ഒമിക്രോണ്‍ ഇന്ത്യയിലും എത്തിയിരിക്കാം മുന്നറിയിപ്പുമായി വിദഗ്ധർ

സൗദി അറേബ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

Update:2021-12-01 15:00 IST

ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച കോവിഡിൻ്റെ പുതിയ വകഭേതം ഇന്ത്യയിലും എത്തിയിരിക്കാമെന്ന് വിധഗ്ദര്‍. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്നെത്തിയ സൗദി പൗരനിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇദ്ദേഹത്തേയും, ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ഐസലേഷനില്‍ ആക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇതുവരെ ഇന്ത്യയിൽ  ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  അതിനിടയിലാണ് ഒമിക്രോണ്‍ രാജ്യത്ത് നേരത്തെ തന്നെ എത്തിയിരിക്കാം എന്ന വിലയിരുത്തല്‍ ഉണ്ടാവുന്നത്. ഒരു ഒമിക്രോണ്‍ കേസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് നമുക്കുള്ള സമയം മാത്രമാണിതെന്നാണ് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റെഗ്രേറ്റീവ് ബയോളജിയുടെ ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പ്രതികരിച്ചത്.

ഇപ്പോള്‍ നിലവിലുള്ള വാക്‌സിനുകള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരെ പ്രതിരോധം തീര്‍ത്തേക്കില്ലെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഇന്ത്യന്‍ കമ്പനികളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോട്ടെക്കും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒമിക്രോണിനെതിരെയുള്ള വാക്‌സിൻ്റെ ഫലപ്രാപ്തിയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാന്‍ രണ്ടാഴ്ചയോളം വേണ്ടിവന്നേക്കാം.
പുതിയ വകഭേദത്തിൻ്റെ അപകട സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണിനെ ലോകാരോഗ്യ സംഘടന വേരിയന്റ് ഓഫ് കണ്‍സേണ്‍ (വിഒസി) പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യങ്ങള്‍ യാത്ര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇന്ത്യ ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണങ്ങള്‍ ഇന്നാണ് പ്രാബല്യത്തില്‍ വന്നത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച ഹൈ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേകം നിബന്ധനകളാണ് ഉള്ളത്. ഇന്ത്യയിലെത്തുന്നതിന് മുമ്പും ശേഷവും കൊവിഡ് പരിശോധന. ഫലം നെഗറ്റീവായാല്‍ ഏഴു ദിവസം ക്വാറന്റൈന്‍. ശേഷം ഏട്ടാം ദിവസം പരിശോധന. വീണ്ടും നെഗറ്റീവായാലും ഏഴുദിവസം കൂടി സ്വയം നിരിക്ഷണത്തില്‍ തുടരണം.
യൂറോപ്യൻ രാജ്യങ്ങൾ , യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലദേശ്, ബോട്സ്വാന, ചൈന,മൊറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‌വെ, സിംഗപ്പൂർ, ഹോങ്കോങ്, ഇസ്രയേൽ എന്നിവയാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങള്‍


Tags:    

Similar News