ദീപാവലിക്ക് വ്യാപാര പൂരം: ഓണ്‍ലൈന്‍ കമ്പനികള്‍ വാരുന്നത് 1.29 ലക്ഷം കോടി
ചെറുപട്ടണങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കൂടുന്നു
ദീപാവലി കച്ചവടം ഓണ്‍ലൈനില്‍ പൊടിപൊടിക്കുകയാണ്. വന്‍ ഓഫറുകളുമായി ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ ഒരുക്കം തുടങ്ങിയതോടെ ദീപാവലി കച്ചവടം 1.20 ലക്ഷം കോടി രൂപ വരെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണേക്കാള്‍ 20 ശതമാനം വില്‍പ്പന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ടായതായാണ് റെഡ് സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സിന്റെ പഠനത്തില്‍ പറയുന്നത്. ആമസോണ്‍, ഫ്ളിപ് കാര്‍ട്ട്, മീഷോ എന്നിവരാണ് വിപണിയില്‍ വലിയ നേട്ടമുണ്ടാക്കുന്നത്. ചെറുപട്ടണങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളാണ് ഇത്തവണ കൂടുതലുള്ളത്. കുറ്റമറ്റ ഡെലിവറി സേവനങ്ങള്‍ക്കായി കമ്പനികള്‍ ദീപാവലിയോടനുബന്ധിച്ച് ഒട്ടേറെ പുതിയ നിയനമങ്ങള്‍ നടത്തിയിട്ടുണ്ട്.
ഫ്ളിപ് കാര്‍ട്ടില്‍ ഒരു ലക്ഷം പുതിയ നിയമനം
ദീപാവലി ഓര്‍ഡറുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഒരു ലക്ഷം പേരെ നിയമിച്ചതായാണ് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉല്‍സവ സീസണിന് മുന്നോടിയായി അവര്‍ അതരിപ്പിച്ച ദി ബിഗ് ബില്യണ്‍ ഡെയ്‌സ് ഓഫറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓഫര്‍ തുടങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ ചെറുപട്ടണങ്ങളില്‍ നിന്ന് പോലും ഓര്‍ഡറുകള്‍ വലിയ തോതില്‍ എത്തിയതായി കമ്പനി വൈസ് പ്രസിഡന്റ് ഹര്‍ഷ് ചൗധരി പറഞ്ഞു. ഓര്‍ഡറുകള്‍ വേഗത്തില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രോണിക്‌സ്, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവക്കാണ് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത്.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുമായി എത്തിയ ആമസോണിന് മൊബൈല്‍ ഫോണ്‍ ഓര്‍ഡറുകളില്‍ 75 ശതമാനവും ചെറുപട്ടണങ്ങളില്‍ നിന്നായിരുന്നു. ടെലിവിഷനുകളുടെ വില്‍പ്പനയിലും വലിയ വര്‍ധനയുണ്ടായി. 50 ശതമാനം ഉപഭോക്താക്കളും ഇ.എം.ഐ സൗകര്യം പ്രയോജനപ്പെടുത്തിയവരാണ്. 2,000 ഡെലിവറി സ്റ്റേഷനുകളിലൂടെയാണ് ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നത്. മീഷോയുടെ വില്‍പ്പനയില്‍ 40 ശതമാനം വര്‍ധനയുണ്ടായി. മെഗാ ബ്ലോക്ക് ബസ്റ്റര്‍ ഓഫറുമായാണ് മീഷോ ദീപാവലി വിപപണിയില്‍ സജീവമായത്.