മിന്നല്‍ അവധിയുമായി ജീവനക്കാര്‍; എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ താറുമാറായി, വലഞ്ഞ് യാത്രക്കാര്‍

കണ്ണൂരില്‍ നിന്ന് മൂന്നും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് നാല് സര്‍വീസുകളുമാണ് റദ്ദാക്കിയത്

Update:2024-05-08 13:11 IST

Image : Air India Express and Canva

ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ വെട്ടിലായി യാത്രക്കാര്‍. കണ്ണൂരില്‍ നിന്ന് മൂന്നും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് നാല് സര്‍വീസുകളുമാണ് റദ്ദാക്കിയത്.

കൊച്ചിയില്‍ നിന്ന് യഥാക്രമം പുലർച്ചെ 2.05നും, രാവിലെ 8, 8.35, 8.55നും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാര്‍ജ, മസ്‌കറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. കണ്ണൂരില്‍ അബുദബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.

ഓപ്പറേഷനല്‍ പ്രശ്നങ്ങളെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ആദ്യം പറഞ്ഞെങ്കിലും പിന്നീടാണ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണെന്ന് തിരിച്ചറിഞ്ഞത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചുനല്‍കുകയോ പകരം യാത്രാസംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രശ്‌നങ്ങളേറെ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ നടത്തിയ അപ്രതീക്ഷിത സമരത്തില്‍ രാജ്യത്താകെ 70ലേറെ വിമാനസര്‍വിസുകളാണ് ഇതുവരെ മുടങ്ങിയത്. അലവന്‍സ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 300ഓളം സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടടെയുള്ള ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവ് എടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ ഏപ്രിലില്‍ എയര്‍ ഇന്ത്യ മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വേതനം ലഭിക്കുന്നിലെന്നതാണ് പ്രധാന പ്രശ്‌നം. ജീവനക്കാരുടെ അലവന്‍സ് തീരുമാനിക്കുന്നത് സംബന്ധിച്ചും തര്‍ക്കമുണ്ട്.

Tags:    

Similar News