കടലിനടിയിലെ ശത്രുനീക്കം പ്രതിരോധിക്കാന്‍ കൊച്ചിയിലെ ഈ സ്റ്റാര്‍ട്ടപ്
പുതിയ സജ്ജീകരണം തയാറാക്കി സേനക്ക് കൈമാറും
കടലിനടിയിലെ നിരീക്ഷണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണ പദ്ധതിക്ക് കൊച്ചിയിലെ ഇറോവ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (IROV Technologies Private Limited) എന്ന സംരംഭത്തിനാണ് അനുമതി ലഭിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടേതാണ് അനുമതി.
വെള്ളത്തിനടിയിലെ ശത്രു സാമഗ്രികള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിന് റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തില്‍ വിദൂരത്തു നിന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രം വികസിപ്പിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ഇത്തരമൊരു സംവിധാനം ശത്രുനീക്കം നിര്‍വീര്യമാക്കി രാജ്യത്തിന്റെ പ്രതിരോധ സന്നാഹങ്ങള്‍ക്ക് ശക്തി പകരുമെന്ന് ഡി.ആര്‍.ഡി.ഒ വിശദീകരിച്ചു. യന്ത്രം ഇന്ത്യന്‍ സേനക്ക് മുതല്‍ക്കൂട്ടാവും.
ഇന്ത്യയില്‍ തെരഞ്ഞെടുത്ത ഏഴ് സ്ഥാപനങ്ങളിലൊന്ന്
ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനത്തിന് ഡി.ആര്‍.ഡി.ഒയുടെ ടെക്‌നോളജി വികസന നിധിയില്‍ നിന്ന് 10 കോടി രൂപ വരെ ലഭിക്കും. രണ്ടു വര്‍ഷത്തിനകം നിശ്ചിത സംവിധാനം അന്തിമമായി രൂപപ്പെടുത്തി ഡി.ആര്‍.ഡി.ഒക്ക് കൈമാറണം.
രാജ്യത്തെ ഏഴ് ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയുമാണ് നൂതന പ്രതിരോധ സാമഗ്രികള്‍ വികസിപ്പിക്കാന്‍ ഡി.ആര്‍.ഡി.ഒ തെരഞ്ഞെടുത്തത്. ഡല്‍ഹിക്കടുത്ത നോയിഡയിലെ ഓക്‌സിജന്‍ 2 പ്രൈവറ്റ് ലിമിറ്റഡ്, സാഗര്‍ ഡിഫന്‍സ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈയിലെ ഡാറ്റാ പാറ്റേണ്‍ ഇന്ത്യ ലിമിറ്റഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.