പൊതു പദ്ധതികള്‍ക്ക് ഭൂമി കൈമാറ്റം; മുദ്ര വിലയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവ്

ഭൂരഹിതരായ ബി.പി.എല്‍ വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിന് ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഇളവ് നല്‍കും

Update:2023-05-04 11:59 IST

പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നികുതി വകുപ്പ് സെക്രട്ടറിക്ക് ഇളവുകള്‍ നല്‍കിയുള്ള ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുന്നതിനുള്ള അധികാരം നല്‍കും. ജില്ലാ കലക്ടറുടെ ശുപാര്‍ശ പ്രകാരമായിരിക്കണം ഉത്തരവ് ഇറക്കേണ്ടത്.

ഇളവുകള്‍ ആര്‍ക്കൊക്കെ

ഭൂരഹിതരായ ബി.പി.എല്‍ വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിന് ബന്ധുക്കള്‍ ഒഴികെയുള്ള ആളുകള്‍ ദാനമായോ വിലയ്ക്കു വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഇളവ് നല്‍കും.

ദുരന്തങ്ങളില്‍പ്പെട്ട വ്യക്തികള്‍ ദുരന്തം നടന്ന് അഞ്ചു വര്‍ഷത്തിനകം സര്‍ക്കാര്‍ ധനസഹായത്താല്‍ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കള്‍ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നല്‍കുമ്പോഴും 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഇളവ് നല്‍കും.

അനാഥരുടേയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്സ് ബാധിതരുടെയും പുനരധിവാസത്തിനും അവര്‍ക്ക് സ്‌കൂളുകള്‍ നിര്‍മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന 2 ഏക്കറില്‍ കവിയാത്ത ഭൂമിക്കും ആനുകൂല്യം ലഭിക്കും.


Tags:    

Similar News