ബിഎംഡബ്ല്യൂവില്‍ വരുന്ന എഴുത്തുകാരന്‍; നീലച്ചടയന്റെ സാമ്പത്തിക ശാസ്ത്രം

'പൈസയാണ് ഞാന്‍ ഏറ്റവും പ്രധാനമായി കാണുന്നത്. അത് പറയുമ്പോള്‍ പലരും വിമര്‍ശിക്കാറുണ്ട്. നിങ്ങളുടെ മനസിനകത്ത് അത്തരം ഒരു കാര്യം ഉണ്ടെങ്കില്‍ പോലും പുറത്ത് പറയാന്‍ പാടില്ലെന്ന് പറയും. എഴുത്തുകാര്‍ ദരിദ്രരായിരിക്കണം എന്ന ചിന്ത മലയാളത്തില്‍ പൊതുവെ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ബിഎംഡബ്ല്യൂവില്‍ വരുന്ന ഒരു എഴുത്തുകാരനെ കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഇതിനും മുന്‍പേ ഞാന്‍ എഴുത്തിലേക്ക് വരുമായിരുന്നു.' അഖിലുമായി സാഹിത്യത്തെ കുറിച്ചല്ല, പണത്തെ കുറിച്ചാണ് സംസാരിച്ചത്. എഴുത്തിലൂടെ പൈസ ഉണ്ടാക്കുന്നതിനെ കുറിച്ചാണ്

Update:2022-12-27 14:43 IST

വെറും രണ്ട് പുസ്തകങ്ങള്‍ കൊണ്ട് തന്നെ മലയാളി വായനയുടെ ഭാഗമായി മാറിയ എഴുത്തുകാരനാണ് അഖില്‍.കെ. 20000 രൂപ മുടക്കി പേ&പബ്ലിഷിങ്ങിലൂടെ പുറത്തിറക്കിയ ആദ്യ കഥാസമാഹാരം നീലച്ചടയന്‍, മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച സിംഹത്തിന്റെ കഥ (നോവല്‍), പുതിയ നോവല്‍ വായനക്കാരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അഖിലുമായി സംസാരിക്കുന്നത്. ഞങ്ങള്‍ സംസാരിച്ചത് സാഹിത്യത്തെ കുറിച്ചല്ല, പണത്തെക്കുറിച്ചാണ്. എഴുത്തിലൂടെ പൈസ ഉണ്ടാക്കുന്നതിനെ കുറിച്ചാണ്.

പൈസയ്ക്ക് വേണ്ടി മാത്രമാണ് എഴുതുന്നത്

പൈസയാണ് ഞാന്‍ ഏറ്റവും പ്രധാനമായി കാണുന്നത്. അത് പറയുമ്പോള്‍ പലരും വിമര്‍ശിക്കാറുണ്ട്. നിങ്ങളുടെ മനസിനകത്ത് അത്തരം ഒരു കാര്യം ഉണ്ടെങ്കില്‍ പോലും പുറത്ത് പറയാന്‍ പാടില്ലെന്ന് പറയും. ഏതൊരു ജോലിയും, പ്രത്യേകിച്ച് എഴുത്ത് അത് പൈസക്ക് വേണ്ടി ചെയ്യണം എന്നാണ് അഭിപ്രായം. കാരണം അത് നമ്മുടെ വര്‍ക്കിന്റെ ക്വാളിറ്റി ഭയങ്കരമായി വര്‍ധിപ്പിക്കും. സംതൃപ്തിക്ക് വേണ്ടിയിട്ടാണ് എഴുത്തിനെ സമീപിക്കുന്നതെങ്കില്‍ എന്തുവേണമെങ്കിലും ചെയ്യാം. പക്ഷെ അതില്‍ നിന്ന് പൈസ കിട്ടണം എന്ന ധാരണയില്‍ ചെയ്യുകയാണെങ്കില്‍ മികച്ച വര്‍ക്ക് മാത്രമെ ചെയ്യു. അല്ലെങ്കില്‍ തള്ളിപ്പോവും. തൃപ്തിക്ക് വേണ്ടി എഴുതുന്നവരുണ്ട്. അവരും പണം ആഗ്രഹിക്കുന്നുണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് കിട്ടുന്ന തുക കൂടണമെങ്കില്‍ അടുത്ത വര്‍ക്ക് മികച്ചതായിരിക്കണം. കാരണം നമ്മുടെ പേരിന്റെ പുറത്ത് ആളുകള്‍ക്ക് വിശ്വാസമുണ്ടാവുമ്പോഴാണ് പുസ്തകങ്ങള്‍ കൂടുതലായി വിറ്റഴിയുന്നത്. ആ വിശ്വാസം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് പണം നേടണമെന്ന് ആഗ്രഹിക്കുമ്പോഴാണ്. പണം ആഗ്രഹിച്ചാണ് വര്‍ക്ക് ചെയ്യുന്നതെങ്കില്‍ അത് തുറന്ന് പറയുന്നത് സത്യസന്ധതയുടെ ഭാഗമാണെന്നാണ് വിശ്വാസം.

എഴുത്ത് കൊണ്ട് ജീവിക്കാന്‍ പറ്റില്ല എന്നത് ഒരു കളവാണ്

വലിയ പേരുള്ള ആളുകള്‍ക്ക് മാത്രമേ എഴുത്ത് കൊണ്ട് ജീവിക്കാന്‍ പറ്റൂ എന്നത് വലിയൊരു കള്ളമാണെന്നാണ് എനിക്ക് തോന്നിയത്. വലിയ പേരില്ലാത്ത എഴുത്തുകാര്‍ക്ക് കൂടി ജീവിക്കാനുള്ള വരുമാനം ഇപ്പോള്‍ മലയാളത്തില്‍ നിന്ന് കിട്ടുന്നുണ്ട്. 20000 രൂപ മുടക്കിയ ആദ്യ പുസ്തകം നീലച്ചടയനില്‍ നിന്ന് ഇതുവരെ 2 ലക്ഷം രൂപയ്ക്ക് മുകളില്‍ ലഭിച്ചു. പുസ്തകം നമ്മള്‍ തന്നെ പ്രിന്റ് ചെയ്ത് വില്‍ക്കുവാണെങ്കില്‍ സ്വപ്നം കാണാന്‍ പറ്റാത്തത്ര തുക അതില്‍ നിന്ന് ലഭിക്കും. ആ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള കഴിവ് വേണം. സിംഹത്തിന്റെ കഥ ഒരു എഡീഷന് എനിക്ക് 40000 രൂപയാണ് കിട്ടുന്നത്. ഈ ഒറ്റവര്‍ഷം 5 എഡീഷന്‍ പോയി. ഒരു രണ്ട് ലക്ഷം കിട്ടും. ഒരു വര്‍ഷം 2 ലക്ഷം രൂപയെന്ന് പറഞ്ഞാല്‍ എന്നെപ്പോലെ കൂലിപ്പണി എടുത്ത് ജീവിക്കുന്ന ഒരാള്‍ക്ക് വലിയ തുകയാണ്.

എഴുത്ത് വളരെ ലളിതമായിട്ടുള്ള പരിപാടിയാണ്, വരുമാനം വന്നുകൊണ്ടേയിരിക്കും

താരതമ്യേന എഴുത്ത് വളരെ ലളിതമായിട്ടുള്ള പരിപാടിയാണ്. ഇത് ഭയങ്കര കഷ്ടപ്പാടാണെന്ന് പൊതുവെ ആളുകള്‍ പറായാറുണ്ട്. അത്രയും കഷ്ടപ്പാടുള്ള ജോലി ഇവര്‍ ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നതെന്നാണ് തോന്നുന്നത്. ഞാന്‍ ചെയ്യുന്ന ജോലികള്‍ വളരെയധികം അധ്വാനം വേണ്ടവയാണ്. ജെസിബി ഡ്രൈവറാണ്. അല്ലാത്ത സമയം പെയിന്റിംഗിന് പോവും. കല്‍പ്പണിക്ക് പോവും. അതുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് മണിക്കൂര്‍ ഇരുന്ന് എഴുതുക എന്ന് പറയുന്നത് ഒരു ജോലിയേ അല്ല.

ഞാന്‍ പൈസയുടെ കാര്യം മനസില്‍ വെച്ചിട്ടാണ് എഴുതാന്‍ ഇരിക്കുന്നത്. എനിക്ക് ഇഷ്ടം ചെറുകഥ എഴുതാനാണ്. ഇപ്പോള്‍ ചെയ്യുന്നത് നോവല്‍ ആണ്. അത് സാമ്പത്തിക നേട്ടം നോക്കിത്തന്നെയാണ്. നോവല്‍ ആവുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ പേജുകള്‍ ചെയ്യാം. കൂടുതല്‍ വരുമാനം നോവലില്‍ നിന്നാണ് വരുന്നത്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നിലനില്‍ക്കണമെങ്കില്‍ നോവല്‍ എഴുതുന്നതാണ് ഉചിതമെന്ന തോന്നലില്‍ നോവലിലേക്ക് മാറിയതാണ്.

എഡീഷനുകളുടെ എണ്ണം, റോയല്‍റ്റി ശതമാനം , പേജുകളുടെ എണ്ണം ഇതൊക്കെ അനുസരിച്ച് ലഭിക്കുന്ന തുകയില്‍ വ്യത്യാസം വരും. 200 പേജുള്ള നോവലിന്റെ ഒരു എഡീഷനില്‍ നിന്ന് 40000 രൂപ കിട്ടുമെങ്കില്‍ 400 പേജാണെങ്കിലോ..? ഇരട്ടി കിട്ടും. പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇപ്പോള്‍ അത് ചെയ്ത് കഴിഞ്ഞു..അതില്‍ നിന്ന് ഒരു വരുമാനം വരുന്നു... നമ്മള്‍ ഒരു ക്വാളിറ്റിയുള്ള റൈറ്റര്‍ ആണെങ്കില്‍ പഴയ പുസ്തകങ്ങളില്‍ നിന്നും വരുമാനം വന്നുകൊണ്ടേയിരിക്കും. ഉദാഹരണത്തിന് ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങള്‍. അതില്‍ നിന്ന് ഈ വര്‍ഷം ഒരു വരുമാനം ഉണ്ടെന്ന് വെക്കുക. അതേ പോലെ തന്നെ മാര്‍ക്കറ്റില്‍ പോകുന്ന അദ്ദേഹത്തിന്റെ വേറെയും ബുക്കുകള്‍ ഉണ്ടാവാം. അതില്‍ നിന്നൊക്കെയുള്ള വരുമാനം ഇതേ വര്‍ഷം തന്നെ ലഭിക്കും. നമ്മള്‍ മുന്നിലേക്ക് പോവുന്നത് അനുസരിച്ച് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത അത്ര ഭീകരമായ വരുമാനം ഇതില്‍ നിന്ന് കിട്ടും. സിനിമ ആണെങ്കില്‍ അത് എഴുതുന്ന സമയത്ത് മാത്രമാണ് നേട്ടം. 10 വര്‍ഷം കഴിഞ്ഞും നമ്മള്‍ എഴുതിയ പുസ്തകം മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ വരുമാനം വന്നുകൊണ്ടേയിരിക്കും. സിംഹത്തിന്റെ കഥപോലെ അഞ്ച് ബുക്ക് ഉണ്ടെങ്കില്‍ 10 ലക്ഷം രൂപ വരെ കിട്ടാം. അത് വലിയൊരു തുകയല്ലെ...

ബ്രാന്‍ഡ് ബില്‍ഡ് ചെയ്യാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നുണ്ട്

2022ല്‍ പുസ്തകം തരുമോ എന്ന് 6 പ്രസാധകര്‍ ചോദിച്ചിരുന്നു (ഈ വര്‍ഷം അഖിലിന് പുസ്തകങ്ങള്‍ ഇല്ല). എനിക്ക് സാമ്പത്തികമായി ഒരു താല്‍പ്പര്യം ഇല്ലെങ്കില്‍, എന്റെ പേരില്‍ നല്ല ക്വാളിറ്റിയുള്ള വര്‍ക്ക് ഉണ്ടെങ്കിലേ ലോംഗ് റണ്ണില്‍ സാമ്പത്തികമായി ഗുണമുണ്ടാകു എന്ന് ഞാന്‍ കരുതുന്നില്ല എങ്കില്‍, എന്റെ സംതൃപ്തിക്ക് മാത്രാണ് എഴുതുന്നതെങ്കില്‍ നാല് പ്രസാധകര്‍ക്കെങ്കിലും വര്‍ക്ക് കൊടുക്കാം. അങ്ങനെ ചെയ്താല്‍ ആ വര്‍ക്ക് അത്രയും ഗംഭീരമായിരിക്കില്ല. ഇപ്പോള്‍ ചെറിയൊരു വരുമാനം ലഭിക്കുമെങ്കിലും... ഏറ്റവും ക്വാളിറ്റിയുള്ള വര്‍ക്ക് കൊടുത്താല്‍ മാത്രമേ നാളെ എന്റെ പേരില്‍ ഒരു സെയില്‍ നടക്കൂ. അതിന്റെ പേരില്‍ ഒരാള്‍ക്ക് മാത്രം പുസ്തകം കൊടുക്കാം എന്നാണ് തീരുമാനിച്ചത്. പേരിലെ വിശ്വാസ്യത മാര്‍ക്കറ്റില്‍ ഗുണം ചെയ്യും എന്ന ധാരണ ഉള്ളത് കൊണ്ടാണ് ആ തീരുമാനം എടുത്തത്. വിവിധ പ്രസാധകര്‍ക്ക് ഇത്തരത്തില്‍ 3-4 വര്‍ക്കുകള്‍ ഒരു വര്‍ഷം നല്‍കുന്ന എഴുത്തുകാര്‍ ഉണ്ട്. സൂക്ഷ്മമായി നോക്കിയപ്പോള്‍ അവരുടെ വര്‍ക്കിന് ആ ക്വാളിറ്റി കീപ്പ് ചെയ്യാന്‍ പറ്റുന്നില്ല.

വിദ്യാഭ്യാസം ഇല്ലാത്ത ഒരാള്‍ക്കും സാമ്പത്തികമായി അഭിവൃദ്ധി  ഉണ്ടാക്കാന്‍ പറ്റുന്ന തൊഴില്‍

പഠിക്കുമ്പോ തൊട്ട് എഴുത്തുകാരനാകണം എന്നതായിരുന്നു ആഗ്രഹം. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. ആ സമയത്ത് എഴുത്തിന് ഗുണം ചെയ്യുമെന്ന ധാരണയിലാണ് പ്ലസ്ടുവിന് ഹ്യൂമാനിറ്റീസ് എടുത്തത്. വലിയ വിദ്യാഭ്യാസം ഇല്ലാത്ത ഒരാള്‍ക്കും സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാക്കാന്‍ പറ്റുന്ന എന്ത് തൊഴിലാണ് ഉള്ളത് എന്ന് ചിന്തിച്ചപ്പോഴാണ് എഴുത്തിലേക്ക് വരണം എന്ന് തോന്നിയത്. ആളുകള്‍ ജന്മനാ ടാലന്റ് എന്ന് പറയില്ലെ, അത്തരം ഒരു ടാലന്റ് ചെറുപ്പകാലത്ത് പ്രകടപ്പിച്ച ആളല്ലായിരുന്നു താന്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള ഗ്രന്ഥശാലയില്‍ കുറച്ചുകാലം ലൈബ്രേറിയനായി ജോലി ചെയ്തിരുന്നു. അന്ന് വായിക്കാറില്ലായിരുന്നെങ്കിലും പുസ്തകങ്ങളുടെ വില നോക്കുമായിരുന്നു. എഴുതുന്ന ആള്‍ക്കും എന്തെങ്കിലും കിട്ടുമല്ലോ എന്ന് വിചാരിച്ചിട്ടുമുണ്ട്.

എഴുത്ത് പ്ലാന്‍ ബി

താല്‍പ്പര്യം സിനിമ എഴുതാനായിരുന്നു. സിനിമ എഴുതിയാല്‍ ഒരുപാട് പൈസ കിട്ടുമെന്ന് അന്നേ അറിയാമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് എഴുത്തുകാരുടെ ഇന്റര്‍വ്യൂ ഒക്കെ വായിച്ചപ്പോ അതിലൊക്കെ എല്ലാരും പറയുന്നത് എഴുത്തില്‍ നിന്ന് ഒരു വരുമാനം കിട്ടില്ല..നമുക്ക് എഴുത്ത് കൊണ്ട് ജീവിക്കാന്‍ പറ്റില്ല എന്നാണ്. സ്വാഭാവികമായും എഴുത്തിലുള്ള താല്‍പ്പര്യം കുറഞ്ഞ ഒരു കാലഘട്ടമുണ്ടായി. എഴുത്തുകൊണ്ട്  ജീവിക്കാന്‍ പറ്റുമെന്ന് മനസിലായത് എഴുത്തില്‍ നിന്ന് വരുമാനം വന്ന് തുടങ്ങിയപ്പോഴാണ്. സത്യത്തില്‍ ഇഷ്ടമുള്ള ഒരു പരിപാടിയല്ല എഴുതാനിരിക്കുന്നത്. അതുകൊണ്ട് തന്നെ എഴുതുന്ന സമയത്ത് എനിക്ക് ഒരു സന്തോഷം കിട്ടാറില്ല. ഒരു ജോലി ചെയ്യുന്നത് പോലെയാണ് തോന്നാറ്. ഇഷ്ടം ഡ്രൈവിംഗാണ്. പക്ഷെ ഇതില്‍ നിന്ന് പൈസ വന്ന് തുടങ്ങിയ ശേഷം എനിക്കത് വളരെ രസമുള്ള ഒരു പരിപാടിയായി തോന്നിയിട്ടുണ്ട്.

പ്ലാന്‍ ബി ആയാണ് എഴുത്തിനെ കണ്ടിരുന്നത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോ മുതല്‍ കഥപറയാന്‍ സംവിധായകരുടെ അടുത്ത് പോയിട്ടുണ്ട്. അന്നും പ്രശ്നം പണമായിരുന്നു. വളരെ മോശമായിട്ടാണ് അവരൊക്കെ പെരുമാറിയത്. ഇരുന്ന് സംസാരിക്കാന്‍ അവസരം തരില്ല. കാണുമ്പോ ഒരു മതിപ്പില്ല. ചെരുപ്പില്ല,നല്ല ഡ്രസ്സുണ്ടാകില്ല...... എന്റെ വിചാരം നല്ല ഡ്രസ്സിട്ട് പോയാല്‍ അംഗീകരിക്കും എന്നായിരുന്നു. എഴുത്തില്‍ വന്ന ശേഷം സിനിമയോട് ഉണ്ടായിരുന്ന സാമ്പത്തികമായ ആ ഒരു താല്‍പ്പര്യം ഇപ്പോഴില്ല. കാരണം എഴുത്തില്‍ നിന്നാല്‍, നല്ലൊരു പേര് വന്നാല്‍ സിനിമയെ വെല്ലുന്ന പ്രതിഫലം ഇതില്‍ നിന്ന് കിട്ടും.

പണത്തിനോട് ആരാധന

പണമാണ് പ്രധാനപ്പെട്ട നോട്ടം. അതിലേക്ക് നയിച്ച ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ഞാന്‍ വളരെ നല്ലോണം പഠിക്കുമായിരുന്നു, ശരാശരിക്ക് മുകളില്‍. അമ്മ ജോലിക്ക് പോയിട്ടാണ് എന്നെ  വളര്‍ത്തിയത്. കോളജിലൊക്കെ പഠിക്കാന്‍ പോവുക എന്നത് എന്റെ അമ്മയ്ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറത്തായിരുന്നു. അനിയനും പഠിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും പണത്തിനോട് ഒരു ബഹുമാനമുണ്ട്.പണത്തിന്റെ വില അറിയാം. പണത്തിന്റെ തികഞ്ഞ ഒരു ആരാധകനാക്കി മാറ്റിയ ഒരു സംഭവം വളരെ ചെറുപ്പത്തിലെ ഉണ്ടായിട്ടുണ്ട്. നാട്ടില്‍ ഒരു വോളിബോള്‍ മത്സരം നടക്കുകയാണ്. കുറേ ചേട്ടന്മാര്‍ ചേര്‍ന്ന് കരിക്ക് വില്‍ക്കാല്‍ വെച്ചിട്ടുണ്ട്. കടയിലൊക്കെ ഒരു സാധനം കണ്ടാല്‍ അത് വാങ്ങിക്കണമെന്ന് എനിക്ക് തോന്നാറില്ല കാരണം അത് നടക്കില്ലെന്ന് അറിയാം. അന്ന് പക്ഷെ കരിക്കിന്റെ കാമ്പ് കഴിക്കണമെന്ന് ഒരു മോഹം തോന്നി. കരിക്കിന്റെ വില തിരക്കിയിട്ട് അത് വീട്ടില്‍ വന്ന് പറഞ്ഞു.

അമ്മേടെ കയ്യില്‍ പൈസയില്ലായിരുന്നു.അപ്പുറത്തെ വീട്ടില്‍ നിന്ന് വാങ്ങി പൈസ തന്നെങ്കിലും അന്ന് ആ ചേട്ടന്മാര്‍ പറഞ്ഞ അത്രയും തുക അമ്മ തന്നില്ല. ആ പൈസയും കൊണ്ട് ചെന്ന്, ഇതിനുള്ള ഒരു കരിക്ക് തരാന്‍ പറഞ്ഞു. കുറെ തപ്പിയിട്ട് അവര്‍ ഒരു ചെറിയ കരിക്ക് എടുത്ത് തന്നു. എനിക്ക് കരിക്കിന്റെ വെള്ളം വേണ്ടായിരുന്നു. അത് ഒരു ഫ്രണ്ടിന് കൊടുത്തു. കരിക്ക് വെട്ടിയിട്ട് ഉള്ളിനെ കാമ്പ് കഴിക്കാനുള്ള പ്ലാനിലാണ് ഞാന്‍ നിന്നത്. എന്നാല്‍ കരിക്ക് പൊട്ടി ച്ചപ്പോ കണ്ണുനിറഞ്ഞ് പോയി. അതിനകത്ത് ഒന്നുമില്ലായിരുന്നു. ആകെ വല്ലാണ്ടായി പോയി. അവര്‍ക്കും മനസിലായി ഞാന്‍ ഇത് പ്രതീക്ഷിച്ചാണ് നില്‍ക്കുന്നത്. അവരെല്ലാരും കൂടി എന്ന ഒരുപാട് കളിയാക്കി.

അത് കഴിക്കാന്‍ പറ്റാത്തതിലും വിഷമം അവര്‍ കളിയാക്കിയതായിരുന്നു. അന്ന് മനസിലായതാണ് പണം ഉണ്ടെങ്കിലേ ആഗ്രഹങ്ങള്‍ സാധിക്കാന്‍ പറ്റൂ എന്ന്. പണത്തിനോട് തികഞ്ഞ ആരാധന തോന്നുന്നത് ഇതോടെയാണ്. പണമില്ലെങ്കില്‍ അപമാനിക്കപ്പെടും എന്ന് മനസിലായി. അത് ശരിവെക്കുന്ന കുറെ അനുഭവങ്ങളും ജീവിതത്തിലുണ്ടായി. പണം അത് വലിയ അളവുകോലാണല്ലോ...

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്

സോഷ്യല്‍ മീഡിയയെ മാര്‍ക്കറ്റിംഗിനായി ഉപയോഗിച്ചിട്ടില്ല. അങ്ങനെ പറയാന്‍ കാരണം..സാധാരണ നമ്മുടെ പുസ്തകം വന്നുകഴിഞ്ഞാല്‍ ആള്‍ക്കാരോട് റിവ്യൂ ചോദിക്കാം.എന്റെ പുസ്തകത്തിന് റിവ്യൂ ഇടുമോ എന്ന് ഇതുവരെ ആരോടും ചോദിച്ചിട്ടില്ല. ഇന്നിതുവരെ ആരോടും എന്റെ പുസ്തകം വാങ്ങുമോ എന്ന് ചോദിച്ചിട്ടില്ല. ആ രീതിയിലുള്ള ഒരു മാര്‍ക്കറ്റിംഗ് ഞാന്‍ ഫേസ്ബുക്കില്‍ ചെയ്യാറില്ല. അത് ദോഷം മാത്രമേ ചെയ്യു. അല്‍പ്പകാലത്തേക്ക് മാത്രമേ അത് നിലനില്‍ക്കു. സാമ്പത്തികമായി നേട്ടമുണ്ടാക്കണമെങ്കില്‍ അല്‍പ്പകാലത്തേക്ക് നിന്നാല്‍ പോര. പ്രത്യേകിച്ച് എഴുത്തുപോലെ നമ്മുടെ പേര് വര്‍ധിച്ചാല്‍ കൂടുതല്‍ സെയിലുണ്ടാകുന്ന മേഖലയില്‍. മാര്‍ക്കറ്റിംഗിന് കാണിക്കുന്ന അധ്വാനം എഴുതുന്ന സമയത്ത് ഇട്ട് കഴിഞ്ഞാല്‍ ആ പുസ്‌കതം തനിയേ പോവും. മൗത്ത് പബ്ലിസിറ്റിവഴിയാണ് പുസ്തകങ്ങള്‍ പോവുന്നത്.

ആളുകള്‍ പരസ്പരം സംസാരിക്കുമ്പോ പറയണം നീ ഇന്ന പുസ്തകം വായിച്ചില്ലേ, അതൊരു ഗംഭീര സാധനമാണെന്ന്. ഈ ഒരു സാധനം ഒരിക്കലും മാര്‍ക്കറ്റിംഗിലൂടെ ഉണ്ടാക്കാന്‍ സാധിക്കില്ല. എന്റെ ജീവിതത്തിലോ എനിക്ക് നേരിട്ട് അറിയാവുന്ന ആളുകളുടെ ജീവിത്തിലോ ശരിക്കും നടന്നിട്ടുള്ള സംഭവങ്ങള്‍ എടുത്ത് മാത്രമാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. അത് പുസ്തകമായി വന്നുകഴിഞ്ഞാല്‍ ആള്‍ക്കാരുമായി കണക്ട് ചെയ്യുമെന്ന് ഉറപ്പാണ്.

ഒരു 100 രൂപ അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് എഴുത്തുകാരന്‍ മനസിലാക്കണം. ഒരു എഡീഷനില്‍ 1000 കോപ്പി വില്‍ക്കുമ്പോ അത് വാങ്ങുന്നവരില്‍ കുറഞ്ഞത് 150 പേരെങ്കിലും വളരെ കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കുന്നവരായിരിക്കും. ആ പണത്തിന്റെ മൂല്യം അറിഞ്ഞാല്‍ മാത്രമേ ആ തുകയ്ക്ക് പരമാവധി കൊടുക്കാന്‍ പറ്റുകയുള്ളു. അവര്‍ മുടക്കുന്ന തുകയ്ക്ക് പരമാവധി എന്തുകൊടുക്കാന്‍ പറ്റുമോ അതിന് വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞു കൂടുതല്‍ പൈസ കിട്ടാന്‍ പേജിന്റെ എണ്ണം കൂട്ടുകയാണെന്ന്. അപ്പോഴും നമ്മള്‍ മികച്ച ഒന്ന് നല്‍കിയില്ലെങ്കില്‍ ഈ വായനക്കാര്‍ രണ്ടാമതൊരു അവസരം തരില്ല.

ബിഎംഡബ്ല്യൂവില്‍ സാഹിത്യ സമ്മേളനത്തിന് വരുന്ന എഴുത്തുകാരന്‍

എഴുത്തുകാര്‍ ദരിദ്രരായിരിക്കണം എന്ന ചിന്ത മലയാളത്തില്‍ പൊതുവെ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. നമുക്ക് അറിയാം മലയാളത്തിലെ വലിയ എഴുത്തുകാര്‍ക്കൊക്കെ ഭീകര സാമ്പത്തികം വരുന്നുണ്ട്. അവരൊക്കെ ആ പണം പുറത്ത് കാണിക്കുന്ന രീതിയില്‍ ജീവിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഒരു സിനിമയിലെ തിരക്കഥാകൃത്ത് ആണെന്ന് വിചാരിക്കുക. ഒന്നോ രണ്ടോ സിനിമ ചെയ്ത് കഴിയുമ്പോ തന്നെ കൈയ്യിലുള്ള പണം പുറത്ത് കാണിക്കാനാണ് ശ്രമിക്കുന്നത്, അത് ഒരു തെറ്റല്ല. ഒരു പാട് പണം വരുന്നുണ്ടെന്ന് കാണിച്ചാല്‍ അത് ആളുകള്‍ക്കിടയിലുള്ള ഒരു പിന്തുണ  കുറയ്ക്കുമോ  എന്ന ഭയം എഴുത്തുകാര്‍ക്കുണ്ടോ എന്ന് സംശയം തോന്നിയിട്ടുണ്ട്. 

സാധാരക്കാരാണ്, ദാരിദ്രത്തിലാണ് എന്ന് തോന്നിക്കഴിഞ്ഞാല്‍ ആളുകളുമായി പെട്ടെന്ന് കണക്ട് ചെയ്യാം എന്ന ധാരണ ഉണ്ടെന്നും തോന്നിയിട്ടുണ്ട്. ഒരു പുസ്തകം വന്നാല്‍ മുപ്പതോളം എഡീഷനൊക്കെ വില്‍ക്കുന്ന എഴുത്തുകാരുണ്ട്. അതില്‍ നിന്ന് എത്ര വരുമാനം കിട്ടുമെന്ന് ഊഹിക്കാം. എന്റെ ബുക്ക്  വെറും അഞ്ച് എഡീഷന്‍ പോയിട്ട് ഇത്രയും വരുമാനം ഉണ്ട്. തുടക്കക്കാരന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ് റോയല്‍റ്റി കിട്ടുന്നതും. പേരിന്റെ പ്രശസ്തിയിലാവും റോയല്‍റ്റി കൂടുതല്‍ കിട്ടുക. കച്ചവടം നടക്കുന്നതും പേരിലാണ്.

കിട്ടുന്ന വരുമാനത്തിന് തക്കതായ രീതിയില്‍ ജീവിക്കണം എന്നാണ് എന്റെ അഭിപ്രായം. എഴുത്തുകാര്‍ വിശേഷിച്ചും, കാരണം എന്താണെന്ന് വെച്ചാല്‍ അത് ഒരുപാട് പേരെ ഇന്‍സ്പയര്‍ ചെയ്യും. ഇപ്പോ ഒരു സാഹിത്യ സമ്മേളത്തിന് ഒരു എഴുത്തുകാരന്‍ വരുന്നത് ബെന്‍സിലോ ബിഎംഡബ്ല്യൂവിലോ ആണെന്ന് വിചാരിക്ക്. അപ്പോ തന്നെ എഴുത്ത് സ്വപ്നം കാണുന്നവര്‍ക്ക് മനസിലാകും ഇതില്‍ നിന്ന് നല്ല വരുമാനം കിട്ടും. ഇതുപോലൊരു ജീവിതം എനിക്കും നയിക്കാനാവും എന്ന്. ഇത് പുതിയ ആളുകള്‍ക്ക് എഴുത്ത് ഒരു കരിയറായി തെരഞ്ഞെടുക്കാന്‍ ധൈര്യം നല്‍കും. വളരെ ചെറുപ്പത്തിലെ എഴുത്ത് കാരനാകാന്‍ തീരുമാനിക്കുമ്പോഴാണ് അതിലേക്കുള്ള ഫോക്കസ് വര്‍ധിക്കുന്നത്. കാണുന്ന കാര്യങ്ങള്‍ വര്‍ക്കിന് വേണ്ടി കളക്ട് ചെയ്ത് വെക്കാനും ജീവിതത്തെ നിരീക്ഷിക്കാനുമൊക്കെ സാധിക്കും. ബിഎംഡബ്യൂവില്‍ വരുന്ന ഒരു എഴുത്തുകാരനെ കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഇതിനും മുന്‍പേ ഞാന്‍ എഴുത്തിലേക്ക് വരുമായിരുന്നു.

Tags:    

Similar News