മലയാളിയുടെ വിദേശ ഭ്രമത്തിന് അറുതി, വരുമാനം കുറഞ്ഞതോടെ ഏജന്‍സികള്‍ തന്ത്രങ്ങള്‍ മാറ്റുന്നു

സ്റ്റുഡന്റ് വീസയ്ക്ക് പകരം ടൂര്‍ പാക്കേജുകളിലേക്ക് വഴിമാറി കമ്പനികളുടെ നിലനില്പിനായുള്ള പോരാട്ടം

Update:2024-12-12 12:20 IST
വിദേശ വിദ്യാഭ്യാസ ഭ്രമം കുറഞ്ഞതോടെ കുട്ടികളെ വിദേശത്തേക്ക് അയച്ചിരുന്ന ഏജന്‍സികള്‍ അതിജീവനത്തിനായി മറ്റു വഴികള്‍ തേടുന്നു. ചില കമ്പനികള്‍ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയെങ്കില്‍ ഒരുകൂട്ടര്‍ വിദേശ ടൂര്‍ പ്രോഗ്രാമുകളിലേക്ക് കടന്നിരിക്കുകയാണ്. സ്റ്റഡി എബ്രോഡ് കമ്പനികള്‍ മാത്രമല്ല വിദേശ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

സ്റ്റുഡന്റ് വീസയ്ക്ക്‌ പകരം ടൂര്‍ പാക്കേജുകള്‍

സ്റ്റുഡന്റ് വീസയില്‍ നിരവധി മലയാളി കുട്ടികളെ കാനഡയിലും യു.കെയിലും എത്തിച്ച പ്രമുഖ കമ്പനി പിടിച്ചു നില്‍ക്കാനായി വിദേശ ടൂര്‍ പാക്കേജുകളിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ടൂര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശക്തിപ്പെടുത്തുകയും ചെയ്തു. വിദേശ വിദ്യാഭ്യാസത്തിന്റെ ചതിക്കുഴികള്‍ വലിയ വാര്‍ത്തയായതാണ് ഇത്തരം ഏജന്‍സികള്‍ക്ക് തിരിച്ചടിയാകുന്നത്. വരും വര്‍ഷങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അത്ര സുഖകരമായ അവസ്ഥയായിരിക്കില്ലെന്ന യാഥാര്‍ത്ഥ്യം രക്ഷിതാക്കളും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.
മുമ്പ് ഓവര്‍സീസ് എഡ്യുക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആറോളം കമ്പനികള്‍ ഇപ്പോള്‍ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചില കമ്പനികള്‍ യൂറോപ്യന്‍ യാത്രയില്‍ ഫോക്കസ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ ഏഷ്യയിലെ പ്രധാന രാജ്യങ്ങളിലേക്കുള്ള പാക്കേജുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദേശ വിദ്യാഭ്യാസത്തിനായി കുട്ടികളെ അയയ്ക്കുമ്പോള്‍ ലഭിച്ചിരുന്ന വരുമാനം ടൂര്‍ പാക്കേജുകളിലൂടെ ലഭിക്കുന്നില്ല.

ജീവനക്കാരെ കുറയ്ക്കുന്നു

കേരളത്തില്‍ നിന്ന് ആയിരത്തിലധികം വിദ്യാര്‍ത്ഥികളെ വിദേശത്തേക്ക് പഠനത്തിനയച്ച മധ്യകേരളത്തിലെ പ്രമുഖമായൊരു ഏജന്‍സി അടുത്തിടെ അവരുടെ ഓഫീസ് അടച്ചുപൂട്ടിയിരുന്നു. ദീര്‍ഘകാലത്തേക്ക് ലീസിന് എടുത്ത ഓഫീസ് കെട്ടിടമായിരുന്നതില്‍ ഇവിടെ ബ്യൂട്ടി പാര്‍ലറോ മറ്റെന്തെങ്കിലും ഷോപ്പോ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കമ്പനി ഉടമ.
വിദേശ പഠനത്തിനായി കുട്ടികളുടെ ഒഴുക്ക് ഉണ്ടായ സമയത്ത് ചെറിയ സിറ്റികളില്‍ പോലും വലിയ വാടകയ്ക്ക് ഓഫീസുകള്‍ തുറന്നിരുന്നവര്‍ പതിയെ ചുവടുമാറ്റിയിട്ടുണ്ട്. ഒട്ടുമിക്ക കമ്പനികളും ഓഫീസുകളും ജീവനക്കാരെയും കുറച്ചിട്ടുണ്ട്. കുട്ടികളുടെ തള്ളിക്കയറ്റം ഉണ്ടായിരുന്ന സമയത്ത് ശമ്പളവര്‍ധന നല്‍കിയിരുന്ന കമ്പനികള്‍ ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ചിട്ടുണ്ട്. ഒട്ടുമിക്ക സ്ഥാപനങ്ങളും പുതിയ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചിരിക്കുകയാണ്.
വിദേശഭ്രമം കുറഞ്ഞത് ഐ.ഇ.എല്‍.ടി.എസ് കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. മുമ്പ് ഒരു ബാച്ചില്‍ 25-30 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാലോ അഞ്ചോ പേരെ മാത്രമാണ് കിട്ടുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് ഐ.ഇ.എല്‍.ടി.എസ് ഒ.ഇ.ടി പഠിപ്പിക്കുന്നവര്‍ക്ക് പറയുന്ന പ്രതിഫലം കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. പല സെന്ററുകളിലും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതോടെ അധ്യാപകരുടെ കരാര്‍ പുതുക്കപ്പെടാത്ത അവസ്ഥയുമുണ്ട്.
Tags:    

Similar News