സീപ്ലെയിന്‍ പറന്നതിനൊപ്പം ചോദ്യം: തിലോപ്പിയ കുഞ്ഞുങ്ങളെ മാറ്റിപ്പാര്‍പ്പിച്ചോ? സമരം ചെയ്തവര്‍ എവിടെ?

ജലവിമാനത്തിനെതിരെ അന്ന് സമരം, ഇന്ന് വരവേല്‍പ് -പരിഹാസം ഏറ്റുവാങ്ങി സര്‍ക്കാര്‍

Update:2024-11-12 14:59 IST
ഈ ദിവസങ്ങളില്‍ കേട്ട മികച്ച രാഷ്ട്രീയ തമാശ പി.കെ കുഞ്ഞാലിക്കുട്ടിയുടേതാണ്. സീപ്ലെയിന്‍ ഇറങ്ങിയാല്‍ ചത്തുപോകുമെന്ന് പറഞ്ഞ തിലോപ്പിയ കുഞ്ഞുങ്ങളെ മാറ്റിപ്പാര്‍പ്പിച്ചോ? -സംസ്ഥാന സര്‍ക്കാറിനോടും എല്‍.ഡി.എഫിനോടുമുള്ള അദ്ദേഹത്തിന്റെ ചോദ്യം അതായിരുന്നു.
ഇപ്പോഴും സീപ്ലെയിനിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട് കേരളത്തില്‍. 2013ല്‍ ആദ്യമായി സീപ്ലെയിന്‍ പറന്നപ്പോഴത്തെ എതിര്‍പ്പോളം വരില്ല 2024ലെ എതിര്‍പ്പ് എന്നു മാത്രം. എതിര്‍പ്പുകള്‍ നേര്‍ത്തു പോയതു കൊണ്ടാണ് ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് ജലവിമാനത്തിന് പറക്കാന്‍ കഴിഞ്ഞത്. അഥവാ, കൊല്ലം 11 കഴിഞ്ഞതിനിടയില്‍ പ്രതിപക്ഷത്തിരുന്നപ്പോഴത്തെ സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയുമൊക്കെ എതിര്‍പ്പ് അലിഞ്ഞ് ഇല്ലാതായി. എതിര്‍പ്പില്ലാതായി എന്നു മാത്രമല്ല, കൊട്ടും കുരവയുമായി ജലവിമാനത്തെ എതിരേറ്റ് കൊണ്ടുവന്നത് പിണറായി സര്‍ക്കാറാണ്. ടൂറിസം വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ജലവിമാനത്തിന് കഴിയുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ചിരിക്കാതെ വയ്യ. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജലവിമാനവുമായി വന്നപ്പോള്‍ സമരം ചെയ്ത് ഓടിച്ചവര്‍, ഒരു സോറി പറഞ്ഞിട്ടു വേണം ജലവിമാന ടൂറിസ പദ്ധതിയുമായി മുന്നോട്ടു പോകാനെന്ന എതിരഭിപ്രായം മാത്രമാണ് കുഞ്ഞാലിക്കുട്ടിക്ക് ഈ പദ്ധതിയുടെ കാര്യത്തില്‍ ഉള്ളത്.

നേര്‍ത്ത പ്രതിഷേധത്തിന് എത്രയുണ്ട് ആയുസ്?

ജലവിമാനത്തില്‍ കയറി മന്ത്രിമാര്‍ കൊച്ചിക്കും ഇടുക്കിക്കും മുകളിലൂടെ റാകി പറന്നപ്പോള്‍ സഖ്യകക്ഷിയായ സി.പി.ഐയും തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുമൊന്നും തൃപ്തരല്ല. ജലവിമാനം വരുന്നത് മീന്‍പിടിത്തക്കാരുടെ ജീവനോപാധി തടസപ്പെടുത്തുമെങ്കില്‍, തുടര്‍ന്നും എതിര്‍ക്കുമെന്നാണ് അവരുടെ പറച്ചില്‍. അതേതായാലും ജലവിമാനം പറന്നു കഴിഞ്ഞു. ഇനി കൂടുതല്‍ മേഖലകളിലേക്ക് പറപ്പിക്കാനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് നേരത്തെയുണ്ടായ വെളിപാട് 11 വര്‍ഷം നടപ്പാക്കാതെ പോയതിന് പലിശയും ചേര്‍ത്ത് പ്രായശ്ചിത്തം ചെയ്യുമെന്ന മട്ട്. ജലവിമാനം മീന്‍പിടിത്തക്കാരുടെ ജീവനോപാധി മുടക്കുമോ? മീനുകളുടെയും മറ്റ് ജലജീവികളുടെയും ആവാസ വ്യവസ്ഥ തകര്‍ക്കുമോ? വനമേഖലകളിലെ പക്ഷിമൃഗാദികളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുമോ? ജലാശയങ്ങളും ഡാമുകളും സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതുകയാണോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം നെഗറ്റീവ് ഉത്തരമടങ്ങുന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എങ്കിലും പരാതികള്‍ പരിഗണിച്ചേ മുന്നോട്ടു പോകൂ എന്ന് മന്ത്രി മുഹമ്മദ് റിയാസ് എല്ലാവരോടുമായി പറഞ്ഞിട്ടുണ്ട്.
ട്രാക്ടര്‍ പാടത്തിറങ്ങിയാല്‍ പണിപോകുമെന്ന് പറഞ്ഞ് സി.പി.എം പ്രതിഷേധിച്ച കാലമുണ്ട്. കമ്പ്യൂട്ടര്‍ മേശപ്പുറത്തു വന്നാല്‍ പണി പോകുമെന്ന് വാദിച്ച കാലവുമുണ്ട്. അതേപോലെ, സീപ്ലെയിനിനെ സി.പി.എം എതിര്‍ത്ത കാലവുമുണ്ടെന്ന് ചരിത്ര വിദ്യാര്‍ഥികള്‍ക്ക് നാളെ പറയാം. സീപ്ലെയിന്‍ ഭീകരനെന്നു പറഞ്ഞതു നീയേ ചാപ്പാ, സീപ്ലെയിന്‍ ഗംഭീരനെന്നു പാടുന്നതും നീയേ ചാപ്പാ എന്ന് ഈണത്തിലൊരു ഈരടി പ്രതിപക്ഷത്തിന് കിട്ടുകയും ചെയ്തു. അതേതായാലും, ജീവനോപാധി, ആവാസ വ്യവസ്ഥ എന്നിത്യാദി പ്രായോഗങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന ഒരു സീപ്ലെയിനിന്റെ കഥ, അതു വേറെ കിടക്കുന്നു. 2013ല്‍ ഉമ്മന്‍ചാണ്ടി അഷ്ടമുടി കായല്‍പരപ്പിലേക്ക് കൊണ്ടുവന്ന സീപ്ലെയിനിന് എന്തു സംഭവിച്ചു? അതൊരു ദുരന്ത കഥയാണ്.

ജപ്തി നടപടികള്‍; പഴയ വിമാനം പൊളിച്ചടുക്കി അമേരിക്കയിലേക്ക്

2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജലവിമാന പദ്ധതി മുടങ്ങിയപ്പോള്‍ 23.29 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കാന്‍ കേരളത്തിലേക്ക് ചാടിയിറങ്ങിയ സീ ബേര്‍ഡ് വിമാനക്കമ്പനി വലിയ കടക്കെണിയിലായി. അവരുടെ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം കിട്ടാതെ പോവുകയും ചെയ്തു. ഇതിനെല്ലാമിടയില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു സീപ്ലെയിന്‍, കടം കൊടുത്ത ബാങ്ക് ജപ്തി ചെയ്തത് കേരളത്തിലാണ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വര്‍ഷങ്ങള്‍ ചിറകുതാഴ്ത്തി കിടന്നിരുന്ന സീപ്ലെയിന്‍ ഒടുവില്‍ പൊളിച്ച് കഷ്ണങ്ങളാക്കി അമേരിക്കക്ക് കൊണ്ടുപോവുകയും ചെയ്തു.
15 കോടിയോളം രൂപ ചെലവിട്ട് മലയാളി പൈലറ്റുമാരായ സുധീഷ് ജോര്‍ജും സൂരജ് ജോസും മറ്റു ചില നിക്ഷേപകര്‍ക്കൊപ്പം കൊച്ചി കേന്ദ്രമാക്കി രൂപവല്‍ക്കരിച്ച സീബേര്‍ഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യം തെറ്റി കടം കയറി പൊളിഞ്ഞു പാളീസായ കഥ കൂടിയാണത്. 2015ല്‍ അമേരിക്കയില്‍ നിന്ന് 15 കോടിയോളം രൂപ മുടക്കി വാങ്ങി ഇരുവരും ചേര്‍ന്ന് പറത്തി കൊണ്ടുവന്ന ഒന്‍പതു സീറ്റുള്ള ജലവിമാനമാണ് കാലപ്പഴക്കത്തില്‍ ജീര്‍ണിച്ചതിനാല്‍ പൊളിച്ച് അമേരിക്കക്ക് തന്നെ തിരിച്ചു കൊണ്ടുപോയത്. ബാങ്ക് ജപ്തി ചെയ്ത വിമാനം ഒരു യു.എസ് വ്യാപാരി ലേലത്തില്‍ പിടിച്ച്, വിമാനം പൊളിച്ചു കൊണ്ടുപോകുകയായിരുന്നു. എന്നിട്ടും ബാങ്കിനുള്ള കുടിശിക തീര്‍ക്കാന്‍ കഴിയാതെ പോയ കമ്പനി പ്രമോട്ടര്‍മാര്‍ക്ക് എതിരായ ബാങ്ക് നടപടി ഇപ്പോഴും തുടരുകയാണെന്നത് മറുപുറം.
Tags:    

Similar News