റഷ്യന്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്ഇന്ത്യയില്‍ അനുമതിയില്ല!

Update: 2020-10-08 07:33 GMT

ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ എന്ന പേരില്‍ റഷ്യ വിപണിയിലിറക്കിയ സ്ഫുട്‌നിക് 5 വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാനുള്ള ശ്രമം പാളി. മനുഷ്യരില്‍ വന്‍തോതില്‍ പരീക്ഷിക്കാനുള്ള അനുമതി തേടി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നല്‍കിയ അപേക്ഷ ദി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) തള്ളി. അതേസമയം ചെറിയ പരീക്ഷണങ്ങള്‍ നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം.

വാക്‌സിന്‍ റഷ്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ വന്‍തോതില്‍ പരീക്ഷിച്ച വിജയിച്ചുവെന്നതിനുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ചെറു ഗ്രൂപ്പുകളില്‍ പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വന്‍കിട പരീക്ഷണം അനുവദിക്കാനാവില്ലെന്നുമാണ് സിഡിഎസ്‌സിഒയുടെ നിലപാട്.
വാക്‌സിന്‍ രാജ്യാന്തര വിപണിയില്‍ പെട്ടെന്ന് എത്തിക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയായി ഇത്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍, നേരത്തെ കണക്കുകൂട്ടിയ സമയത്ത് സ്ഫുട്‌നിക് 5 വിപണിയിലെത്തിക്കാന്‍ ഇനിയാവില്ല.

റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഡോ റെഡ്ഡീസും സംയുക്തമായാണ് രാജ്യത്ത് 100 മില്യണ്‍ ഡോസ് നല്‍കി പരീക്ഷണം നടത്താനുള്ള ശ്രമം നടത്തിയത്. അതിനു ശേഷം 2020 അവസാനത്തോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാവുമെന്നും അവര്‍ കണക്കുകൂട്ടി.
നേരത്തെ, ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന് റെഗുലേറ്ററി അനുമതി നല്‍കിയ റഷ്യയുടെ നടപടി വിവാദമായിരുന്നു. വന്‍തോതിലുള്ള പരീക്ഷണങ്ങള്‍ നടത്താതെയാണ് വാക്‌സിന് അനുമതി നല്‍കിയതെന്നാണ് ശാസ്ത്രജ്ഞരും ഡോക്റ്റര്‍മാരും കുറ്റപ്പെടുത്തിയത്.

അതേസമയം ഇന്ത്യയില്‍ കോവിഡില്‍ നിന്ന് മുക്തരാവുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. മേയ് മാസത്തില്‍ 50,000 പേര്‍ക്കാണ് രോഗം ഭേദമായതെങ്കില്‍ ഒക്ടോബര്‍ ആയപ്പോഴേക്ക് അത് 57 ലക്ഷത്തിലെത്തി. ഇപ്പോള്‍ ഓരോ ദിവസം മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ രോഗമുക്തി നേടുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ 9.08 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 57.45 ലക്ഷം പേര്‍ രോഗമുക്തരായപ്പോള്‍ 1.05 ലക്ഷം പേര്‍ മരണമടഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News