വെല്ലുവിളികളില്‍ മുങ്ങിയ മുഖം കൂടിയുണ്ട്, രത്തന്‍ ടാറ്റക്ക്
ബിസിനസ് ലോകത്തെ അതികായന്‍ നേരിട്ടത് പല വെല്ലുവിളികള്‍
ബിസിനസ് ലോകത്തും മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളിലും നല്‍കിയ വിലപ്പെട്ട സംഭാവനകളിലൂടെ ചിരസ്മരണ നേടിയ രത്തന്‍ ടാറ്റക്ക് കടുത്ത വെല്ലുവിളികളുടെ ജീവിത കഥ കൂടിയുണ്ട്. നീര റാഡിയ ടേപ് ഉയര്‍ത്തിയ വിവാദം, ടെലികോം ബിസിനസിലെ പരാജയം, സൈറസ് മിസ്ട്രിയുമായുള്ള പോര് എന്നിങ്ങനെ നീളുന്നതാണ് ആ കഥകള്‍.
വിരമിച്ച ശേഷവും ടാറ്റ സണ്‍സിന്റെ പ്രവര്‍ത്തനപരമായ തീരുമാനങ്ങളില്‍ രത്തന്‍ ടാറ്റ ഇടപെടുകയും ഇടങ്കോലിടുകയും ചെയ്യുന്നുവെന്നാണ് മിസ്ട്രി കുറ്റപ്പെടുത്തിയത്. അതുമൂലം ടാറ്റ ഗ്രൂപ്പിന് ഭരണപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. രത്തന്‍ ടാറ്റയുടെ പല തീരുമാനങ്ങളും വൈകാരികമായി. ബിസിനസില്‍ ഉണ്ടായിരിക്കേണ്ട കണിശതയും യുക്തിഭദ്രതയുമൊന്നും നോക്കിയിരുന്നില്ല. ടാറ്റ ടെലിസര്‍വീസസിന്റെ കാര്യത്തില്‍ ചെന്നൈയിലെ ബിസിനസുകാരന്‍ സി. ശിവശങ്കരനോട് പ്രത്യേക താല്‍പര്യം കാണിച്ചു. ഇതൊക്കെയായിരുന്നു സൈറസ് മിസ്ട്രിയുടെ പ്രധാന ആരോപണങ്ങള്‍. അത് വലിയൊരു നിയമയുദ്ധത്തിലേക്കു തന്നെ നീങ്ങി. ടാറ്റ സണ്‍സില്‍ കെടുകാര്യസ്ഥത, തെറ്റായ രീതികള്‍ എന്നിവ ആരോപിച്ച് മിസ്ട്രി കമ്പനി നിയമ ട്രിബ്യൂണലില്‍ കേസു കൊടുത്തു. എന്നാല്‍ 2021ല്‍ സുപ്രീംകോടതി വിധി വന്നത് ടാറ്റ സണ്‍സിന് അനുകൂലമായിട്ടാണ്. യുടെ ആരോപണങ്ങള്‍ കോടതി തള്ളി. മിസ്ട്രി
സ്വയം കണ്ടെത്തിയ പിന്‍ഗാമിയോട് യുദ്ധം ചെയ്യേണ്ടി വന്നപ്പോള്‍
ടാറ്റ നേരിട്ട വെല്ലുവിളികളില്‍ ഏറ്റവും കടുത്തത് ഒരുപക്ഷേ, മിസ്ട്രിയുമായുള്ള യുദ്ധം തന്നെയായിരിക്കും. ടാറ്റ ഗ്രൂപ്പിനെ നയിക്കാന്‍ രത്തന്‍ ടാറ്റ കണ്ടെത്തിയ മിസ്ട്രിയാണ് അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. മിസ്ട്രി 2016ല്‍ ടാറ്റ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കപ്പെട്ടു. അത് എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. മറുവശത്ത്, കോടതിയിലെ നിയമ യുദ്ധം പല ആഭ്യന്തര കാര്യങ്ങളും പൊതുചര്‍ച്ചക്ക് എടുത്തിട്ട സ്ഥിതി ഉണ്ടാക്കി. അറിയാത്ത പല രഹസ്യങ്ങളും അങ്ങനെ പുറംലോകത്തെത്തി.
കോര്‍പറേറ്റ് ലോകത്ത് പിന്നാമ്പുറ നീക്കം നടത്തിപ്പോന്ന നീര റാഡിയ മുന്തിയ രാഷ്ട്രീയക്കാരൂം ബിസിനസുകാരുമൊക്കെയായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ 2010ല്‍ പുറത്തു വന്നപ്പോള്‍ ഉയര്‍ന്ന കോലാഹലം ചെറുതല്ല. ടാറ്റ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്തിരുന്നത് നീര റാഡിയ ആയതു കൊണ്ട് വിവാദത്തിലേക്ക് രത്തന്‍ ടാറ്റയുടെ പേരും കടന്നു വന്നു. ടാറ്റ അടക്കം പ്രമുഖ വ്യവസായികളുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് കാര്യങ്ങള്‍ റാഡിയ ടേപ്പില്‍ കടന്നു വരുന്നുണ്ട്. വാടകക്കെടുത്തവരെ ഉപയോഗിച്ച് സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മട്ടിലുള്ള സംഭാഷണങ്ങള്‍ രത്തന്‍ടാറ്റയുടെ പേരു കളയുമെന്ന സ്ഥിതി വരുത്തി. എന്നാല്‍ അതിനോട് സംയമനം നിറഞ്ഞ മൗനമാണ് ടാറ്റയില്‍ നിന്നുണ്ടായത്. പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍ രത്തന്‍ ടാറ്റ ആദരണീയനായിത്തന്നെ തുടര്‍ന്നു.
ടാറ്റ ടെലി, പരാജയത്തിന്റെ കഥ
ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരിക്കേ എടുത്ത ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ട സ്ഥിതിയും രത്തന്‍ ടാറ്റക്ക് ഉണ്ടായി. ടാറ്റ ടെലി സര്‍വീസസ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാനമായൊരു പരാജയം. 2002ല്‍ സി.ഡി.എം.എ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫിക്‌സ്ഡ് മൊബിലിറ്റി സര്‍വീസസ് റിലയന്‍സ് വാഗ്ദാനം ചെയ്തു. സുനില്‍ മിത്തലിന്റെ നേതൃത്വത്തില്‍ ജി.എസ്.എം അധിഷ്ഠിത കമ്പനിക്കാര്‍ അതിനെ എതിര്‍ത്തു. ജി.എസ്.എം പക്ഷത്തായിരുന്നു തുടക്കത്തില്‍ രത്തന്‍ ടാറ്റ. സര്‍ക്കാറിനെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു. പക്ഷേ, സി.ഡി.എം.എ ടെക്‌നോളജി ഉപയോഗിക്കുന്നതിലാണ് ടാറ്റ ടെലി ഒടുവില്‍ എത്തിച്ചേര്‍ന്നത്. അത് തെറ്റായെന്ന് പിന്നീട് തെളിഞ്ഞു. ജി.എസ്.എമ്മിനെപ്പോലെ വികസിച്ച ഒന്നായിരുന്നില്ല സി.ഡി.എം.എ. പിന്നീട് ടാറ്റ ടെലി ജി.എസ്.എമ്മിലേക്ക് മാറാന്‍ ആഗ്രഹിച്ചപ്പോഴാകട്ടെ, വിപണി മറുവഴിക്ക് മുന്നോട്ടു പോയിരുന്നു. 2017ല്‍ മൊബൈല്‍ ബിസിനസ് എയര്‍ ടെല്ലിന് വില്‍ക്കാന്‍ ടാറ്റ ടെലി നിര്‍ബന്ധിതമായി. കരാര്‍ മുന്നോട്ടു നീക്കാന്‍ 50,000 കോടി രൂപ സര്‍ക്കാറിനും വായ്പ നല്‍കിയവര്‍ക്കുമായി കൊടുക്കേണ്ടി വന്നു ടാറ്റ ഗ്രൂപ്പിന്. ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തിന്റെ ഭാഗമാക്കേണ്ടി വരും, മുന്നോട്ടു നീങ്ങാന്‍ എന്നാണ് അതിനെക്കുറിച്ച് ടാറ്റ ഒരിക്കല്‍ പ്രതികരിച്ചത്.