സ്വര്‍ണം 'തനി സ്വഭാവം' കാണിക്കുന്നു, വിലയില്‍ കുതിപ്പ്; 2025ലെ ഉയര്‍ന്ന നിലയില്‍

വിവാഹ സീസണിലേക്ക് എത്തുന്നതോടെ സ്വര്‍ണവില ഉയരുന്നത് കേരളത്തിലെ ഉപയോക്താക്കളെ വിഷമത്തിലാക്കും;

Update:2025-01-10 10:16 IST
സംസ്ഥാനത്ത് സ്വര്‍ണവില 2025ലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. പവന് 58,280 രൂപയായി ഉയര്‍ന്നു. ജനുവരി ഒന്നിന് പവന്‍ വില 57,200 രൂപയായിരുന്നു. 10 ദിവസം കൊണ്ട് 1,080 രൂപയാണ് സ്വര്‍ണത്തില്‍ കൂടിയത്. 2025ല്‍ വില സ്വര്‍ണാഭരണ പ്രേമികളെ കരയിപ്പിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ വര്‍ധിച്ച് 6,010 രൂപയായി. വെള്ളിവില ഒരു രൂപ ഉയര്‍ന്ന് 98ലെത്തി.
ചൈന ഒരിടവേളയ്ക്കുശേഷം സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതും നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരയുദ്ധം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും വിലയെ സ്വാധീനിക്കുന്നുണ്ട്. വിവാഹ സീസണിലേക്ക് എത്തുന്നതോടെ സ്വര്‍ണവില ഉയരുന്നത് കേരളത്തിലെ ഉപയോക്താക്കളെ വിഷമത്തിലാക്കും.

ആഭരണത്തിന് വിലകൂടും

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 58,280 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 63,083 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
Tags:    

Similar News