ഫിനാബ്ലര്‍: പ്രമോദ് മങ്ങാട്ടിന്റെ പിന്‍ഗാമി ഭൈരവ് ത്രിവേദി

Update: 2020-04-04 07:04 GMT

പ്രതിസന്ധി നേരിടുന്ന പ്രമുഖ പണമിടപാട്, വിദേശ കറന്‍സി വിനിമയ സ്ഥാപനമായ ഫിനാബ്ലറിന്റെ സിഇഒ സ്ഥാനം പ്രമോദ് മങ്ങാട്ട് രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ സിഇഒ ആയി  ഭൈരവ് ത്രിവേദി നിയമിതനായി. ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലെക്‌സ, യുണിമണി, റെമിറ്റ്2ഇന്ത്യ എന്നിവയുടെ മാതൃ സ്ഥാപനമായ കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത ദിവസങ്ങളില്‍ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അബ്ദുള്‍റഹ്മാന്‍ ബസാദിക്കും ബസ്സാം ഹേഗും കൂടാതെ ഓഡിറ്ററും സ്ഥാനമൊഴിഞ്ഞതായി ഫിനാബ്ലര്‍ അറിയിച്ചു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാഹുല്‍ പൈയും രാജി നല്‍കിയിട്ടുണ്ടെങ്കിലും പിന്‍ഗാമി വരുന്നതുവരെ ത്രിവേദിയെ പിന്തുണയ്ക്കാന്‍ അദ്ദേഹം സമ്മതിച്ചു.

കറന്‍സി വിനിമയ സ്ഥാപനങ്ങളില്‍ കാല്‍ നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് ഭൈരവ് ത്രിവേദി. ആധുനിക സാങ്കേതികവിദ്യകളിലും പേയ്‌മെന്റ് മേഖലയിലും ആഴത്തിലുള്ള അറിവും, പ്രവര്‍ത്തന പരിചയവുണ്ട്. സിറ്റിബാങ്ക് റെമിറ്റന്‍സ് വിഭാഗം ആഗോള മേധാവിയായും ത്രിവേദി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎഇയിലെ മറ്റൊരു പണമിടപാട് കമ്പനിയായ നെറ്റ്വര്‍ക്ക് ഇന്റെര്‍നാഷണലിന്റെ സിഇഒ യും ഡയറക്ടര്‍ ബോര്‍ഡ് ഉപദേശകനുമായിരുന്നു.

യുഎഇ ആസ്ഥാനമായുള്ള ശതകോടീശ്വരന്‍ ബി ആര്‍ ഷെട്ടി നേരിടുന്ന തിരിച്ചടികളുടെ ഭാഗമായാണ് ഫിനാബ്ലര്‍ പ്രതിസന്ധിയിലായത്.
ഫിനാബ്ലറിന്റെ സ്ഥാപകനും ഭൂരിപക്ഷ ഉടമയുമാണ് എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകന്‍ കൂടിയായ ഷെട്ടി.ഇതിനിടെ. യുഎഇയിലെ ഏറ്റവും വലിയ  ആശുപത്രി ശൃഖലയായ  എന്‍എംസിയുടെ ചെയര്‍മാനും ഡയറക്ടറം കൂടിയായ എച്ച് ജെ മാര്‍ക്ക്  ടോംപ്കിന്‍സ് രാജിവെച്ചു. അദ്ദേഹത്തിന് പകരം ഫൈസല്‍ ബെല്‍ഹോളനെ കമ്പനി നിയമിക്കുകയും ചെയ്തു.

എന്‍എംസി  ഹെല്‍ത്ത് കെയര്‍ നിലവില്‍  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. കമ്പനിയിലെ സാമ്പത്തിക തിരിമറികളുടെയും, കടബാധ്യതകളുടെയും വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ഷെട്ടി ഒഴിവായത്.എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് റീസ്‌ട്രെക്ചറിംഗ് ഓഫീസറായി മാത്യു ജെ വില്‍ഡ് നിയോഗിക്കപ്പെട്ടു. എന്‍എംസിയുടെ ആകെ കടബാധ്യത 6.6 ബില്യണ്‍ ഡോളറാണെന്നാണ് വിവരം.  നേരത്തെ അഞ്ച് ബില്യണ്‍ ഡോളറിന്റെ ബാധ്യതയായിരുന്നു എന്‍എംസിയുടെ ബോര്‍ഡ് കണ്ടെത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News