കോര്‍പറേറ്റ് ലോകത്ത് തീരാനോവായി അന്ന, മരണം ജോലി സമ്മര്‍ദം മൂലമോ? അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം; കൈ കഴുകി ഇ.വൈ
കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ തൊഴില്‍ സാഹചര്യം വലിയ ചര്‍ച്ചയാക്കി മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ അകാല മരണം
ബഹുരാഷ്ട്ര കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണസ്റ്റ് ആന്റ് യങ് (ഇ.വൈ) പൂനെ ഓഫീസ് ജീവനക്കാരിയായ മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിയന്‍ ജോലിസമ്മര്‍ദം മൂലം മരിച്ചതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അതേസമയം, പരാതിക്ക് ആധാരമായ കാരണങ്ങളില്‍ നിന്ന് കൈയൊഴിഞ്ഞ് കമ്പനി.
ഇ.വൈയിലെ തൊഴില്‍ സാഹചര്യങ്ങള്‍ വിശദമായി അന്വേഷിച്ചു വരുകയാണെന്ന് തൊഴില്‍ മന്ത്രി ശോഭ കരന്തലജെയാണ് പ്രഖ്യാപിച്ചത്. സ്ഥാപനത്തിലെ സുരക്ഷിതമല്ലാത്ത, ചൂഷണം ചെയ്യുന്ന തൊഴില്‍ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനും നീതി ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിബദ്ധമാണെന്ന് മന്ത്രി വിശദീകരിച്ചു. മകള്‍ ജോലി സമ്മര്‍ദം മൂലം മരിച്ച സാഹചര്യങ്ങള്‍ വിശദീകരിച്ച് ഇ.വൈയുടെ ഇന്ത്യ മേധാവിക്ക് അന്ന സെബാസ്റ്റിയന്റെ അമ്മ അനിത കത്തയച്ചിരുന്നു. മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഈ കത്തിലേക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ധ ക്ഷണിച്ചതിനു പിന്നാലെയാണ് മന്ത്രി ശോഭ കരന്തലജെ അന്വേഷണ വിവരം 'എക്‌സി'ലൂടെ അറിയിച്ചത്. വൈറ്റ് കോളര്‍ ജോലിയോ, മറ്റേതൊരു ജോലിയോ ആകട്ടെ, തൊഴിലാളിയോ ഏതു തലത്തിലുള്ള ജീവനക്കാരോ ആകട്ടെ, ഒരു രാജ്യത്തിന്റെ പൗരന്‍ മരണപ്പെടുന്നത് തീര്‍ച്ചയായും സങ്കടകരമാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും -മന്ത്രി വ്യക്തമാക്കി.
പഠനത്തില്‍ മിടുക്കി, ജോലിക്ക് ചേര്‍ന്ന ശേഷം ആകെ മാറി
മരിച്ച അന്ന സെബാസ്റ്റിയന്‍ പേരയില്‍ (26) കൊച്ചി സ്വദേശിനിയാണ്. ഇ.വൈയുടെ പൂനെ ഓഫീസിലാണ് ജോലി ചെയ്തുവന്നത്. ജൂലൈ 20ന് ഓഫീസില്‍ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിക്കുകയുമായിരുന്നു. അന്നക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ വിശദീകരിക്കുന്നു. ഇ.വൈയില്‍ നാലു മാസം ജോലി ചെയ്തതിനിടയില്‍ മകള്‍ അമിത ജോലി സമ്മര്‍ദം നേരിട്ടതിന്റെ വിശദാംശങ്ങളുമായി അമ്മ അനിത അഗസ്റ്റിന്‍ ഇ.വൈ ഇന്ത്യ മേധാവി രാജീവ് മെമാനിക്ക് കഴിഞ്ഞ ദിവസം എഴുതിയ ഇ-മെയില്‍ പുറത്തു വന്നതോടെ ഈ വിഷയം കോര്‍പറേറ്റ് ലോകത്തും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായി. സംസ്‌കാര ചടങ്ങിന് ഇ.വൈ അധികൃതര്‍ ആരും എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.
സ്‌കൂളിലും കോളജിലും ടോപ്പറായിരുന്ന, പാഠ്യേതര വിഷയങ്ങളിലും മികവു കാട്ടി സി.എ പരീക്ഷ ഡിസ്റ്റിങ്ഷനോടെ പാസായ മകള്‍ ഇ.വൈയിലെ ജോലി സമ്മര്‍ദമല്ലെങ്കില്‍ അകാലത്തില്‍ മരിക്കില്ലെന്നാണ് അനിത സെബാസ്റ്റിയന്‍ കത്തില്‍ പറഞ്ഞത്. നാലു മാസത്തിനിടയില്‍ വിശ്രമമില്ലാതെ അന്ന ഇ.വൈയില്‍ പണിയെടുത്തു. ഉയര്‍ന്ന തലത്തിലുള്ളവര്‍ ആവശ്യപ്പെട്ടതൊക്കെ ചെയ്തു തീര്‍ക്കാന്‍ രാത്രി ഏറെ വൈകിയും ജോലി ചെയ്തു. നേരെചൊവ്വേ ഭക്ഷണം കഴിക്കാനോ ഉറങ്ങനോ പോലും സാധിച്ചില്ല. പുതിയ സാഹചര്യങ്ങള്‍, അമിത ജോലി ഭാരം, ദീര്‍ഘനേരത്തെ ഇടതടവില്ലാത്ത ജോലി എന്നിവയെല്ലാം അന്നയെ ശാരീരികമായും മാനസികമായും തളര്‍ത്തി. ജോലിയില്‍ ചേര്‍ന്ന ശേഷം ഉത്കണ്ഠ, ഉറക്കമില്ലായ്മ, മനോസംഘര്‍ഷം എന്നിവയെല്ലാമായി. അതിനിടയിലും കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള വഴിയെന്ന ചിന്തയോടെ ജോലിക്കു വേണ്ടി സ്വയം അര്‍പ്പിക്കുകയായിരുന്നു. ജോലി വിടാന്‍ തങ്ങള്‍ പറഞ്ഞിട്ടും പ്രമുഖ സ്ഥാപനമാണെന്നു പറഞ്ഞ് ജോലി തുടരാനാണ് മകള്‍ ശ്രമിച്ചത് -അമ്മയുടെ കത്തില്‍ പറഞ്ഞു.
'അന്നയുടെ ദുരനുഭവം എല്ലാവരുടെയും കണ്ണു തുറപ്പിക്കട്ടെ'
എന്നാല്‍ പരാതിയിലെ വിവരങ്ങള്‍ അപ്പാടെ നിഷേധിക്കുകയാണ് ഇ.വൈ ആദ്യം ചെയ്തത്. കത്ത് വെളിയില്‍ വരുകയും കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതിനിടയില്‍ സ്ഥാപനം ജോലിസമ്മര്‍ദം നിഷേധിക്കുകയും അതേസമയം, അന്നയുടെ കുടുംബത്തോട് ഖേദപ്രകടനം നടത്തുകയും ചെയ്തു. സ്ഥാപനത്തിലെ ഓരോരുത്തരും കഠിനാധ്വാനം ചെയ്‌തേ മതിയാവൂ എങ്കിലും ജോലി സമ്മര്‍ദമാണ് അന്നയുടെ ജീവന്‍ അപഹരിച്ചതെന്നു കരുതുന്നില്ല എന്നാണ് ഇ.വൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മെമാനി വിശദീകരിച്ചത്. ഇന്ത്യയിലെ ഇ.വൈ ഓഫീസുകളില്‍ ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും മെമാനി പറഞ്ഞു.
മകള്‍ക്കുണ്ടായ ദുരനുഭവം മറ്റാര്‍ക്കും സംഭവിക്കാതിരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പിതാവ് സിബി ജോസഫ് പറഞ്ഞു. അമിതമായി ജോലിയെടുക്കുന്നതിനെ മഹത്വവല്‍ക്കരിക്കുകയും അതിനു പിന്നിലുള്ള മനുഷ്യരെ അവഗണിക്കുകയും ചെയ്യുന്ന രീതിയാണ് വളരുന്നത്. ജോലിസമ്മര്‍ദം മകളുടെ ജീവിതവും സ്വപ്‌നവുമാണ് തല്ലിക്കെടുത്തിയത്. കമ്പനിക്കെതിരെ നിയമനടപടികള്‍ക്കൊന്നും തങ്ങളില്ല. എന്നാല്‍ ഈ സംഭവം എല്ലാവരുടെയും കണ്ണു തുറപ്പിക്കണം. പലരും അനുഭവിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണം -അദ്ദേഹം പറഞ്ഞു.
ഇ.വൈ: ആസ്ഥാനം ലണ്ടന്‍, ജോലി ചെയ്യുന്നത് നാലു ലക്ഷം പേര്‍
ഏണസ്റ്റ് ആന്റ് യംഗ് ഗ്ലോബല്‍ എന്ന ലണ്ടന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര സ്ഥാപനത്തിന് 150ഓളം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ആകെ നാലു ലക്ഷത്തോളം ജീവനക്കാര്‍. നികുതി, ഇന്‍ഷുറന്‍സ്, അക്കൗണ്ടിങ്, വിവരസാങ്കേതിക വിദ്യ സേവനങ്ങള്‍, സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിവിധ രംഗങ്ങളില്‍ കണ്‍സള്‍ട്ടിങ് സേവനം നല്‍കുന്ന സ്വകാര്യ കമ്പനിയാണിത്. ഇന്ത്യയിലെ വിവിധ ഓഫീസുകളില്‍ ഒരു ലക്ഷത്തോളം പേര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. ലോകത്തെ തന്നെ അക്കൗണ്ടിങ് സ്ഥാപനങ്ങളില്‍ നാലാം സ്ഥാനമാണ് ഇ.വൈ അവകാശപ്പെടുന്നത്. അന്ന സെബാസ്റ്റിയന്റെ മരണത്തോടെ ഇ.വൈക്കൊപ്പം കോര്‍പറേറ്റ് ലോകത്തെ മോശം തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച ചര്‍ച്ച സമൂഹ മാധ്യമങ്ങളില്‍ സജീവം.
ജോലി സമ്മര്‍ദം മൂലം നിരവധി ചെറുപ്പക്കാര്‍ മരിക്കുന്നത് എല്ലാവരുടെയും ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്നും ഇ.വൈ ഇന്ത്യ തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.