ബംഗളുരുവില്‍ 'ദോശമാവ് യുദ്ധം'; കച്ചമുറുക്കി നന്ദിനിയും

ഡല്‍ഹിയിലേക്കും വിപണി വളര്‍ത്താന്‍ ഒരുങ്ങുന്നു

Update:2024-10-17 20:34 IST

ടെക്കികളുടെ നഗരത്തില്‍ ദോശമാവിന് എന്താണ് കാര്യം? ജോലി തിരക്കിനിടയില്‍ വേഗത്തിലൊരു ദോശ ചുടാന്‍ ബംഗളുരു നഗരത്തിലുള്ളവര്‍ക്ക് പ്രിയം വിപണിയില്‍ കിട്ടുന്ന ദോശ മാവിനോടാണ്. ഇഡലി, ദോശ മാവ് ബ്രാന്റുകളുടെ വിപണി യുദ്ധമാണ് ബംഗളുരുവില്‍ നടക്കുന്നത്. ഐഡി, അസല്‍, എം.ടി.ആര്‍ തുടങ്ങിയ വന്‍കിട ബ്രാന്റുകളോട് മല്‍സരിക്കാന്‍ ഇപ്പോള്‍ കര്‍ണാടകയിലെ പ്രമുഖ പാല്‍ കമ്പനിയായ നന്ദിനിയും എത്തുന്നു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ഡയറി ബ്രാന്റായ നന്ദിനിയുടെ ഇഡലി, ദോശ മാവുകള്‍ വൈകാതെ വിപണിയില്‍ എത്തും. ഉദ്ഘാടനത്തിനായി കര്‍ണാടക മുഖ്യമന്ത്രിയുടെ സമയം കാത്തിരിക്കുകയാണെന്ന് മില്‍ക്ക് ഫെഡറേഷന്‍ മാനേജിംഗ് ഡയരക്ടര്‍ എം.കെ.ജഗദീഷ് പറഞ്ഞു.

വേറിട്ടു നിര്‍ത്തുന്നത് വേ പ്രോട്ടീന്‍

നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവുകളെ മറ്റു ബ്രാന്റുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത് അതിലുള്ള വേ പ്രോട്ടീന്‍ ആയിരിക്കുമെന്ന് എം.കെ.ജഗദീഷ് പറഞ്ഞു. പാലില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഈ പ്രോട്ടീന്‍, മാവിന് മണവും തിളക്കവും നല്‍കും. 450, 900 ഗ്രാമുകളില്‍ കവറുകളിലായാണ് വിപണിയില്‍ എത്തിക്കുന്നത്. 900 ഗ്രാം മാവ് കൊണ്ട് 18 ഇഡലി, ഉണ്ടാക്കാം. ദോശയാണെങ്കില്‍ 12 മുതല്‍ 14 വരെ എണ്ണവും.

വിപണി ഡല്‍ഹിയിലേക്കും

നന്ദിനി ബ്രാന്റ് ഡല്‍ഹി വിപണിയിലും എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് കർണാടകം മില്‍ക്ക് ഫെഡറേഷന്‍. നിലവില്‍ മഹാരാഷ്ട്ര,  ഗോവ, ഹൈദരാബാദ്, തെലങ്കാന, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളി്ല്‍ അവര്‍ക്ക് വിപണി സാന്നിധ്യമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിലും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലും നന്ദിനി സ്‌പോണ്‍സര്‍മാരായിരുന്നു. നവംബറില്‍ ആരംഭിക്കുന്ന പ്രോ കബഡി ലീഗില്‍ സ്‌പോണ്‍സര്‍മാരാകാന്‍ തയാറെടുക്കുകയാണ്.


Tags:    

Similar News