ഫിന്‍ലന്‍ഡില്‍ ആരോഗ്യ, ഭക്ഷ്യ മേഖലകളില്‍ തൊഴിലാളിക്ഷാമം രൂക്ഷം; മലയാളികള്‍ക്കും സാധ്യത

ഫിന്‍ലന്‍ഡിലെ ഏറ്റവും കുറഞ്ഞ മാസശമ്പളം 1,800 (1,61,980 രൂപ) യൂറോയാണ്

Update:2024-05-24 14:29 IST

Image: Canva

യൂറോപ്പിലെ സമ്പന്നരാജ്യങ്ങളിലൊന്നായ ഫിന്‍ലന്‍ഡ് തൊഴിലാളിക്ഷാമത്താല്‍ ബുദ്ധിമുട്ടുന്നു. രാജ്യത്തെ പൗരന്മാരില്‍ തൊഴിലെടുക്കാവുന്ന ആളുകളുടെ എണ്ണം കുറയുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഫിന്‍ലന്‍ഡിന്റെ സ്ഥാനം. 1,800 (1,61,980 രൂപ) യൂറോയാണ് ഫിന്‍ലന്‍ഡിലെ ഏറ്റവും കുറഞ്ഞ മാസശമ്പളം. ശരാശരി ശമ്പളം 4,250 (3,82,453) യൂറോയും.
തദ്ദേശീയ ജോലിക്കാര്‍ കുറയുന്നു
യൂറോപ്യന്‍ ലേബര്‍ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 33 മേഖലകളിലാണ് അടിയന്തിരമായി ജീവനക്കാരെ ആവശ്യമുള്ളത്. ആരോഗ്യം, ഭക്ഷണം, എന്‍ജിനിയറിംഗ്, ഐ.ടി, നിര്‍മാണമേഖ എന്നീ രംഗങ്ങളില്‍ തൊഴിലാളിക്ഷാമം രൂക്ഷമാണ്. വരുംവര്‍ഷങ്ങളില്‍ തദ്ദേശീയരായ തൊഴിലാളികളുടെ എണ്ണം കുറയുന്നതും ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് വലിയ സാധ്യത തുറന്നു നല്‍കും.
തൊഴിലാളിക്ഷാമം ഉയരുന്നതിനാല്‍ വര്‍ക്ക് വീസയില്‍ ചില ഇളവുകള്‍ക്ക് സാധ്യതയുണ്ടെന്ന് ഷെന്‍ഗെന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിന്‍ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള തൊഴില്‍മേഖല ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഐ.ടി, ബാങ്കിംഗ്, എന്‍ജിനിയറിംഗ് രംഗങ്ങളിലും മികച്ച പാക്കേജാണ് ലഭിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും അവസരം
യു.കെ, കാനഡ എന്നിവിടങ്ങളിലെല്ലാം സ്റ്റുഡന്റ് വീസയ്ക്ക് നിയന്ത്രണം കര്‍ശനമാക്കിയിരിക്കുയാണ്. ഈ രാജ്യങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നവര്‍ക്ക് ഫിന്‍ലന്‍ഡ് നല്ലൊരു ഓപ്ഷനാണ്. പഠനത്തിനായി എത്തുന്നവര്‍ക്ക് ആഴ്ചയില്‍ പരമാവധി 30 മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയും. പഠനത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് ആണെങ്കില്‍ ഈ പരിധി ബാധകമല്ല.
പഠനം പൂര്‍ത്തിയായതിന് ശേഷം രണ്ടു വര്‍ഷം വരെ കാലാവധി നീട്ടിയ താമസാനുമതിക്കായി അപേക്ഷിക്കുകയും ചെയ്യാം. ബിരുദധാരികള്‍ക്ക് ഫിന്‍ലന്‍ഡില്‍ അനുയോജ്യമായ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന നയമാണിത്. മറ്റ് വിദേശരാജ്യങ്ങളില്‍ പഠനത്തിനു ശേഷം ജോലി ലഭിക്കുകയെന്നത് അത്ര എളുപ്പമല്ലാത്തതിനാല്‍ ഫിന്‍ലന്‍ഡിന്റെ സാധ്യതയേറെയാണ്.
Tags:    

Similar News