ഓഹരി വിപണിയില്‍ വലിയ നേട്ടം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുന്നറിയിപ്പുമായി ജിയോജിത്

ജിയോജിതിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി

Update:2024-06-13 16:35 IST

image ക്രെഡിറ്റ്: www.geojit.com , canva

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്. ഓഹരി, മ്യൂച്വല്‍ ഫണ്ട് മുതലായ നിക്ഷേപങ്ങളില്‍ നിന്നും വന്‍ നേട്ടം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്നവര്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ജിയോജിതിന്റെയും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ലിമിറ്റഡിന്റെയും (ജിഎഫ്എസ്എല്‍) പേരും ലോഗോയും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് വന്‍ തുക നഷ്ടമായതായി റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച് ജിയോജിത് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതികള്‍ നല്‍കി.

ഗുരുതരമായ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് ജിയോജിത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൊതുജനങ്ങളും നിക്ഷേപകരും ഇത്തരം തട്ടിപ്പുകാരില്‍ നിന്നും അകലം പാലിക്കണം.സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്ഥാപനമെന്ന നിലയ്ക്ക്, ജിയോജിത് വാഗ്ദാനം ചെയ്യുന്ന എല്ലാ നിക്ഷേപ സേവനങ്ങളും സെബിയുടെ നിയന്ത്രണ ചട്ടക്കൂടിനുള്ളിലാണ്. തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷിതമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ആവശ്യമായ എല്ലാ നടപടികളും തുടര്‍ന്നും സ്വീകരിക്കും.ഉപയോക്താക്കളുടെയും പൊതുജനങ്ങളുടെയും വിശ്വാസം സംരക്ഷിക്കാനാണ് ജിയോജിത് മുന്‍ഗണന നല്‍കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News