ഡൽഹി മെട്രോയുടെ മജന്ത ലൈനില്‍ പൂർണ്ണമായും ഡ്രൈവറില്ലാ ട്രെയിനുകൾ
അവതരിപ്പിച്ചിരിക്കുന്നത് 29 ഡ്രൈവർ ക്യാബിനില്ലാത്ത ട്രെയിനുകൾ
ഡ്രൈവര്‍ ഇല്ലാതെ സര്‍വീസ് നടത്താന്‍ പ്രാപ്തമായ ലോകത്തിലെ 7 ശതമാനം മെട്രോ നെറ്റ്‌വർക്കുകളുടെ ഭാഗമാകുക എന്ന സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്‍ (ഡി.എം.ആർ.സി). മാനുഷിക തെറ്റുകൾ കുറയ്ക്കാനും ട്രെയിൻ സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താനും പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ഡിപ്പോകളിലെ ഇൻഡക്ഷൻ ചെക്കുകളും പാർക്കിംഗും ഓട്ടോമേറ്റ് ചെയ്യുന്നതിനും മനുഷ്യ ഓപ്പറേറ്റർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ഡ്രൈവറില്ലാത്ത ട്രെയിനുകൾ വളരേയധികം സഹായകരമാണ്.
മജന്ത ലൈനില്‍ ഉളളത് 25 സ്റ്റേഷനുകള്‍
ജനക്പുരി വെസ്റ്റ് മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള 25 സ്റ്റേഷനുകളുള്ള 37 കിലോമീറ്റർ ചുറ്റളവിലാണ് മജന്ത ലൈൻ ഉളളത്. 2020 ഡിസംബറിലാണ് ഡ്രൈവറില്ലാ ട്രെയിൻ സർവീസുകൾ മജന്ത ലൈനില്‍ ആദ്യമായി അവതരിപ്പിച്ചത്.
തുടക്കത്തിൽ ട്രെയിൻ പിന്തുണയ്‌ക്കായി ഓപ്പറേറ്ററെ ട്രെയിനില്‍ നിയോഗിച്ചിരുന്നു, എന്നാൽ വർദ്ധിച്ചുവരുന്ന വിശ്വാസ്യതയും കൃത്യതയും കണക്കിലെടുത്ത് ട്രെയിനുകൾ ഇപ്പോൾ പൂർണ്ണമായും ഓട്ടോമേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. പിങ്ക് ലൈനിലും (മജ്ലിസ് പാർക്ക് മുതൽ ശിവ് വിഹാർ വരെ) 2021 നവംബറിൽ സമാനമായ സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു.
യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളുടെ വാഗ്ദാനം
യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനുളള ശ്രമത്തിന്‍റെ ഭാഗമായി ട്രെയിനിലെ ഡ്രൈവർ ക്യാബിനുകളും നീക്കം ചെയ്തിട്ടുണ്ട്. ഈ പുനർരൂപകൽപ്പനയിൽ പുതിയ ഗ്രാബ് പോൾ, വർദ്ധിച്ച സ്റ്റാൻഡിംഗ് കപ്പാസിറ്റി, സുരക്ഷയ്ക്കായി വിപുലമായ സി.സി.ടി.വി നിരീക്ഷണം എന്നിവ ഉൾപ്പെടുന്നു.
തത്സമയ ട്രാക്ക് നിരീക്ഷണം, എല്‍.സി.ഡി ഡിസ്പ്ലേകളുള്ള ഡിജിറ്റൽ റൂട്ട് മാപ്പുകൾ, എല്‍.ഇ.ഡി ബാക്ക് ലൈറ്റിംഗ് എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ സൗകര്യവും സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തുന്നു. കൂടാതെ, യാത്രക്കാർക്ക് തത്സമയ സ്ഥിതിവിവരക്കണക്കുകൾ വാഗ്ദാനം ചെയ്യുന്ന ലൈവ് വീഡിയോ സ്ട്രീമിംഗും ലഭ്യമാക്കിയിട്ടുണ്ട്.
52 പുതിയ ട്രെയിനുകൾ കൂടി എത്തുന്നു
മുൻഗണനാ റൂട്ടുകളില്‍ ഡ്രൈവറില്ലാ സര്‍വീസുകള്‍ക്കായി 52 പുതിയ ട്രെയിനുകൾ വാങ്ങുന്നതിനുളള ശ്രമങ്ങള്‍ക്കാണ് നാലാം ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഡി.എം.ആർ.സി ഊന്നല്‍ നല്‍കുന്നത്. കാര്യക്ഷമവും സുരക്ഷിതവുമായ പൊതുഗതാഗത സംവിധാനം ഉറപ്പാക്കുക എന്ന ഡി.എം.ആർ.സിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി വളരേയധികം യോജിച്ചു പോകുന്ന ഡ്രൈവര്‍ രഹിത ട്രെയിനുകള്‍ ഇന്ത്യയിലെ നഗര ഗതാഗതത്തിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.