തിരുപ്പതി ലഡുവിന് വിവാദച്ചുവ, ആന്ധ്ര തിളക്കുന്നു
ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദത്തില്‍ മൃഗക്കൊഴുപ്പുണ്ടെന്ന് ലബോറട്ടറി പരിശോധന ഫലം
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു ഭക്തജനങ്ങള്‍ക്ക് അമൂല്യമായ പ്രസാദം മാത്രമല്ല, പ്രത്യേക തനിമ മുന്‍നിര്‍ത്തി ഭൗമസൂചിക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉല്‍പന്നം കൂടിയാണ്. തിരുപ്പതി തിരുമല ദേവസ്ഥാനം ലഡു തയാറാക്കാന്‍ അഞ്ചു ലക്ഷം കിലോഗ്രം നെയ്യാണ് ഓരോ വര്‍ഷവും വാങ്ങുന്നത്. ഓരോ മാസവും വേണ്ടത് 42,000 കിലോഗ്രാം നെയ്യ്. ഇതിനു പുറമെ 22,500 കിലോഗ്രാം കശുവണ്ടി, 15,000 കിലോഗ്രാം മുന്തിരി, 6,000 കിലോഗ്രാം ഏലയ്ക്ക എന്നിവയും വേണം. ഒരു ദിവസത്തേക്ക് വേണ്ടത് മൂന്നു ലക്ഷത്തിലേറെ ലഡുവാണ്. ചെറിയ ലഡുവിന് 50 രൂപയാണ് വില; വലിയ ലഡുവിന് 200 രൂപ. ലഡു തയാറാക്കാന്‍ ക്ഷേത്രത്തില്‍ 600 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
പ്രസാദ വിതരണം ബിസിനസാക്കിയോ?
ഭക്തര്‍ക്ക് നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പോ? ഗുജറാത്തിലെ ലബോറട്ടയില്‍ നടന്ന പരിശോധനയില്‍ പോത്തിന്റെയും പന്നിയുടെയും മീനിന്റെയും കൊഴുപ്പ് അംശം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് തിരുപ്പതിയില്‍ മാത്രമല്ല ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിലും വിവാദത്തീ പടര്‍ന്നിരിക്കുകയാണ്. ബി.ജെ.പിയുടെ സഖ്യകക്ഷി കൂടിയായ ടി.ഡി.പിയാണ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ സംസ്ഥാനം ഭരിക്കുന്നത്. മാസങ്ങള്‍ മുമ്പു വരെ സംസ്ഥാനം ഭരിച്ച ജഗന്‍ മോഹന്‍ റെഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍.സി.പി സര്‍ക്കാറിന്റെ കാലത്താണ് നെയ്യ് ഇടപാട് നടന്നത്. വിശദാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്ന് പരാതിപ്പെട്ട് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഒരു അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുമുണ്ട്.
മൃഗക്കൊഴുപ്പ് കലര്‍ന്ന ലഡു വിതരണം ചെയ്തതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം അലയടിക്കുന്നു. മുന്‍സര്‍ക്കാര്‍ ക്ഷേത്രം അശുദ്ധമാക്കിയെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. ക്ഷേത്രത്തില്‍ ശുദ്ധി ക്രിയകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചുളു വിലക്ക് നെയ്യ് ഏര്‍പ്പാടാക്കിയ ഇടപാടില്‍ അഴിമതി നടന്നുവെന്നും ആരോപിക്കപ്പെടുന്നു. ലഡു തയാറാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നാലംഗ കമ്മിറ്റിയെ ക്ഷേത്ര ഭരണസമിതി നിയോഗിച്ചിട്ടുണ്ട്. തിരുപ്പതി തിരുമല ദേവസ്ഥാനം ബോര്‍ഡ് തന്നെയാണ് ലഡു ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചതും. കേന്ദ്രസര്‍ക്കാറിനു കീഴിലെ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റേതാണ് ലബോറട്ടറി. തമിഴ്‌നാട് ദിണ്ഡിഗലിലെ എ.ആര്‍ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡാണ് നെയ്യ് വിതരണം ചെയ്തത്. തങ്ങളുടെ സ്ഥാപനത്തിന്റെ സാമ്പിളാണ് പരിശോധിച്ചതെന്ന് ലബോറട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്ന് കമ്പനി വാദിക്കുന്നു.