മലബാര്‍ ഗോള്‍ഡിന്റെ 'വ്യാജന്‍' പാകിസ്ഥാനില്‍; കോടതി ഇടപെടലിലൂടെ പൂട്ടിച്ചു

മലബാര്‍ ഗോള്‍ഡ് പാകിസ്ഥാനില്‍ ഒരു ഷോറൂമും നടത്തുന്നില്ലെന്ന് മാനേജ്‌മെന്റ്

Update: 2023-06-03 06:17 GMT

Representative Image (www.malabargoldanddiamonds.com)

ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നും കോഴിക്കോട് ആസ്ഥാനമായുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പേരും ലോഗോയും ട്രേഡ്മാര്‍ക്കുകളും ഉള്‍പ്പെടെ പകര്‍ത്തി പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ ജുവലറി ഷോറൂം കോടതി ഇടപെടലിലൂടെ പൂട്ടിച്ചു.

പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് ഫൈസാന്‍ എന്നയാളാണ് ഷോറൂം നടത്തിയിരുന്നത്. മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് നാമവും ബ്രാന്‍ഡ് അംബാസഡര്‍മാരുടെ ചിത്രങ്ങളും ആഭരണ ഡിസൈനുകളും ഉപയോഗിച്ച് ഇയാള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പരസ്യങ്ങളും പ്രചരിപ്പിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട മലബാര്‍ ഗോള്‍ഡ് അധികൃതര്‍ ഫൈസാനെതിരെ പാകിസ്ഥാനില്‍ കേസ് നല്‍കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി ഫൈസാന്റെ ഷോറൂം ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പേരും ലോഗോയും മറ്റും ഉപയോഗിച്ചിട്ടുള്ള ബോര്‍ഡുകളും പരസ്യങ്ങളും ഉടന്‍ നീക്കാനും കോടതി ഉത്തരവിട്ടു.
എന്നാല്‍, കോടതി നിര്‍ദേശം അവഗണിച്ചും ഫൈസാന്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. തുടര്‍ന്ന്, കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മലബാര്‍ ഗോള്‍ഡ് വീണ്ടും കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച കോടതി ഫൈസാനെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തു.
എന്നാല്‍, ശിക്ഷ ഒഴിവാക്കാനായി ഒത്തുതീര്‍പ്പ് അപേക്ഷയുമായി ഫൈസാന്‍ മലബാര്‍ ഗോള്‍ഡിനെ സമീപിച്ചു. ഇതുപ്രകാരം, മലബാര്‍ ഗോള്‍ഡിന്റെ ലോഗോയും ട്രേഡ്മാര്‍ക്കും ഉള്‍പ്പെടെ എല്ലാം നീക്കം ചെയ്യാമെന്ന് ഫൈസാന്‍ സമ്മതിച്ചു. മാത്രമല്ല, തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാനിലെ പ്രമുഖ ഉര്‍ദു, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്ന മലബാര്‍ ഗോള്‍ഡിന്റെ ആവശ്യങ്ങളും ഫൈസാന്‍ അംഗീകരിച്ചു.
പാകിസ്ഥാനില്‍ ഷോറൂമില്ല
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പാകിസ്ഥാനില്‍ ഷോറൂമുകളൊന്നും നടത്തുന്നില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ജുവലറി ശൃംഖലയാണ് മലബാര്‍ ഗോള്‍ഡ്. ഇന്ത്യ, ഗള്‍ഫ്, അമേരിക്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 317 റീട്ടെയില്‍ ഷോറൂമുകളുണ്ട്. ഉപഭോക്തൃ വിശ്വാസത്തിന്റെ അടിത്തറയില്‍ സ്ഥാപിതമായതും കരുത്തോടെ മുന്നോട്ട് പോകുന്നതുമായ ബിസിനസാണ് മലബാര്‍ ഗോള്‍ഡിന്റേതെന്ന് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.
Tags:    

Similar News