പണപ്പെരുപ്പം കുറയുമ്പോഴും ആശങ്കയായി ഭക്ഷ്യ വിലക്കയറ്റം; കേരളത്തില്‍ ദേശീയ ശരാശരിക്കു മുകളില്‍
കഴിഞ്ഞ 7 മാസവും ഭക്ഷ്യ വിലക്കയറ്റം 8 ശതമാനത്തിനു മുകളിലാണെന്നത് ശുഭകരമായ സൂചനയല്ല
രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റത്തില്‍ നേരിയ കുറവുണ്ടെങ്കിലും ഇപ്പോഴും ആശങ്കകരമായ നിലയില്‍ തന്നെ. ഏപ്രിലിലെ 8.70 ശതമാനത്തില്‍ നിന്ന് മേയില്‍ 8.69 ശതമാനത്തിലേക്ക് ചെറിയ കുറവു മാത്രമാണ് ഭക്ഷ്യ വിലക്കയറ്റത്തില്‍ ഉണ്ടായത്. വിലക്കയറ്റം കാര്യമായി താഴാത്തത് കുറഞ്ഞ വരുമാനക്കാരെയും നഗരങ്ങളിലെ ഇടത്തരക്കാരെയും വലിയ തോതില്‍ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ 7 മാസവും ഭക്ഷ്യ വിലക്കയറ്റം 8 ശതമാനത്തിനു മുകളിലാണെന്നത് ശുഭകരമായ സൂചനയല്ല. നഗരങ്ങളില്‍ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിലാണ്, 8.83 ശതമാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗവും പാല്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതും വരും മാസങ്ങളില്‍ ഭക്ഷ്യവിലക്കയറ്റ തോത് ഉയരാന്‍ കാരണമായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാജ്യത്ത് ചില്ലറ വിലക്കയറ്റം കുറഞ്ഞ നിലയില്‍
രാജ്യത്ത് ചില്ലറ വിലക്കയറ്റം 12 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഏപ്രിലില്‍ 4.83 ശതമാനം ആയിരുന്ന ചില്ലറവിലക്കറ്റം മേയില്‍ 4.75 ശതമാനത്തിലേക്കാണ് താഴ്ന്നത്. 12 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വിലക്കയറ്റം. അതേസമയം, വ്യവസായിക ഉത്പാദനം 5 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഗ്രാമങ്ങളിലെ വിലക്കയറ്റം 5.28 ശതമാനവും നഗരങ്ങളില്‍ 4.15 ശതമാനവുമാണ്. ഉപഭോക്തൃ ഭക്ഷ്യവിലസൂചികയിലും ഏപ്രിലിനെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. മേയില്‍ 8.69 ശതമാനമാണ്. ഏപ്രിലില്‍ ഇത് 8.70 ശതമാനമായിരുന്നു. വിലക്കയറ്റവുമായി ബന്ധപ്പെട്ട സൂചികകളെല്ലാം 2023 മേയ് മാസത്തെ അപേക്ഷിച്ച് കുറഞ്ഞ നിലയിലാണെന്നത് ആശ്വാസകരമാണ്.
കേരളത്തില്‍ കൂടുതല്‍
ചില്ലറ വിലക്കയറ്റത്തില്‍ ദേശീയ ശരാശരിയിലും കൂടിയ നിലയിലാണ് കേരളത്തിലെ അവസ്ഥ. ദേശീയ തലത്തില്‍ 4.75 ശതമാനമാണെങ്കില്‍ കേരളത്തിലിത് 5.47 എന്ന നിലയിലാണ്. കേരളത്തിലെ ഗ്രാമങ്ങളില്‍ വിലക്കയറ്റം 5.83 ശതമാനവും നഗരങ്ങളില്‍ 4.91 ശതമാനവുമാണ്. കര്‍ണാടക (6.11), ആന്ധ്രാപ്രദേശ് (5.87), തെലങ്കാന (5.97) എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് വിലക്കയറ്റത്തില്‍ കേരളത്തിന് മുകളിലുള്ളത്. ഡെല്‍ഹിയില്‍ (1.99) ആണ് ഏറ്റവും കുറഞ്ഞ നിലയിലുള്ളത്.
രാജ്യത്ത് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിലക്കയറ്റം 6 ശതമാനത്തില്‍ താഴെയാണ് നില്‍ക്കുന്നത്. സുഗന്ധവ്യജ്ഞനം, വസ്ത്രം, പാദരക്ഷകള്‍, ഹൗസിംഗ് തുടങ്ങിയ വിഭാഗത്തിലും വിലക്കയറ്റത്തില്‍ കുറവു വന്നിട്ടുണ്ട്. രാജ്യത്തെ വ്യവസായിക ഉത്പാദനം ഏപ്രിലില്‍ 5 ശതമാനമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട രേഖയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സമാന മാസം ഇത് 4.6 ശതമാനമായിരുന്നു. ഖനന മേഖല മുന്‍ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 6.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ നിര്‍മാണ മേഖലയില്‍ 3.9 ശതമാനത്തിന്റെ വളര്‍ച്ചയേ ഉണ്ടായുള്ളൂ. ഇലക്ട്രിസിറ്റി മേഖലയില്‍ 10.2 ശതമാനത്തിന്റെ വലിയ വളര്‍ച്ചയും നേടാന്‍ സാധിച്ചു.