എന്‍.എം.സിയിലെ ഓഡിറ്റിംഗ് ക്രമക്കേട് കണ്ടെത്താന്‍ ബ്രിട്ടനില്‍ അന്വേഷണം

Update: 2020-05-06 11:23 GMT

പ്രവാസി ഇന്ത്യന്‍ വ്യവസായി ബി.ആര്‍ ഷെട്ടി നേതൃത്വം നല്‍കിയിരുന്ന യുഎഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്ത് വിവാദപരമായ സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പെട്ടതിനു പിന്നില്‍ ഓഡിറ്റിംഗുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുണ്ടായോ എന്നു വിലയിരുത്താനുള്ള അന്വേഷണം ആരംഭിച്ചതായി ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് കൗണ്‍സില്‍ (എഫ്ആര്‍സി) അറിയിച്ചു.

2018 ഡിസംബര്‍ 31 ന് അവസാനിച്ച വര്‍ഷത്തേക്കുള്ള എന്‍എംസി ഹെല്‍ത്തിന്റെ സാമ്പത്തിക പ്രസ്താവന സംബന്ധിച്ച് എര്‍ണസ്റ്റ് ആന്‍ഡ് യംഗ്  നടത്തിയ ഓഡിറ്റിനെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് കൗണ്‍സില്‍ അറിയിച്ചു.അക്കാലത്ത് 2 ബില്യണ്‍ ഡോളര്‍ വായ്പയെടുക്കാനേ  എന്‍എംസിക്ക്  അര്‍ഹത ഉണ്ടായിരുന്നുള്ളൂ. അതിനേക്കാള്‍ പല മടങ്ങ് തുകയാണെടുത്ത്. ഇതു തടയുന്നതില്‍ ഓഡിറ്റ് പ്രക്രിയ പരാജയപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുള്ളതായി കണ്ടെത്തുന്നപക്ഷം, ഓഡിറ്റര്‍മാരില്‍ നിന്നു പിഴ ഈടാക്കാനും അവരെ വിലക്കാനും അധികാരമുള്ള റെഗുലേറ്റര്‍ ആണ് എഫ്ആര്‍സി.

എന്‍എംസിക്കെതിരെ ഓഹരിത്തട്ടിപ്പ് ആരോപിച്ച് അമേരിക്കയിലെ നിക്ഷേപകര്‍ക്ക് വേണ്ടി നിയമ പോരാട്ടത്തിനൊരുങ്ങുന്നുണ്ട് ആറോളം നിയമ കമ്പനികള്‍. ബേണ്‍സ്റ്റീന്‍ ലീബ്‌ഹെര്‍ഡ്, ജെവിര്‍ട്ട്‌സ് ആന്‍ഡ് ഗ്രോസ്സ്മാന്‍, ഗെയ്‌നി, മക്കെന്ന ആന്‍ഡ് ഇഗ്ലെസ്റ്റണ്‍, പോമെറന്റ്‌സ് ലോ, സ്‌കാള്‍ ലോ, വൂള്‍ഫ് ഹാഡെന്‍സ്റ്റീന്‍ അല്‍ഡെര്‍ ഫ്രീമാന്‍ ആന്‍ഡ് ഹേര്‍ട്ട്‌സ് തുടങ്ങിയ കമ്പനികളാണ് ഇതിനായി രംഗത്തുള്ളത്. ഇതുവഴി കടുത്ത വെല്ലുവിളിയാണ്  ബി.ആര്‍ ഷെട്ടി നേരിടാന്‍ പോകുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

2016 മാര്‍ച്ച് 13നും 2020 മാര്‍ച്ച് 10നും ഇടയില്‍ എന്‍എംസി ഓഹരികള്‍ വാങ്ങി 100,000 ഡോളറില്‍ അധികം നഷ്ടം സംഭവിച്ചവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഓഹരിത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളും ഓഹരിയുടമകളുടെ അവകാശ ലംഘന കേസുകളും ഏറ്റെടുക്കുന്ന സ്‌കാള്‍ നിയമ കമ്പനി ആവശ്യപ്പെട്ടു. തെറ്റായതും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകളാണ് എന്‍എംസി വിപണിയില്‍ സമര്‍പ്പിച്ചതെന്നും കമ്പനി കടബാധ്യതകള്‍ മറച്ചുവെക്കുകയും ആസ്തി പെരുപ്പിച്ച് കാണിക്കുകയും ചെയ്‌തെന്നും സ്‌കാള്‍ ആരോപിച്ചു.

ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന് അടുത്ത് കടബാധ്യതയുള്ള എന്‍എംസി ഹെല്‍ത്തിന്റെ നടത്തിപ്പ് ചുമതല ബ്രിട്ടനിലെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആല്‍വരെസ് ആന്‍ഡ് മര്‍സല്‍ യൂറോപ്പ് ഏറ്റെടുത്തിരുന്നു. എന്‍എംസിക്ക് 981 മില്യണ്‍ ഡോളര്‍ വായ്പ നല്‍കിയ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ ആവശ്യപ്രകാരമാണ് കോടതി എന്‍എംസിയുടെ നടത്തിപ്പ് അവകാശം അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വിട്ടുനല്‍കിയത്. ലണ്ടന്‍ ഓഹരി വിപണിയുടെ എഫ്ടിഎസ്ഇ 100 സൂചികയില്‍ നിന്നും എന്‍എംസിയെ പുറത്താക്കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News