ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 4

Update: 2019-09-04 04:33 GMT

1. പ്രളയ ബാധിത വില്ലേജുകളില്‍ ഒരു വര്‍ഷം മൊറട്ടോറിയം

സംസ്ഥാനത്തു പ്രളയം ബാധിച്ച 1038 വില്ലേജുകളിലെയും വായ്പകള്‍ക്ക് 2019 ഓഗസ്റ്റ് 23 മുതല്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനമായി. കൃഷി, കൃഷി അനുബന്ധ, ഭവന, വിദ്യാഭ്യാസ വായ്പകള്‍ക്കൊപ്പം ചെറുകിട - ഇടത്തരം വായ്പകള്‍ക്കും തിരിച്ചടവ് നീട്ടാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) തീരുമാനിച്ചു. നാളെമുതല്‍ അപേക്ഷിക്കാം.

2. ധനസ്ഥിതി മെച്ചപ്പെടുത്താന്‍ ഐഡിബിഐ ബാങ്കിന് കേന്ദ്രത്തിന്റെ 4557 കോടി രൂപ

ഐഡിബിഐ ബാങ്കിന് ധനസ്ഥിതി മെച്ചപ്പെടുത്താന്‍ 4, 557 കോടി രൂപ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബാങ്കിന്റെ 51% ഓഹരിയുള്ള എല്‍ഐസി 4, 743 കോടി രൂപയും നല്‍കും. അങ്ങനെ മൊത്തം 9, 300 കോടി രൂപ ഐഡിബിഐ ക്ക് ലഭിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

3. ദേശീയപാത അതോറിറ്റിയുടെ കടം 2.5 ലക്ഷം കോടി രൂപ

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ദേശീയ പാത അതോറിറ്റിയുടെ കടം 2.5 ലക്ഷം കോടി രൂപയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ പാത നിര്‍മാണം അതിവേഗത്തില്‍ ആക്കാന്‍ നിര്‍മാണ ചെലവ് നിയന്ത്രിക്കണമെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസിന്റെ നിര്‍ദേശം.

4. സംസ്ഥാനത്തെ വാര്‍ഷിക പദ്ധതികള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം

പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ കാര്യമായ വെട്ടിക്കുറയ്ക്കല്‍ കൊണ്ട് വരാന്‍ വകുപ്പുകള്‍ക്ക് ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശം. തുടക്കം കുറിച്ചതും ഇനി ആരംഭിക്കാനുള്ളതുമായ പദ്ധതികളില്‍ ആണ് വെട്ടിക്കുറയ്ക്കല്‍ വരുത്തുക. വിവിധ പദ്ധതികളില്‍ 30% വെട്ടിക്കുറയ്ക്കാന്‍ കഴിഞ്ഞ പ്രളയത്തിലും വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

5. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ 5 ദിവസമാക്കാന്‍ ശുപാര്‍ശ

സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ 5 ദിവസമാക്കാന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ. വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടമായി 60 ആക്കണമെന്നും പൊതു അവധികളും കാഷ്വല്‍ ലീവുകളും കുറയ്ക്കണമെന്നും വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലുള്ള ഭരണ പരിഷ്‌കാര കമ്മീഷൻ സമർപ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.

Similar News