കണ്ണൂര്‍ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി; ബോട്ടിംഗും പരിഗണനയില്‍
ജലസേചന വകുപ്പിന്റെ സ്ഥലത്ത് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ പദ്ധതി
പ്രാദേശിക വിനോദ സഞ്ചാര മേഖലയില്‍ പുതിയ സാധ്യതകളുമായി കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതിയൊരുങ്ങുന്നു. കല്യാശേരിക്കടുത്തുള്ള ഇരിണാവ് ഡാം പരിസരത്താണ് വിനോദത്തിനുള്ള വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇരിണാവിലെ പുഴയും പഴയ ഡാമും ഉള്‍പ്പെടുന്ന സ്ഥലങ്ങളെ ചേര്‍ത്താണ് പദ്ധതി. ജലസേചന വകുപ്പിന്റെ കൈവശമുള്ള സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപടികള്‍ മുന്നോട്ടു പോകുന്നുണ്ട്. എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തിയാകും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
പഴയ ഡാമിന്റെ മോടി കൂട്ടും
ഇരിണാവിലെ പഴയ ഡാമിന്റെ സൗന്ദര്യവല്‍ക്കരണവും പദ്ധതിയുടെ ഭാഗമാകും. പെയിന്റടിച്ച് കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. ഡാമില്‍ ബോട്ടിംഗ് സൗകര്യം, പ്രവേശന കവാടത്തോട് ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, സ്റ്റേജ്, ചെറിയ കഫ്റ്റീരിയകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുങ്ങുക. എം.വിജിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തി. സ്ഥലത്തിന്റെ അതിര്‍ത്തി സര്‍വ്വെ ഉടനെ പൂര്‍ത്തിയാക്കി പദ്ധതി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലെങ്കിലും പ്രകൃതി സൗന്ദര്യം കാണാന്‍ ഏറെ പേര്‍ എത്തുന്ന പ്രദേശമാണ് ഇരിണാവ് പുഴയും പഴയ ഡാമും. സമീപത്ത് പുതിയ പാലം നിര്‍മിച്ചതോടെ ഡാമിന് മുകളിലൂടെയുള്ള വാഹന ഗതാഗതം അവസാനിച്ചു. കാലപഴക്കമേറെയുള്ള പഴയ ഡാം പൊളിച്ച് മാറ്റി ജലസംഭരണത്തിന് പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യം നിലവിലുണ്ട്. പഴയ ഡാം അറ്റകുറ്റ പണികള്‍ നടത്തി സൗന്ദര്യവല്‍ക്കരിക്കുകയാണ് പുതിയ പദ്ധതിയില്‍ ചെയ്യുന്നത്. നിരവധി പേര്‍ ഫിഷിംഗിനായി എത്തുന്ന പ്രദേശം കൂടിയാണിത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിന് ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരും ഇവിടെയെത്തുന്നു.