53 ജിബി ഡാറ്റ ഫ്രീ; ദേശീയ ദിനത്തില്‍ 'ഡു' വിന്റെ സമ്മാനം; പ്രവാസികള്‍ ചെയ്യേണ്ടത്
പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് വരിക്കാര്‍ക്ക് വ്യത്യസ്ത ഓഫറുകള്‍
യു.എ.ഇ ദേശീയ ദിനത്തില്‍ വരിക്കാര്‍ക്കായി വമ്പന്‍ സൗജന്യവുമായി ഗള്‍ഫിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ 'ഡു'. രാജ്യത്തിന്റെ 53-ാം വാര്‍ഷിക ദിനത്തില്‍ 53 ജിബി ഡാറ്റയാണ് വരിക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഇന്ന് മുതല്‍ ഡിസംബര്‍ നാലു വരെ വിവിധ ഓഫറുകള്‍ നല്‍കുമെന്ന് കമ്പനി വക്താവ് ദുബൈയില്‍ അറിയിച്ചു. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് വരിക്കാര്‍ക്ക് വ്യത്യസ്ത ഓഫറുകളാണുള്ളത്. ഡു വരിക്കാരായ പ്രവാസികള്‍ക്ക് ഇത് അപ്രതീക്ഷിത സമ്മാനമാകും.
ഫ്രീ ഡാറ്റ എങ്ങനെ ലഭിക്കും?
പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ലഭിക്കുന്ന 53 ജിബി സൗജന്യ ഡാറ്റക്ക് ഒരാഴ്ചത്തെ കാലാവധിയാണ് ഉള്ളത്. അതേസമയം പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഇതിന് ഡിസംബര്‍ 31 വരെ വാലിഡിറ്റിയുണ്ടാകും. ഡു വരിക്കാര്‍ക്ക് ഇന്ന് (നവംബര്‍ 28) അര്‍ധരാത്രി മുതല്‍ എസ്.എം.എസിലൂടെയാണ് ഓഫര്‍ ലഭിക്കുക. സൗജന്യ ഡാറ്റ ലഭിക്കുന്ന രീതി വിശദീകരിക്കുന്ന എസ്.എം.എസ് സന്ദേശം എല്ലാ വരിക്കാര്‍ക്കും അയക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സന്ദേശത്തിലുള്ള വിവരങ്ങള്‍ക്കനുസരിച്ച് മറുപടി നല്‍കുന്നതോടെ സൗജന്യ ഡാറ്റ ആക്ടീവാകും.