കേരളത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു

ജനം വീട്ടിലിരുന്നതോടെ ചൂട് സഹിക്കാന്‍ കഴിയാതെ എ.സി യുടെ ഉപയോഗം കൂടിയതാണ് പ്രധാനകാരണമായി വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നത്

Update: 2023-04-17 03:22 GMT

പൊതുഅവധിയായ വിഷുദിനത്തിലും കേരളത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. മറ്റ് അവധി ദിനങ്ങളെ താരതമ്യം പോലും ചെയ്യാൻ പറ്റാത്തവിധത്തിൽ ഉപഭോഗം 93.2923 ദശലക്ഷമെത്തിയത് വൈദ്യുതി ബോർഡിനെ ഞെട്ടിച്ചു.

സാധാരണ കുറയാറുണ്ട്

വ്യാപാര സ്ഥാപനങ്ങള്‍, വന്‍കിട യന്ത്രവത്കരണ വ്യവസായങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളെല്ലാം അടഞ്ഞുകിടന്നിട്ടുപോലും കടുത്ത ചൂടില്‍ ആളുകള്‍ വീട്ടിലിരുന്നതോടെ ഉപയോഗം ഉയരുകയായിരുന്നു. സാധാരണ ഞായാറാഴ്ച പോലുള്ള അവധി ദിനങ്ങളില്‍ വൈദ്യുതി ഉപയോഗം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് 10 മുതല്‍ 15 ദശലക്ഷം യൂണിറ്റ് വരെ കുറയാറുണ്ട്. കഴിഞ്ഞ 9 ന് 82.3065 ദശലക്ഷമായിരുന്നു ഉപയോഗം. ദുഃഖവെള്ളി ദിനത്തിൽ 83.3819 ദശലക്ഷവും ഉപയോഗം രേഖപ്പെടുത്തി. അംബേദ്കർ ജയന്തി ദിനത്തിലായിരുന്നു സർവകാല റെക്കോഡ് 100.0894 ദശലക്ഷം യൂണിറ്റ്.

വീട്ടിലിരുന്നതോടെ

ജനം വീട്ടിലിരുന്നതോടെ ചൂട് സഹിക്കാന്‍ കഴിയാതെ എ.സി യുടെ ഉപയോഗം കൂടിയതാണ് പ്രധാനകാരണമായി വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നത്. ഫാന്‍, കൂളറും വ്യാപകമായി ഉപയോഗിച്ചു. ശനിയാഴ്ച ഉച്ചയോടെ കൂടിയ ഉപഭോഗം പക്ഷേ രാത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഉയര്‍ന്നിട്ടുമില്ല. രാത്രി 10ന് ശേഷമാണ് 4,500 മെഗാവാട്ടിന് മുകളിലെത്തിയത്. അത് ഏറെ നേരം കഴിയും മുമ്പ് താഴുകയും ചെയ്തു. എന്നാല്‍ ഉപയോഗം ഏറ്റവും കുറഞ്ഞുനിന്നപ്പോഴും 3,500 മെഗാവാട്ടിന് താഴെ പോയതുമില്ല. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തടസ്സമില്ലാതെ വൈദ്യുതി കേരളത്തിന് ലഭിക്കുന്നുണ്ട്.




Tags:    

Similar News