ഉല്‍സവ നാളുകള്‍ ഇങ്ങെത്താറായി; ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബറില്‍
38 ദിവസത്തെ ഫെസ്റ്റിവല്‍ വിജയിപ്പിക്കാന്‍ ആഗോള ബ്രാന്റുകള്‍
ലോക വാണിജ്യ, ടൂറിസം രംഗത്തെ മുന്‍നിര ഇവന്റുകളിലൊന്നായ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് അരങ്ങൊരങ്ങുന്നു. പുത്തന്‍ ഷോപ്പിംഗ് അനുഭവങ്ങളും ആഘോഷ വേളകളുമൊരുക്കി പുതു വര്‍ഷത്തോനുബന്ധിച്ച് നടത്തുന്ന ഫെസ്റ്റിവല്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍. ഡിസംബര്‍ ആറ് മുതല്‍ ജനുവരി 12 വരെ 38 ദിവസങ്ങളിലാണ് ഇത്തവണ ഫെസ്റ്റിവല്‍. അനുബന്ധ പരിപാടികളുടെ വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 30-ാം വാര്‍ഷികമാണ് ഇത്തവണ. ദുബൈ നഗരത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളുന്ന രീതിയിലുള്ള ആഘോഷമാണ് സംഘടിപ്പിക്കുന്നത്.
1,000 ബ്രാന്റുകള്‍, 300 ലറെ സ്‌റ്റേജ് ഷോകള്‍
ആഗോള ബ്രാന്റുകളെ അണിനിരത്തി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. അന്താരാഷ്ട്ര-പ്രാദേശിക ഖ്യാതിയുള്ള 1,000 ബ്രാന്റുകള്‍ ഇത്തവണ ഫെസ്റ്റിവലില്‍ പങ്കാളികളാകും. ആഘോഷരാവുകളില്‍ ആവേശം വിതറാന്‍ 321 സ്റ്റേജ് ഷോകളും ഒരുക്കുന്നുണ്ട്. ലോകപ്രശസ്ത സംഗീത ബാന്റുകള്‍ അരങ്ങിലെത്തും. പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധിപ്പിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകള്‍ ഇത്തവണയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡ്രോണ്‍ ഷോ കളറാകും
വിസ്മയകരമായ ഡ്രോണ്‍ ഷോകളായിരിക്കും ഇത്തവണ ഫെസ്റ്റിവലിലെ ആകര്‍ഷണങ്ങളിലൊന്ന്. ഇതിനായി വിവിധ കമ്പനികളും കലാകാരന്‍മാരും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ദുബൈ നഗരം പൂര്‍ണ്ണമായും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. പ്രത്യേക ഫുഡ് ഫെസ്റ്റിവലുകളും ബീച്ചുകള്‍ കേന്ദ്രീകരിച്ച് ഉല്ലാസ പരിപാടികളും ദിവസേന കരിമരുന്ന് പ്രയോഗവുമുണ്ടാകും. വമ്പന്‍ സമ്മാനങ്ങളുള്ള ഷോപ്പിംഗ് മല്‍സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകും. ശൈത്യകാലത്ത് വിരുന്നെത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബൈ ടൂറിസം വകുപ്പും വാണിജ്യ ലോകവും.