. ഇതെല്ലാം നിങ്ങള്‍ ഭംഗിയായി ചെയ്യേണ്ടി വരും. നിങ്ങളതില്‍ പരാജയപ്പെട്ടാല്‍ അത് അവരെ മോശമായി ബാധിക്കുകയും ചെയ്യും.'' സുധാമൂര്‍ത്തി പറയുന്നു. ഫൈ
പഴയ കാലത്തേയും ഇപ്പോഴത്തേയും പോരാട്ടങ്ങളെക്കുറിച്ചും അവര്‍ പങ്കുവച്ചു. ''സംരംഭകരേക്കാള്‍ കൂടുതല്‍ കരുത്തുള്ളവരായിരിക്കണം സംരംഭകരുടെ ഭാര്യമാര്‍. ഭര്‍ത്താക്കന്‍മാരുടെ വാക്കുകള്‍ വിശ്വസിക്കണം. അതില്‍ മിക്കവയും പ്രായാഗികമായിരിക്കില്ല എന്നാലും സ്വീകരിക്കണം. നിങ്ങള്‍ ചെയ്യുന്ന എല്ലാ അതിശയകരമായ കാര്യങ്ങള്‍ക്കുമുള്ള അംഗീകാരം അവര്‍ക്കു ലഭിക്കും.'' നര്‍മത്തില്‍ ചാലിച്ച് സ്വതസിദ്ധമായശൈലിയിലുള്ള സുധാമൂര്‍ത്തിയുടെ വാക്കുകള്‍ ചിരിയോടെയാണ് സംരംഭകര്‍ ശ്രവിച്ചത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോര്‍ട്ടും ഭാഗ്യവുമാണ് ഭാര്യയെന്ന് നാരായണ മൂര്‍ത്തി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ലാളിത്യവും മനുഷ്യസ്‌നേഹവുമാണ് സുധാമൂര്‍ത്തിയെ വ്യത്യസ്തമാക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പദ്ധതികളില്‍ അവര്‍ പങ്കാളിയാകാറുണ്ട്. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് സുധാമൂര്‍ത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷതാമൂര്‍ത്തി മകളാണ്.