ഉമ്മന്‍ ചാണ്ടി ഇനി ഓര്‍മ്മ; ജനനായകന് വിട

തുടര്‍ച്ചയായി 53 വര്‍ഷക്കാലം നിയമസഭാംഗം, രണ്ട് തവണ മുഖ്യമന്ത്രി; സംസ്‌കാരം വ്യാഴാഴ്ച, സംസ്ഥാനത്ത് ഇന്ന് പൊതു അവധി

Update:2023-07-18 11:39 IST

ഉമ്മന്‍ ചാണ്ടി (File photo/courtesy: Congress Twitter)

കേരള രാഷ്ട്രീയം കണ്ട സൗമ്യമുഖത്തിന് വിട. 'ജനനായകനായ മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിക്കപ്പെട്ട, എന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാമുഖ്യം നല്‍കുകയും അവരോടൊത്ത് അടുത്തിടപഴകുകയും ചെയ്ത മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു.

അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെക്കാലമായി ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെ 4.25നായിരുന്നു അന്ത്യം. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയും നൽകി.
ഇന്ന് തിരുവനന്തപുരത്ത് വിമാനമാര്‍ഗം എത്തിക്കുന്ന ഭൗതിക ശരീരം കെ.പി.സി.സി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍.
53 വര്‍ഷം എം.എല്‍.എ., 2 തവണ മുഖ്യമന്ത്രി
ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 53 വര്‍ഷക്കാലം എം.എല്‍.എ എന്ന റെക്കോഡിന് ഉടമയാണ് ഉമ്മന്‍ ചാണ്ടി. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 തവണ അദ്ദേഹം ജയിച്ച് നിയമസഭയിലെത്തി. 27-ാം വയസിലായിരുന്നു എം.എല്‍.എ പട്ടം ആദ്യമായി അണിഞ്ഞത്.
1977ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി. 1982ല്‍ ആഭ്യന്തര മന്ത്രിസ്ഥാനം. 1991ല്‍ ധനമന്ത്രിപദം. 1991-94ലെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് തുടര്‍ച്ചയായി മൂന്ന് തവണ ബജറ്റ് അവതരിപ്പിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രിയായിരിക്കേ തന്നെ 2016-17ല്‍ ആകസ്മികമായി ധനമന്ത്രി പദവിയേറ്റെടുത്ത അദ്ദേഹം ആ വര്‍ഷത്തെ ബജറ്റും അവതരിപ്പിച്ചു. 22 വര്‍ഷത്തിന് ശേഷമായിരുന്നു ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അതിന് മുമ്പ്, മുഖ്യമന്ത്രിയായിരിക്കേ ബജറ്റ് അവതരിപ്പിച്ചത് 1987ല്‍ ഇ.കെ. നായനാര്‍ ആയിരുന്നു.
ജനകീയ മുഖ്യമന്ത്രി
2004ല്‍ എ.കെ. ആന്റണി രാജിവച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായത്. 2006 വരെ പദവി വഹിച്ചു. 2006 മുതല്‍ 2011വരെ പ്രതിപക്ഷനേതാവായിരുന്നു. 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി, 2016 വരെ ആ സ്ഥാനം വഹിച്ചു.
ജനസമ്പര്‍ക്ക പരിപാടിയാണ് അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിയത്. 14 ജില്ലകളിലും നിരവധി തവണ അദ്ദേഹം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ച് താഴേക്കിടയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്നു. പരാതികള്‍ നേരിട്ട് കേട്ട് പരിഹരിക്കാന്‍ ശ്രമിച്ചു.
കേരളത്തിന്റെ വികസന ഭൂപടത്തിലെ നിരവധി നിര്‍ണായക പദ്ധതികളിലും കൈമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
രാഷ്ട്രീയത്തിലെ ചാണക്യന്‍
പൊതുവേ സൗമ്യനായിരുന്നു ഉമ്മന്‍ ചാണ്ടി. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. എങ്കിലും കോണ്‍ഗ്രസിന്റെ പൊതുസ്വഭാവമായ ഗ്രൂപ്പ് പോരിലുൾപ്പെടെ എന്നും കര്‍ക്കശ നിലപാടുകളെടുക്കാനും ഒപ്പമുള്ളവരെ സംരക്ഷിക്കാനും അദ്ദേഹം ഉറച്ച് നിന്നിരുന്നു. ബാര്‍ കോഴ, സോളാര്‍ കേസ് തുടങ്ങി കേരള രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മനഃസാക്ഷിയെ പിടിച്ചുലച്ച വിവാദങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും ഉറച്ച മനസ്സോടെ പൊരുതിനിന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി.
സ്‌കൂള്‍കാലം തൊട്ടേ രാഷ്ട്രീയത്തില്‍ തത്പരനായിരുന്നു അടുപ്പമുള്ളവര്‍ കുഞ്ഞൂഞ്ഞെന്നും ഒ.സിയെന്നും സ്‌നേഹത്തോടെ വിളിച്ചിരുന്ന ഉമ്മന്‍ ചാണ്ടി. 1962ല്‍ കെ.എസ്.യുവിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായി. 1965ല്‍ സംസ്ഥാന പ്രസിഡന്റും. 1969ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. തുടര്‍ന്നാണ്, 1970ല്‍ പുതുപ്പള്ളിയില്‍ നിന്ന് എം.എല്‍.എയായത്. മറിയാമ്മയാണ് ഭാര്യ. മക്കള്‍: മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍.
Tags:    

Similar News