റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ അടുത്ത മാസമെത്തുമെന്ന് ഡോ. റെഡ്ഡീസ് ലാബ്
ആദ്യ ബാച്ച് റഷ്യയില്‍നിന്ന് ഉടന്‍ ഇറക്കുമതി ചെയ്യുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ ദീപക് സപ്ര. ഈ വര്‍ഷത്തോടെ ഇന്ത്യയില്‍ 13 കോടി ആളുകള്‍ക്ക് ആവശ്യമായ ഡോസുകള്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി. വിശദാംശങ്ങളറിയാം.
ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി ലഭിച്ച റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ അടുത്ത മാസം തന്നെ ഇന്ത്യയില്‍ വിതരണത്തിനെത്തുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ ദീപക് സപ്ര. രാജ്യത്ത് വാക്‌സിന്‍ മേയ് മുതല്‍ ലഭ്യമാകുമെന്നു വിതരണക്കാരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു. വാക്സിന്റെ ആദ്യ ബാച്ച് ഉടന്‍ തന്നെ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദീപക് സപ്ര അറിയിച്ചത്.
'തുടക്കത്തില്‍ പരിമിതമായ അളവിലാകും റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുക. പിന്നാലെ ഇന്ത്യന്‍ നിര്‍മാതാക്കള്‍ ഉല്‍പാദനം ആരംഭിക്കുന്നതോടെ വാക്‌സിന്റെ വിതരണം കൂട്ടും. ഇന്ത്യയില്‍ സ്പുട്നിക് നിര്‍മിക്കുന്നതിന് ആറു നിര്‍മാണ യൂണിറ്റുകള്‍ സജ്ജമാക്കുന്നുമുണ്ട്. ഇതില്‍ രണ്ടെണ്ണം ജൂണ്‍-ജൂലൈയില്‍ തന്നെ വാക്‌സിന്‍ വിതരണത്തിന് തയ്യാറാകും.' സപ്ര പറഞ്ഞു.
2021നകം ഇന്ത്യയില്‍ 12 13 കോടി ആളുകള്‍ക്ക് ആവശ്യമായ ഡോസുകള്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ സപ്ര, ആദ്യ ബാച്ചില്‍ ഇറക്കുമതി ചെയ്യുന്ന എണ്ണം എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. വില സംബന്ധിച്ചും പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. മെയ് മുതല്‍ വിപണിയില്‍ സ്പുട്‌നിക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദിക്കുന്നവയാകും കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മേഖലയും പങ്കിടുക.