ഇലോണ്‍ മസ്‌ക് വെറുതെ പറഞ്ഞതല്ല, അദ്ദേഹം വീടുകള്‍ വില്‍ക്കുന്നു

Update: 2020-05-05 12:33 GMT

''ഞാന്‍ എന്റെ ഭൗതീക ആസ്തികളെല്ലാം തന്നെ വില്‍ക്കുന്നു. ഇനി എന്റെ പേരില്‍ വീടുകളൊന്നും ഉണ്ടാകില്ല.'' മെയ് ഒന്നിനാണ് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഇത്തരത്തിലൊരു ട്വീറ്റ് ഇട്ടത്. ഇപ്പോഴിതാ താന്‍ പറഞ്ഞത് തമാശയല്ല എന്ന് തെളിയിക്കുകയാണ് അദ്ദേഹം. രണ്ട് ആഡംബരഭവനങ്ങളാണ് മസ്‌ക് വില്‍ക്കാനിട്ടിരിക്കുന്നത്. തമാശ പറഞ്ഞതാണോ എന്ന് ചോദിച്ചവരോട് അല്ലെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ഇതിന് കാരണം? ''സ്വാതന്ത്ര്യത്തിന്'' എന്ന് അദ്ദേഹം ട്വീറ്റും ചെയ്തു.

ആഗോളതലത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല ഇത്രത്തോളം തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍, അതും ആഡംബര ഭവനങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞ സമയത്ത് മസ്‌കിന് ഇതെന്താണ് പറ്റിയതെന്നാണ് എല്ലാവരുടെയും ചോദ്യം. ഇത് മാത്രമല്ല മറ്റ് റിയല്‍ എസ്റ്റേറ്റ് ആസ്തികളും വിറ്റഴിക്കാന്‍ അദ്ദേഹം ഒരുങ്ങുകയാണത്രെ. ടെസ്ലയുടെ ഓഹരിമൂല്യം വളരെ കൂടുതലാണെന്നും തന്റെ എല്ലാ ആസ്തികളും വില്‍ക്കാന്‍ പോകുകയാണെന്നുമാണ് മെയ് ഒന്നിന് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതുകേട്ട് ഓഹരിയുടമകള്‍ ഭയക്കുകയും അവര്‍ ടെസ്ല ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങുകയും ചെയ്തു. വാള്‍സ്ട്രീറ്റില്‍ ഏറെ പരിഭ്രാന്തിയുണ്ടാക്കിയ ആ ട്വീറ്റ് മൂലം ടെസ്ല കമ്പനിക്ക് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയാണ്.

കാലിഫോര്‍ണിയയിലെ രണ്ട് ആഡംബര ഭവനങ്ങളാണ് മസ്‌ക് വില്‍ക്കുന്നത്. ഇവയ്ക്ക് 39.5 മില്യണ്‍ ഡോളറാണ് അദ്ദേഹം പ്രതീക്ഷിക്കുന്ന വില. ട്വീറ്റ് വന്നതിന് പിന്നാലെയാണ് സില്ലോ എന്ന റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റില്‍ ഈ ആഡംബരഭവനങ്ങള്‍ വില്‍ക്കാനിട്ടിരിക്കുന്നതായി കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണത്തിന് ഇട്ടിരിക്കുന്ന വില 30 മില്യണ്‍ ഡോളറും രണ്ടാമത്തേതിന്റെ വില 9.5 മില്യണ്‍ ഡോളറുമാണ്. മസ്‌കിന് വേറെയും വീടുകളുണ്ട്. ഇവയുടെയെല്ലാം കൂടി മൂല്യം 100 മില്യണ്‍ ഡോളര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഡംബരഭവനങ്ങളുടെ ഉടമസ്ഥതയില്‍ നിന്ന് മാറി സ്വതന്ത്രമാകുകയാണത്രെ അദ്ദേഹത്തിന്റെ ലക്ഷ്യം. ഇലോണ്‍ മസ്‌കിന്റെ ഗേള്‍ഫ്രണ്ട് ഗ്രിംസിന് എല്ലാം വില്‍ക്കുന്നതില്‍ അതിയായ ദേഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതൊന്നും അദ്ദേഹത്തെ താനെടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടുവലിക്കുന്നില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News