ഗൗതം അദാനി വീണ്ടും ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിൽ
പട്ടികയില്‍ 13-ാം സ്ഥാനത്ത് മുകേഷ് അംബാനി
ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി. കഴിഞ്ഞ ദിവസങ്ങളിലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിക്കുതിപ്പിന്റെ കരുത്തിലാണ് ഗൗതം അദാനിയുടേ നേട്ടം. അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂല്യം 1.33 ലക്ഷം കോടി രൂപയുടെ മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ 19-ാം സ്ഥാനത്താണ് അദാനി ഇപ്പോള്‍. 6.5 ബില്യണ്‍ ഡോളറിന്റെ വര്‍ധനയോടെ അദാനിയുടെ മൊത്തം ആസ്തി 6,670 കോടി ഡോളറെത്തി (ഏകദേശം അഞ്ചര ലക്ഷം കോടി രൂപ). 9,000 ഡോളറിന്റെ മൊത്തം ആസ്തിയോടെ പട്ടികയില്‍ 13-ാം സ്ഥാനത്ത് മുകേഷ് അംബാനിയുണ്ട്.
തിരിച്ചുവരവിന് പിന്നിൽ
ഹിൻഡെൻബെർഗ് വിഷയത്തിൽ അദാനി ഗ്രൂപ്പിനെതിരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെത്തുടര്‍ന്ന് ഗ്രൂപ്പിന്റെ 10 ഓഹരികളും ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് നേട്ടമായത്. ഹിൻഡെൻബെർഗ് പുറത്തുവിട്ട ആരോപണങ്ങൾ 'വിശുദ്ധസത്യ'മായി കാണാനാവില്ലെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂലല്യം ഇന്ന് 33,000 കോടി രൂപ ഉയര്‍ന്ന് 11.6 ലക്ഷം കോടി രൂപയായി.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിൽ ലോകത്തെ ഏറ്റവും സമ്പന്നൻ ടെസ്ല, ട്വിറ്റർ എന്നിവയുടെ മേധാവി എലോൺ മസ്കാണ് (ആസ്തി 228 ബില്യണ്‍ ഡോളര്‍). രണ്ടാംസ്ഥാനത്ത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (177 ബില്യണ്‍ ഡോളര്‍), മൂന്നാമത് ഫ്രഞ്ച് ശതകോടീശ്വരൻ ബെര്‍ണാഡ് അര്‍നോള്‍ട്ട് (167 ബില്യണ്‍ ഡോളര്‍) എന്നിവരുണ്ട്.