വായ്പാ തട്ടിപ്പ് കേസ്; ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാറും ഭര്‍ത്താവും അറസ്റ്റില്‍

അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ 2018 ഒക്ടോബറില്‍ ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു

Update: 2022-12-24 05:00 GMT

image: @filephoto

വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമരഹിതമായി വായ്പ അനുവദിച്ച കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനേയും ഭര്‍ത്താവ് ദീപക് കൊച്ചാറിനേയും സിബിഐ അറസ്റ്റ് ചെയ്തു. 2019-2011 കാലഘട്ടത്തില്‍ ചന്ദ കൊച്ചാറും ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പിനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ക്രമരഹിതമായി വായ്പ അനുവദിച്ചുവെന്നാണ് കേസ്.

ഐസിഐസിഐ ബാങ്ക് പോളിസികള്‍ക്കും ബാങ്കിങ് നിയമങ്ങളും പാലിക്കാതെയായിരുന്നു 3,250 കോടി രൂപയുടെ വായ്പ ഇവര്‍ നല്‍കിയത്. ഈ സമയത്ത് ഐസിഐസിഐ ബാങ്ക് മേധാവിയും മാനേജിങ് ഡയറക്ടറുമായിരുന്നു ചന്ദ കൊച്ചാര്‍. വായ്പ അനുവദിക്കുന്ന കമ്മിറ്റിയിലും ചന്ദ കൊച്ചാര്‍ ഭാഗമായിരുന്നു.

വീഡിയോകോണ്‍ ഗ്രൂപ്പിന് പുറമേ, ന്യൂപവര്‍ റിന്യൂവബിള്‍സ്, സുപ്രീം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ വായ്പ അനുവദിച്ചിരുന്നു. 2018 മാര്‍ച്ചില്‍ ചന്ദ കൊച്ചാറിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ 2018 ഒക്ടോബറില്‍ അവര്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു.

ഐസിഐസിഐ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയായി മാറിയ വീഡിയോകോണ്‍ ഗ്രൂപ്പിന് 2012-ല്‍ അനധികൃതമായി വായ്പ നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ച് ക്രിമിനല്‍ ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കുമാണ് സി ബി ഐ കേസെടുത്തത്. അവര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സി ബി ഐ കണ്ടെത്തി. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും കുടുംബാംഗങ്ങളും ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാക്കി എന്നതായിരുന്നു ആരോപണം.

Tags:    

Similar News