ഒഴിവാക്കാന്‍ കഴിയാതെ പോയ വയനാട് ദുരന്തത്തിന്റെ ഉത്തരവാദികള്‍ ആര്?

ദുരന്തം നാശം വിതച്ചത് പശ്ചിമഘട്ട മലനിരകളിലെ അതീവ ലോല പ്രദേശങ്ങളില്‍

Update:2024-08-01 15:27 IST

 Wayanad landslide

വയനാട് ദുരന്തത്തില്‍ പ്രകൃതി മുന്നറിയിപ്പുകള്‍ നല്‍കിയില്ല എന്നു പറയുന്നത് തീര്‍ത്തും ശരിയല്ല. പ്രകൃതി പലവട്ടം മുന്നറിയിപ്പ് നൽകിയതാണ്. വളരെ പ്രകടമായും ശക്തമായും ഭീകരമായും.
1984 ജൂലൈയിൽ, കൃത്യം നാൽപ്പത് വർഷം മുമ്പ്, മറ്റൊരു വൻ ഉരുൾ പൊട്ടലിൽ ഇതേ മുണ്ടക്കൈയിൽ 17 ജീവിതങ്ങൾ പൊലിഞ്ഞതാണ്. 250 ലധികം മനുഷ്യ ജീവനുകൾ നഷ്ടമായ പ്രകൃതിയുടെ വിനാശത്തില്‍ 2024 ജൂലൈ 29 ന് അര്‍ദ്ധ രാത്രിയില്‍ പാടേ നശിച്ചു പോയ വയനാട് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലൊന്നാണ് മുണ്ടക്കൈ.
മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടലും വെള്ളപ്പൊക്കവും എത്തിയത് 1924 ലെ വെള്ളപ്പൊക്കത്തിന് കൃത്യം 100 വർഷങ്ങൾക്ക് ശേഷമാണ്. "തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കം" എന്ന് അറിയപ്പെടുന്ന പ്രകൃതി നാശത്തില്‍ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത് (മലയാള കലണ്ടര്‍ പ്രകാരം എ.ഡി 1024 എന്നത് 1099 ആയതിനാലാണ് ഇങ്ങനെ വിളിക്കപ്പെടുന്നത്). 2018 ൽ കോഴിക്കോട് ജില്ലയിലെ കരിഞ്ചോല (14 മരണം); 2019 ൽ മലപ്പുറം ജില്ലയിലെ കവളപ്പാറ (മരണം 59); 2019 ൽ വയനാട് ജില്ലയിലെ പുത്തുമല (17 മരണം); 2020 ൽ ഇടുക്കി ജില്ലയിലെ പെട്ടിമുടി (70 പേർ മരിച്ചു) തുടങ്ങിയവ ഈയടുത്ത കാലത്ത് സംസ്ഥാനത്ത് നാശം വിതച്ച പ്രകൃതി ദുരന്തങ്ങളാണ്. കഴിഞ്ഞ 40 വർഷത്തിനിടെ കേരളത്തിലെ പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടലുകള്‍ പതിവായിരിക്കുകയാണ്. വയനാട്, ഇടുക്കി ജില്ലകളില്‍ ഉണ്ടാകുന്ന എണ്ണമറ്റ ചെറിയ, ഇടത്തരം ഉരുൾപൊട്ടലുകൾ കൂടാതെയാണ് ഇവ.
ലോലമായ പശ്ചിമഘട്ടം
ഇടുക്കി ജില്ലയില്‍ നാലിൽ മൂന്ന് ഭാഗവും വയനാട്ടില്‍ നാലില്‍ ഒന്നര ഭാഗവും പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ്. ഈ പ്രദേശങ്ങളിലെ പശ്ചിമഘട്ട മലനിരകളുടെ ഗണ്യമായ ഭാഗം വളരെ ലോലമാണ്- മുണ്ടക്കൈ ഉൾപ്പെടെയുളള സ്ഥലങ്ങള്‍ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ആഗോളതലത്തിൽ ആദരണീയനായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (Western Ghats Ecological Expert Panel, WGEEP) പശ്ചിമഘട്ടത്തെ മൂന്ന് പരിസ്ഥിതിലോല മേഖലകളായി (Ecologically Sensitive Zones,
 ESZ) തരംതിരിച്ചിട്ടുണ്ട്. മുണ്ടക്കൈ ഇ.എസ്.ഇസഡ്-1 ന് കീഴിലാണ് ഉളളത്. അതായത് വളരെ ലോലമായ ഈ പ്രദേശങ്ങളില്‍ ഏറ്റവും ഉയർന്ന പ്രകൃതി സംരക്ഷണം ആവശ്യമാണ് എന്നാണ് നിര്‍ദേശിച്ചിട്ടുളളത്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം മനുഷ്യനിർമിതമാണ് എന്നാണ് ഡോ. ഗാഡ്ഗിൽ പറഞ്ഞത്, തന്റെ സമിതിയുടെ ശുപാർശകൾ കേരള സർക്കാര്‍ വലിയ പരിഗണന നല്‍കുന്നില്ലെന്നും അദ്ദേഹം ആകുലപ്പെട്ടിരുന്നു. സമിതിയുടെ റിപ്പോർട്ടിൽ അധികൃതര്‍ പ്രവർത്തിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രദേശങ്ങളിൽ മനുഷ്യ ഇടപെടലുകള്‍ മൂലം ഒരു വികസനവും നടത്താന്‍ പാടില്ലായിരുന്നുവെന്നും മുണ്ടക്കൈ ദുരന്തത്തിന് ശേഷം ഡോ. ഗാഡ്ഗിൽ പറഞ്ഞു.
പശ്ചിമഘട്ട മേഖലയിലുടനീളം വയനാട്ടിലും ഇടുക്കിയിലും പ്രത്യേകിച്ച്, നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മലയോരങ്ങൾ ഇടിച്ചു നിരത്തിയിരിക്കുന്ന അവസ്ഥ കാണാവുന്നതാണ്. പാറകൾ തുരക്കുന്നതിനായി വന്‍ ക്വാറികള്‍, മര കൊളളക്കാര്‍ മുറിച്ചു മാറ്റിയ വലിയ മരങ്ങൾ, കൃഷിക്കും പാർപ്പിടത്തിനുമായി കുടിയേറ്റക്കാര്‍ നിരപ്പാക്കിയ കുന്നുകൾ എന്നിവ ഇവിടങ്ങളില്‍ ഉടനീളം ദൃശ്യമാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പങ്ക്
കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ മറ്റിടങ്ങളിലെന്നപോലെ പശ്ചിമഘട്ടത്തിലും വ്യാപകമായ പാരിസ്ഥിതിക നാശത്തിന് കാരണമായിട്ടുണ്ട് എന്ന് നമുക്ക് സമ്മതിക്കാം. പക്ഷേ, ഡോ. ഗാഡ്ഗിൽ ചൂണ്ടിക്കാണിച്ചതുപോലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പോട്ടലും നൂറു കണക്കിന് മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടതും വന്‍ നാശ നഷ്ടങ്ങളും മനുഷ്യനിർമ്മിതമാണെന്ന് പറയേണ്ടി വരും. വയനാട് ജില്ലയിലെ പല പ്രദേശങ്ങളേയും പോലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശവും തീവ്രമായ പാരിസ്ഥിതിക നാശത്തിന് വിധേയമാണ്. ദുരിത പ്രദേശത്തു നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഒരു കരിങ്കല്‍ ക്വാറി വലിയ അളവിലാണ് പാറകൾ കുഴിച്ചെടുത്തിരുന്നത്. അത് മണ്ണിന്റെ സന്തുലിതാവസ്ഥ അസ്ഥിരമാക്കി എന്ന് വിലയിരുത്താവുന്നതാണ് (ക്വാറി കുറച്ച് നാള്‍ മുമ്പ് അടച്ചിരുന്നു).
ചൂരല്‍മലയില്‍ ദുരന്ത പ്രദേശങ്ങളില്‍ പുരോഗമിക്കുന്ന രക്ഷാപ്രവര്‍ത്തനം

രാഷ്ട്രീയക്കാര്‍, മതസ്ഥാപനങ്ങൾ, പ്രത്യേക താൽപ്പര്യമുളള ഗ്രൂപ്പുകൾ തുടങ്ങിയവര്‍ പ്രോത്സാഹിപ്പിക്കുന്ന, ദീർഘകാലമായി 'കുടിയേറ്റക്കാരായ' കർഷകർ നടത്തിയ ഭൂമി കൈയേറ്റവും വനനശീകരണവുമാണ് വയനാട്ടിലെ പരിസ്ഥിതി നാശത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വയനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളുടേയും പരമ്പരാഗത ഭൂവുടമകളായ ആയിരക്കണക്കിന് ആദിവാസികളെയാണ് അവരുടെ വാസ സ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിച്ചത്. ജില്ലയിലെ ഫലഭൂയിഷ്ഠമായതും മരങ്ങളുള്ളതുമായ ഭൂമികളുടെ വലിയ ഭാഗങ്ങള്‍ ഇപ്പോള്‍ മതസ്ഥാപനങ്ങളുടെ കൈവശമാണ്. അതിനാൽ പരിസ്ഥിതി ചട്ടങ്ങളെ എതിർക്കുന്നതിൽ നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ടെന്ന് അനുമാനിക്കുന്നതില്‍ തെറ്റു പറയാനാകില്ല.

അശാസ്ത്രീയമായ ടൂറിസത്തിന്റെ ദോഷ ഫലങ്ങള്‍
വയനാടിന്റെ വിനോദസഞ്ചാര സാധ്യതകൾ കണ്ടെത്തിയതിന് ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ സ്ഫോടനാത്മകമായ വളർച്ചയാണ് വിനാശകരമായ ദുരന്തത്തിന്റെ മറ്റൊരു പ്രധാന കാരണം. ഈ ജില്ലയ്ക്ക് താങ്ങാവുന്നതിലും അധികം റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ തുടങ്ങിയവയാണ് ഇപ്പോള്‍ ഇവിടെയുളളത്. മൂന്നാറിലും സമാനമായ രീതിയിലുളള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്നതിനാല്‍ ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു ദുരന്തം ഇവിടെയും കാത്തിരിക്കുന്നു. "വയനാട് പഴയ വയനാടല്ല" എന്ന് ഇത്തരം അശാസ്ത്രീയമായ നിർമ്മാണ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുളള ആളുകള്‍ പറയാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. വിനോദസഞ്ചാരം തുറന്നിട്ടിരിക്കുന്ന സമൃദ്ധിയും തൊഴിലവസരങ്ങളും സ്വാഗതം ചെയ്ത ജില്ലയിലെ ജനങ്ങൾ പാരിസ്ഥിതിക അപകടങ്ങള്‍ വരുത്തിവെക്കുന്ന വിനാശങ്ങളിലും ശ്രദ്ധയൂന്നേണ്ടതുണ്ട്.
എപ്പോഴും ഓര്‍ക്കേണ്ട ഗാഡ്ഗിൽ ശുപാർശകൾ
ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പുനഃപരിശോധിക്കാനുള്ള ശരിയായ സമയമാണിത്. 2010 മാർച്ചിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി രൂപീകരിക്കുന്നത്. 2011 ഓഗസ്റ്റിൽ ഡോ. ഗാഡ്ഗിലും സമിതിയില്‍ അംഗങ്ങളായ ശാസ്ത്രജ്ഞരും അവരുടെ റിപ്പോർട്ട് സമർപ്പിച്ചു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക അവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ പഠന റിപ്പോർട്ടിൽ, പ്രദേശത്തിന്റെ സമ്പന്നമായ ജൈവ വൈവിധ്യവും പാരിസ്ഥിതിക സമഗ്രതയും സംരക്ഷിക്കുന്നതിനുള്ള ആഴത്തില്‍ പഠിച്ച് നിര്‍ദേശിച്ച ശുപാർശകളുടെ ഒരു നീണ്ട പരമ്പരയാണ് ഉളളത്.
അതീവ പാരിസ്ഥിതിക ലോലമായ ഇ.എസ്.ഇസഡ് 1 പ്രദേശങ്ങളില്‍ ഖനനം, താപവൈദ്യുത നിലയങ്ങളുടെ നിർമ്മാണം, വൻകിട നിർമ്മാണങ്ങൾ എന്നിവ പൂർണമായും നിരോധിക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിട്ടുളളത്. ഇ.എസ്.ഇസഡ് 2, ഇ.എസ്.ഇസഡ് 3 പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കർശനമായ നിയന്ത്രണങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. സമിതി നിര്‍ദേശിച്ച സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണ സംരംഭങ്ങളിൽ തദ്ദേശീയ ആളുകളെ ഉൾപ്പെടുത്തുന്നതിന് പ്രാദേശിക തലത്തിലുള്ള ജൈവവൈവിധ്യ പരിപാലന സമിതികൾ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ദുരന്ത പ്രദേശങ്ങളിലെ കാഴ്ച

ഗാഡ്ഗിൽ റിപ്പോർട്ട് ഇന്ത്യയുടെ പാരിസ്ഥിതിക നയ ചട്ടക്കൂടിലെ ഒരു സുപ്രധാന രേഖയാണ്. പാരിസ്ഥിതിക സംരക്ഷണവുമായി വികസന ആവശ്യങ്ങൾ സന്തുലിതമാക്കാൻ ലക്ഷ്യമിട്ടുള്ള ശുപാർശകൾ പശ്ചിമഘട്ടത്തിന്റെ ദീർഘകാല സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും, റിപ്പോർട്ടിന് കടുത്ത എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. പ്രത്യേകിച്ച് നിര്‍മാണ ലോബികൾ, രാഷ്ട്രീയക്കാർ, കത്തോലിക്കാ സഭ പോലുള്ള നിക്ഷിപ്ത താൽപ്പര്യ ഗ്രൂപ്പുകൾ തുടങ്ങിയവയില്‍ നിന്ന് (പ്രതിഷേധങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിൽ ഒരു ബിഷപ്പ് റോഡ് ഉപരോധം നയിച്ചതിന്റെ ചിത്രം മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു). മിക്ക രാഷ്ട്രീയ പാർട്ടികളും ശക്തരും സ്വാധീനവുമുള്ള കുടിയേറ്റ സമൂഹത്തിന്റെ ഹ്രസ്വകാല സാമ്പത്തിക താൽപ്പര്യങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് കൈകൊണ്ടത്, കാലക്രമേണ, `ഗാഡ്ഗിൽ' ഒരു മോശം വാക്കായി മാറുന്ന അവസ്ഥയും ഉണ്ടായി.

കസ്തൂരി രംഗൻ റിപ്പോർട്ട്
2012 ലാണ് ഡോ. കസ്തൂരി രംഗന്റെ നേതൃത്വത്തിൽ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചത്. 2013 ൽ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഗാഡ്ഗിൽ റിപ്പോർട്ട് വളരെയധികം ലഘൂകരിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നതായിരുന്നു കസ്തൂരി രംഗൻ റിപ്പോർട്ട്. എന്നാൽ ഈ റിപ്പോര്‍ട്ടും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ എതിർപ്പിനിരയായി. പതുക്കെ ഡോ. ഗാഡ്ഗിൽ തുടക്കമിട്ട ചരിത്രപരമായ ഉദ്യമം പാഴായ അവസ്ഥ സംജാതമായി.
ഗാഡ്ഗിൽ ശുപാർശകൾ നടപ്പിലാക്കിയാൽ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ആരോഗ്യം ഗണ്യമായി വീണ്ടെടുക്കാമായിരുന്നു. ഇപ്പോള്‍ സംഭവിച്ച ജൂലൈ 30 ലെ ചൂരല്‍മല ദുരന്തം ഒഴിവാക്കാമായിരുന്നു. കേരള സർക്കാർ റിപ്പോർട്ട് ഗൗരവമായി എടുത്താൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകൂ എന്ന 82 കാരനായ ഡോ. ഗാഡ്ഗിലിന്റെ മുന്നറിയിപ്പ് നമ്മള്‍ ഇനിയും അവഗണിക്കരുത്.
ദുരന്തത്തിൽ നിന്ന് ഉയർന്നുവരുന്ന പ്രധാന സൂചനകള്‍ ഇതാണ്: പശ്ചിമഘട്ട മലനിരകളുടെയും വനങ്ങളുടെയും സംരക്ഷണം മാത്രമല്ല, ഗണ്യമായ മനുഷ്യ ജീവനുകളുടെ സംരക്ഷണത്തിനു കൂടി ഇ.എസ്.ഇസഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്ന് വയനാട്, ഇടുക്കി ജില്ലകളിൽ ഫലപ്രദമായി നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Tags:    

Similar News