സര്‍വേ കുറ്റികള്‍ സ്ഥാപിക്കാന്‍ പറഞ്ഞിട്ടില്ല! കെ-റെയില്‍ പദ്ധതിക്ക് പൂർണ അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയോട് കേന്ദ്രം
ആദ്യഘട്ടപ്രവര്‍ത്തനങ്ങളില്‍ സ്ഥലമെടുക്കല്‍ കുറ്റികള്‍ ഉള്‍പ്പെടുന്നില്ലെന്നും കേന്ദ്രം
'സര്‍വേ എന്ന പേരില്‍ കുറ്റികള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.' കേരളത്തിന്റെ കെ റെയില്‍ സംബന്ധിച്ച് വീണ്ടും തര്‍ക്കവുമായി കേന്ദ്രം ഹൈക്കോടതിയില്‍. ഡിപിആര്‍ ഇപ്പോഴും അപൂര്‍ണമെന്നും കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കെ-റെയില്‍ സംബന്ധിച്ച സര്‍വേയ്ക്ക് എതിരെ ലഭിച്ചിട്ടുള്ള വിവിധ ഹര്‍ജികളില്‍ ആണ് കേന്ദ്രം മറുപടി നല്‍കിയത്. സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും സര്‍വേയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര സാമ്പത്തിക മന്ത്രാലയവും സില്‍വര്‍ലൈന്‍ അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വിശദമായ ഡിപിആര്‍ തയ്യാറാക്കാന്‍ അനുമതി നല്‍കിയെന്നല്ലാതെ കേരളത്തിന് മറ്റ് അനുമതികളൊന്നും നല്‍കിയിട്ടില്ല. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയോടെ അല്ല സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങളെന്നും ഹൈക്കോടതിയില്‍ കേന്ദ്രം വിശദമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഡിപിആര്‍ കേന്ദ്രത്തിന് നല്‍കാന്‍ മധ്യവേനലവധി കഴിയും വരെയുള്ള സമയം നല്‍കിയിരുന്നെന്നും എന്നാല്‍ അത് സമര്‍പ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്നുമാണ് ഇപ്പോള്‍ കേന്ദ്രം അടിവരയിട്ട് പറയുന്നത്.