കേരളത്തിലെ കുടുംബങ്ങളില്‍ ട്രംപ് ഇംപാക്ട്! നവംബറിലെ വലിയ താഴ്ചയില്‍ സ്വര്‍ണം
നവംബര്‍ ഒന്നിനേക്കാള്‍ സ്വര്‍ണവില കുറഞ്ഞത് 2,720 രൂപ
നവംബര്‍ രണ്ടിന് ആരംഭിച്ച സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ (നവംബര്‍ 11) പവന് 1,080 രൂപ താഴ്ന്ന സ്വര്‍ണവിലയില്‍ ഇന്നും കുറവുണ്ടായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയായപ്പോള്‍ പവന്‍ വില 56,360 രൂപയായി. ഇന്ന് പവനില്‍ കുറഞ്ഞത് 320 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,810 രൂപയായി. വെള്ളി വില പക്ഷേ ഇന്ന് ഒരു രൂപ കൂടി 98 രൂപയിലെത്തി.
നിര്‍ണായകമായത് ട്രംപിന്റെ വരവ്
സ്വര്‍ണവില 59,000 കടന്നു മുന്നേറുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും വോട്ടെണ്ണലും വരുന്നത്. സ്വിച്ചിട്ട പോലെ സ്വര്‍ണവില കുറയാന്‍ കാരണമായത് ഡൊണാള്‍ഡ് ട്രംപിന്റെ വിജയമാണ്. യു.എസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായം വര്‍ധിച്ചേക്കുമെന്ന വിലയിരുത്തലും പലിശ നിരക്കിലെ വ്യത്യാസങ്ങളുമാണ് സ്വര്‍ണത്തില്‍ നിക്ഷേപം ചെയ്തിരുന്നവരെ പെട്ടെന്ന് മാറ്റിചിന്തിപ്പിച്ചത്.
ട്രഷറി നിക്ഷേപങ്ങള്‍ക്ക് പലിശ കുറയുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കായിരുന്നു ആദ്യ നോട്ടം എറിഞ്ഞിരുന്നത്. ട്രംപിന്റെ കാലത്ത് കൂടുതല്‍ കൈയയച്ച സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തില്‍ ഈ തീരുമാനങ്ങള്‍ പ്രതിഫലിക്കും.
രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമുണ്ട്. ഇന്നലെ ഔണ്‍സിന് 2,617 ഡോളര്‍ വരെയെത്തിയ വില ഇന്ന് 2,610ലേക്ക് വീണു. വരും ദിവസങ്ങളിലും ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. ഡിസംബറില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കില്‍ എന്തു തീരുമാനമെടുക്കും എന്നതും സ്വര്‍ണത്തില്‍ നിര്‍ണായകമാകും.
നികുതിയും പണിക്കൂലിയും ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഉപയോക്താക്കള്‍ കുറഞ്ഞത് 61,000 രൂപയിലധികം നല്‍കണം. പണിക്കൂലി അനുസരിച്ച് ഓരോ ജുവലറികളിലും വ്യത്യസ്ത നിരക്കുകളാകും ഈടാക്കുക.