ടാറ്റാ പ്ലേയിലെ വിഹിതം ഡിസ്‌നി ടാറ്റാ ഗ്രൂപ്പിന് കൈമാറുന്നു
ടാറ്റയുമായുള്ള ഈ സംരംഭത്തില്‍ 30 ശതമാനമാണ് ഡിസ്‌നി ഗ്രൂപ്പിന്റെ പങ്കാളിത്തം
ഇന്ത്യയിലെ വിനോദ മാധ്യമ വ്യവസായവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ വില്‍ക്കുകയോ വിഹിതം കുറയ്ക്കുകയോ ചെയ്യാന്‍ തീരുമാനിച്ച വാള്‍ട്ട് ഡിസ്‌നി ഗ്രൂപ്പ് ടാറ്റാ പ്ലേയിലെ പങ്കാളിത്തവും അവസാനിപ്പിക്കുന്നു. ടാറ്റാ ഗ്രൂപ്പിന് ഭൂരിപക്ഷ ഓഹരികളുള്ള ടാറ്റാ പ്ലേ ഇന്ത്യയിലെ മുന്‍നിര ഡി.ടി.എച്ച് (ഡയറക്ട് ടു ഹോാം) സേവനദാതാക്കളാണ്.
ടാറ്റയുമായുള്ള ഈ സംരംഭത്തില്‍ 30 ശതമാനമാണ് ഡിസ്‌നി ഗ്രൂപ്പിന്റെ പങ്കാളിത്തം. ഇത് ടാറ്റാ ഗ്രൂപ്പിന് തന്നെ കൈമാറാനാണ് തീരുമാനം. ഡിസ്‌നിയുടെ ഓഹരികള്‍ കൂടി വാങ്ങുന്നതോടെ ഡി.ടി.എച്ച് പ്ലാറ്റ്‌ഫോം പൂര്‍ണമായും ടാറ്റയുടെ നിയന്ത്രണത്തിലാകും. ഏകദേശം ഒരു ബില്യണ്‍ ഡോളറിനാണ് ഓഹരി കൈമാറ്റമെന്നാണ് വിവരം.
23 കോടി വരിക്കാര്‍
ടാറ്റാ പ്ലേ പ്ലാറ്റ്‌ഫോമില്‍ ഡി.ടി.എച്ച് സര്‍വീസിനൊപ്പം ഓവര്‍ ദി ടോപ് (ഒ.ടി.ടി) ആപ്ലിക്കേഷനും നിലവിലുണ്ട്. 23 കോടിയിലധികം വരിക്കാര്‍ ടാറ്റാ പ്ലേയുടെ കീഴിലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ട്. 919 കോടി രൂപയായിരുന്നു ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള 2023-24 സാമ്പത്തികവര്‍ഷത്തെ വരുമാനം. മുന്‍വര്‍ഷം ഇത് 741 കോടി രൂപയായിരുന്നു.
2006ലാണ് ടാറ്റാ സ്‌കൈ എന്ന പേരില്‍ ടാറ്റയുടെ ഡി.ടി.എച്ച് സര്‍വീസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ട്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഗ്രൂപ്പിന് പങ്കാളിത്തമുണ്ടായിരുന്നു. വാള്‍ട്ട് ഡിസ്‌നി കമ്പനി ട്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഗ്രൂപ്പിനെ ഏറ്റെടുത്തതോടെ ടാറ്റാ സ്‌കൈയിലും മാറ്റംവന്നു. 2022 മുതല്‍ ടാറ്റാ പ്ലേ എന്ന പേരിലാണ് പിന്നീട് ഡി.ടി.എച്ച് സര്‍വീസ് അറിയപ്പെടുന്നത്.
ഡിസ്‌നി-റിലയന്‍സ് ലയനം
ഈ വര്‍ഷം ഫെബ്രുവരിയിലാണ് തങ്ങളുടെ ഇന്ത്യന്‍ ബിസിനസിനെ റിലയന്‍സിന്റെ കീഴിലുള്ള വയാകോം18 മീഡിയയുമായി ലയിപ്പിക്കാന്‍ വാള്‍ട്ട് ഡിസ്‌നി ഗ്രൂപ്പ് തീരുമാനിച്ചത്. സംരംഭം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ വിനോദ-മാധ്യമ സംരംഭത്തിലെ ഏറ്റവും വലിയ കമ്പനിയായി ഇതുമാറും.
സംരംഭത്തില്‍ 16.34 ശതമാനം ഓഹരികള്‍ റിലയന്‍സിനും 46.82 ശതമാനം വയാകോം 18നും 36.84 ശതമാനം ഡിസ്നിക്കും സ്വന്തമാകും. കളേഴ്സ്, സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ഗോള്‍ഡ്, സ്റ്റാര്‍ സ്പോര്‍ട്സ്, സ്പോര്‍ട്സ് 18 തുടങ്ങി രാജ്യത്തെ നിരവധി മുന്‍നിര വിനോദ കായിക ചാനലുകള്‍ പുതിയ കമ്പനിയുടെ കീഴില്‍ ഉണ്ടാകും. ജിയോ സിനിമ, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ഇതിന് കീഴില്‍ വരും. മൊത്തം 75 കോടി കാഴ്ചക്കാരുടെ പിന്‍ബലവും കമ്പനിക്കുണ്ടാകും.