സ്വകാര്യ ബസുകളില്‍ ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പിലാക്കുന്നു, ഡോർ ക്യാമറകൾ, ജി.പി.എസ് ട്രാക്കിംഗ് തുടങ്ങിയ സംവിധാനങ്ങള്‍
ബസുകളില്‍ പണരഹിത യാത്ര തിരഞ്ഞെടുക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്
സ്വകാര്യ ബസുകളില്‍ ആധുനീക സാങ്കേതിക സംവിധാനങ്ങളുടെ ഗുണഫലങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പിലാക്കുന്നു. ബസുകളിൽ എൽ.ഇ.ഡി ഡെസ്റ്റിനേഷൻ ബോർഡുകൾ, ബസുകളുടെ സമയ ഷെഡ്യൂളുകൾ അറിയുന്നതിനായി മൊബൈൽ ആപ്പ്, സി.സി.ടി.വി, ഫ്രണ്ട് ക്രോസിംഗ് അലേർട്ടുകൾ, ഡോർ ക്യാമറകൾ, ലൈവ് ജി.പി.എസ് ട്രാക്കിംഗ് തുടങ്ങിയവയാണ് ഡിജിറ്റലൈസേഷന്റെ ഭാഗമായി സജ്ജീകരിക്കുക.
എറണാകുളം അങ്കമാലി, കാലടി പ്രദേശങ്ങളിലെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് ഈ നൂതന സംരംഭം അവതരിപ്പിച്ചിരിക്കുന്നത്. ബസുകളുടെ പ്രവര്‍ത്തനം സുഗമമാക്കുക, അപകടങ്ങള്‍ കുറയ്ക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
അങ്കമാലി, കാലടി, ആലുവ, നോർത്ത് പറവൂർ, കോതമംഗലം, മൂവാറ്റുപുഴ, മാള, ചാലക്കുടി റൂട്ടുകളിൽ സർവീസ് നടത്തുന്ന ഇരുന്നൂറോളം ബസുകൾ ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കും.
യാത്രക്കാർക്ക് ഡിജിറ്റൽ പേയ്‌മെൻ്റുകളിലൂടെ ബസുകളില്‍ പണരഹിത യാത്ര തിരഞ്ഞെടുക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ‘ബസ്സർ’ (Busser) ആപ്പ് ബസുകളുടെ സമയം ട്രാക്ക് ചെയ്യാനും സഹായിക്കും. ബസില്‍ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളും ക്യാമറകളും ഡ്രൈവർമാര്‍ക്ക് തൊട്ടടുത്തുള്ള വാഹനങ്ങളെയും കാൽനടയാത്രക്കാരെയും കുറിച്ച് മുന്നറിയിപ്പ് നൽകും. ഇതുമൂലം ബ്ലൈൻഡ് സ്പോട്ടുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാന്‍ സാധിക്കും.
ഡ്രൈവർമാര്‍ മയങ്ങിപ്പോകുന്നതു മൂലമുളള അപകടങ്ങൾ തടയുന്നതിനായി എ.ഐ അടിസ്ഥാനമാക്കിയുള്ള സംവിധാനം ബസുകളില്‍ ഘടിപ്പിക്കാനും പല ഉടമകളും താൽപ്പര്യപ്പെടുന്നുണ്ട്. രാത്രിയിൽ പ്രത്യേകിച്ച് സർവീസ് നടത്തുന്ന ബസുകളിൽ അഞ്ച് ക്യാമറകള്‍ ഡ്രൈവറെ നിരന്തരം നിരീക്ഷിക്കുന്നതാണ് ഈ സംവിധാനം.
അശ്രദ്ധമായി വാഹനമോടിക്കുന്ന സംഭവങ്ങൾ നിരീക്ഷിക്കാൻ എല്ലാ ബസുകളിലും ജി.പി.എസും സി.സി.ടി.വിയും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നതാണ്.