ഒളിമ്പിക്സിനു തൊട്ടുമുമ്പ് റെയിൽവേ അട്ടിമറി; പാളിയ സുരക്ഷയിൽ പകച്ച് പാരിസ്
പല ലൈനുകളിലും ട്രെയിൻ ഗതാഗതം നിലച്ചു
പാരിസ് ഒളിമ്പിക്സിന്റെ സുരക്ഷ കുറ്റമറ്റതാക്കാൻ ഫ്രാൻസ് ഒരുക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. 45000ൽപരം പൊലീസുകാർ, 10000 സൈനികർ, 2000ഓളം സ്വകാര്യ സുരക്ഷ ഏജന്റുമാർ. കെട്ടിടങ്ങൾക്ക് മുകളിലുമുണ്ട് നിരീക്ഷണം. ഡ്രോൺ വഴിയുള്ള നിരീക്ഷണം പുറമെ. ഇതിനെല്ലാമിടയിലും ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾക്കു മുമ്പ് റെയിൽവേയുടെ വടക്ക്, കിഴക്കൻ ലൈനുകൾക്ക് നേരെ ആക്രമണം; തീ വെയ്പ്. ഫ്രാൻസ്കോ-സ്വിസ് അതിർത്തിയിലെ യൂറോ വിമാനത്താവളത്തിൽ ബോംബ് ഭീഷണി.
7,500ൽപരം അത്‍ലറ്റുകളും മൂന്നു ലക്ഷത്തിലേറെ കാണികളും
പാരിസിലേക്കുള്ള റെയിൽവേ ലൈനുകളും നിർമിതികളുമാണ് അക്രമികൾ ലക്ഷ്യമാക്കിയതെന്ന് പൊലീസ് വിശദീകരിച്ചു. അതിവേഗ ട്രെയിൻ ശൃംഖലയെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഗതാഗതത്തെ ഇത് കാര്യമായി ബാധിച്ചു. വിമാനത്താവള പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണിയെ തുടർന്ന് ആളുകളെ ഒഴിപ്പിച്ച് ഈ വിമാനത്താവളം അടച്ചിരുന്നു. റെയിൽവേക്ക് നേരെ ഉണ്ടായ ആക്രമണവും വിമാനത്താവളത്തിലെ ബോംബു ഭീഷണിയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. റെയിൽ ഗതാഗതത്തിൽ നേരിട്ട തടസം മാറ്റിയെടുക്കാൻ തകൃതിയായ പ്രവർത്തനം തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
7,500ൽപരം അത്‍ലറ്റുകളും മൂന്നു ലക്ഷത്തിലേറെ കാണികളും എത്തിച്ചേരുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് തൊട്ടു മുമ്പുണ്ടായ ആക്രമണം പരിപാടികളുടെ തിളക്കം ചോർത്തി.