ഇന്ത്യക്ക് നല്ലത് ആര്, ട്രംപോ കമലയോ? യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ചൂടേറിയ ചര്‍ച്ച

ഭരണ തുടര്‍ച്ചയും ഭരണമാറ്റവും യു.എസിന്റെ പൊതുവായ നയനിലപാടുകള്‍ മാറ്റില്ല

Update:2024-11-04 17:15 IST
പ്രവചനാതീതമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊടുവില്‍ ജയം ഡൊണള്‍ഡ് ട്രംപിനോ, കമല ഹാരിസിനോ? രണ്ടു പേരുടെയും ജയപരാജയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും ഇന്ത്യ-യു.എസ് ബന്ധങ്ങളെയും എങ്ങനെ ബാധിക്കും? തെരഞ്ഞെടുപ്പിലേക്കും ഫലപ്രഖ്യാപനത്തിലേക്കും ലോകം ഉറ്റു നോക്കുന്നതിനിടയില്‍ ഈ ചര്‍ച്ച മുറുകി.
ട്രംപ് വന്നാലും കമല ഹാരിസ് വന്നാലും അമേരിക്കക്ക് ഇന്ത്യയോടോ, ലോകത്തോടു തന്നെയോ ഉള്ള പൊതുവായ നയനിലപാടുകളില്‍ മാറ്റം പ്രതീക്ഷിക്കേണ്ട. ഭരിക്കുന്നത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായാലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായാലും യു.എസിന്റെ പൊതുതാല്‍പര്യം വിട്ടൊരു കളിയില്ല. ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പ്രത്യേക മമത കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതേസമയം, കമല ഹാരിസിനുള്ള ഇന്ത്യന്‍ വേരുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കഴിയുന്നത്ര നിഷ്പക്ഷത പാലിക്കാനാണ് ഇന്ത്യ ഇത്തവണ ശ്രമിച്ചത്.

ഭരണത്തുടര്‍ച്ചയുടെ ഫലം ന്യൂട്രല്‍; ഭരണമാറ്റം ളക്കമുണ്ടാക്കും

അധികാരത്തില്‍ വരുന്ന രണ്ടിലൊരാള്‍ സ്വീകരിക്കാന്‍ പോവുന്ന നയങ്ങളാണ് വിപണിയെ സ്വാധീനിക്കുക. കമല ഹാരിസിന് അവസരം കിട്ടിയാല്‍ ഡെമോക്രാറ്റുകളുടെ ഭരണത്തുടര്‍ച്ചയാണ് ഉണ്ടാവുക. ജോ ബിഡന്‍ സ്വീകരിച്ച നയങ്ങളുടെ തുടര്‍ച്ചയായതു കൊണ്ട് വലിയ ഇളക്കങ്ങള്‍ ഉണ്ടാവില്ല. അതേസമയം, ചില തിരുത്തല്‍ നടപടികള്‍ വിവിധ രംഗങ്ങളില്‍ പ്രതീക്ഷിക്കുകയുമാവാം. മുന്‍പൊരു നാലു വര്‍ഷം അമേരിക്ക ഭരിച്ച ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വന്നാല്‍ കഴിഞ്ഞ തവണത്തെ സമീപനം തുടര്‍ന്നു കൊണ്ടു പോകണമെന്നുമില്ല. വിപണി സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ട്രംപ് കഴിഞ്ഞ തവണ ജയിച്ചപ്പോള്‍ ഉയര്‍ന്ന ബോണ്ട് വരുമാനമായിരുന്നു ആദ്യ പ്രതികരണങ്ങളിലൊന്ന്. ബോണ്ട് നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍, ഇതേ പ്രതികരണം ഇത്തവണ ഉണ്ടായെന്നു വരില്ല.
അതേസമയം, നിലവിലെ ഭരണത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ട്രംപ് അധികാരം പിടിക്കുന്നത് ആഗോള സാഹചര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കും. ആഗോള വിപണിയിലും ചലനമുണ്ടാക്കും. നിരക്കുകള്‍, സ്വര്‍ണ വില, ആഗോള ഡോളര്‍ സ്ഥിതി എന്നിവയിലൊക്കെ മാറ്റം പ്രതീക്ഷിക്കാം. അസംസ്‌കൃത എണ്ണ വില കുറയുമെന്നാണ് പ്രവചനം. ട്രംപിന്റെ ദേശസംരക്ഷണ കാര്യപരിപാടികള്‍, കടുത്ത വ്യാപാര നിയന്ത്രണം എന്നിവക്കിടയിലും ഭരണമാറ്റം ഇന്ത്യക്ക് കൂടുതല്‍ ഗുണകരമാവുമെന്ന വ്യഖ്യാനങ്ങളുമുണ്ട്. ഇന്ത്യ-അമേരിക്ക ബന്ധം പങ്കാളിത്ത സംവിധാനമായി  മാറിയ ഇക്കാലത്ത്, പ്രസിഡന്റ് മാറിയാലും ആ നയനിലപാടുകള്‍ തുടര്‍ന്നു കൊണ്ടു പോകും. എന്നാല്‍ സൗഹാര്‍ദത്തിന്റെ ഊഷ്മളത ഏറിയും കുറഞ്ഞുമിരിക്കും. അമേരിക്കന്‍ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവെക്കുണെന്നാണ് വിലയിരുത്തല്‍. പ്രതിരോധ സാങ്കേതിക വിദ്യ, ഔഷധ നിര്‍മാണം, അസംസ്‌കൃത എണ്ണ വില എന്നിവയില്‍ ഗുണപരമായ മാറ്റത്തിന് ഇടയാക്കുമെന്ന് കാണുന്നവര്‍ ഏറെ.
Tags:    

Similar News