400 ടെര്‍മിനല്‍ ഗേറ്റുകള്‍, 5 സമാന്തര റണ്‍വേകള്‍, ചുറ്റും പുതുനഗരം; ദുബൈയിലെ പുതു വിമാനത്താവളത്തിന് സവിശേഷതകളേറെ
2.9 ലക്ഷം കോടി രൂപയാണ് പുതിയ വിമാനത്താവളത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാന്‍ ദുബൈ. അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരിലാകും പുതിയ എയര്‍പോര്‍ട്ട് അറിയപ്പെടുക. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് എക്‌സിലൂടെയാണ് പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
തെക്കന്‍ ദുബൈയില്‍ ജബര്‍ അലി തുറമുഖത്തിനും എക്‌സ്‌പോ വേദിക്കും അടുത്തായിട്ടാണ് പുതിയ വിമാനത്താവളം വരുന്നത്. നിര്‍മ്മാണം കഴിയുന്നതോടെ നിലവിലുള്ള എയര്‍പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങള്‍ പതിയെ ഇവിടേക്ക് മാറ്റും. ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകളായിരിക്കും അല്‍ മുക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സജ്ജീകരിക്കുകയെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കി.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
നിലവിലുള്ള വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പമാകും അല്‍ മക്തൂം വിമാനത്താവളത്തിന് ഉണ്ടാകുക. പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 26 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. പത്തുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചെലവ് 2.9 ലക്ഷം കോടിരൂപ
2.9 ലക്ഷം കോടി രൂപയാണ് പുതിയ വിമാനത്താവളത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിനൊപ്പം തെക്കന്‍ ദുബൈയില്‍ വിശാലമായ എയര്‍പോര്‍ട്ട് സിറ്റിയും വിഭാവനം ചെയ്യുന്നുണ്ട്. 10 ലക്ഷം പേര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ലോജിസ്റ്റിക്, എയര്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയുടെ കേന്ദ്രമായി ഇവിടം മാറുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
അഞ്ച് സമാന്തര റണ്‍വേകളും 400 എയര്‍ക്രാഫ്റ്റ് ഗേറ്റുകളും പുതിയ വിമാനത്താവളത്തിനുണ്ടാകും. നിലവിലെ ദുബൈ വിമാനത്താവളത്തിന് 45 കിലോമീറ്റര്‍ അകലെയായി 2010ല്‍ അല്‍ മക്തൂം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൊവിഡ് സമയത്ത് വിമാനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലമായി ഇവിടം ഉപയോഗിച്ചിരുന്നു. ചരക്ക് വിമാനങ്ങളാണ് പ്രധാനമായും ഇവിടേക്ക് ഇപ്പോള്‍ വരുന്നത്. ദുബൈയില്‍ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ വിമാനത്താവളത്തിന് സാധിക്കും.