വന്ദേഭാരത് മാത്രം മതിയോ, സാധാരണ യാത്രക്കാരെ വേണ്ടേ? റെയില്‍വേ മന്ത്രിയുടെ മറുപടി ഇങ്ങനെ
വിവിധ വിഭാഗം ജനങ്ങളുടെ അഭിലാഷങ്ങള്‍ സര്‍ക്കാറിന് കണക്കിലെടുക്കേണ്ടതുണ്ടെന്ന് അശ്വിനി വൈഷ്ണവ്
വന്ദേഭാരത് ട്രെയിനുകള്‍ക്ക് മാത്രം മതിയോ റെയില്‍വേയുടെ ഊന്നല്‍, സാധാരണക്കാര്‍ക്ക് പരിഗണനയൊന്നും വേണ്ടേ? കേന്ദ്ര ബജറ്റിന് പിന്നാലെ ഉയര്‍ന്ന ഈ ചോദ്യങ്ങളോട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രതികരണം ഇങ്ങനെ:
''നിശ്ചിത വരുമാന പരിധിയില്‍ താഴെയുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ രാജ്യത്തുണ്ട്. അവരുടെ ക്ലേശം സര്‍ക്കാര്‍ കണക്കിലെടുത്തു വരുന്നുമുണ്ട്. അതോടൊപ്പം പുതിയ അഭിലാഷങ്ങളുടെ ഒരു തലമുറയും നമുക്കുണ്ട്. ഈ വിഭാഗത്തില്‍ പെടുന്നവരുടെ താല്‍പര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് രണ്ടു വിഭാഗങ്ങളെയും റെയില്‍വേ പരിഗണിക്കുന്നു.
രണ്ട് നോണ്‍ എ.സിക്ക് ഒരു എ.സി കോച്ച്
റെയില്‍വേ യാത്രക്കാരുടെ കാര്യത്തില്‍ ട്രെയിനില്‍ നിശ്ചിത ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. എ.സി കോച്ചും നിശ്ചിത എണ്ണം സാധാരണ കോച്ചുകളും ഉണ്ട്. എ.സിയല്ലാത്ത രണ്ട് കോച്ച് ഇടുമ്പോള്‍ ഒരു എ.സി കോച്ച് എന്നതാണ് അനുപാതം. നോണ്‍-എ.സി ബോഗികള്‍ കൂട്ടണമെന്ന ആവശ്യം കൂടുതലായി ഉയരുന്നുണ്ട്. 2,500 നോണ്‍-എ.സി കോച്ചുകള്‍ നിര്‍മിച്ചു വരുകയാണ്. മൂന്നു വര്‍ഷം കൊണ്ട് 10,000 നോണ്‍-എ.സി കോച്ചുകള്‍ നിര്‍മിക്കാനാണ് പരിപാടി.''