ടോള്‍ ബൂത്തുകളില്‍ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും, ടോള്‍ പിരിവില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ജി.എൻ.എസ്.എസ് സാങ്കേതികവിദ്യ റോഡുകളിലും ഹൈവേകളിലും വെർച്വൽ ടോൾ ബൂത്തുകള്‍ അവതരിപ്പിക്കുന്നു

Update:2024-09-11 10:37 IST
ദേശീയ പാതകളിൽ വാഹനങ്ങള്‍ ടോൾ അടയ്ക്കുന്ന രീതിക്കുളള നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജി.എൻ.എസ്.എസ്) ഉപയോഗിക്കുന്ന പരിഷ്കരിച്ച സംവിധാനത്തിന് കീഴിൽ, വാഹനങ്ങളുടെ ഉപയോക്താക്കൾക്ക് 20 കിലോമീറ്റർ വരെ ചാർജ് നല്‍കാതെ സഞ്ചരിക്കാൻ കഴിയും. അതേസമയം നാഷണൽ പെർമിറ്റ് വാഹനങ്ങള്‍ക്ക് ഇതു ബാധകമല്ല.

സഞ്ചരിക്കുന്ന യാത്രാ ദൂരത്തെ അടിസ്ഥാനമാക്കി നിരക്ക്

ദേശീയപാതകൾ, ടോള്‍ പിരിവുളള പാലങ്ങൾ, ബൈപാസുകൾ എന്നിവയുൾപ്പെടെയുള്ള റോഡുകളിൽ 20 കിലോമീറ്റർ വരെ വാഹനങ്ങള്‍ക്ക് ഉപയോക്തൃ ഫീസ് അടയ്ക്കേണ്ടതില്ലെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. ഈ ദൂരപരിധി കവിയുന്ന യാത്രകൾക്ക്, സഞ്ചരിക്കുന്ന യാത്രാ ദൂരത്തെ അടിസ്ഥാനമാക്കി വാഹനങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കുന്നതാണ്.
ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ഓൺ ബോർഡ് യൂണിറ്റുകൾ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ) ഉപകരണങ്ങൾ, ഫാസ്ടാഗ് സംവിധാനങ്ങൾ എന്നിവ ഉള്‍പ്പെടെ വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഇവയിലേതെങ്കിലും സാങ്കേതിക മാർഗങ്ങളിലൂടെയോ, അവയുടെ സംയോജനത്തിലൂടെയോ ഉപയോക്തൃ ഫീസ് ശേഖരിക്കാമെന്നാണ് പുതുക്കിയ ചട്ടങ്ങളില്‍ പറയുന്നത്.
പ്രത്യേക പാത ഉണ്ടായിരിക്കും
ഫീസ് പിരിവ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജി.എൻ.എസ്.എസ് ഓൺ-ബോർഡ് യൂണിറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കായി പ്രത്യേക പാത ഒരുക്കുന്നതാണ്. വാഹന ട്രാക്കിംഗിനും ചാർജിംഗിനും ഫിസിക്കൽ ടോൾ ബൂത്തുകളെ ആശ്രയിക്കുന്ന നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, ജി.എൻ.എസ്.എസ് സാങ്കേതികവിദ്യ റോഡുകളിലും ഹൈവേകളിലും വെർച്വൽ ടോൾ ബൂത്തുകളാണ് അവതരിപ്പിക്കുന്നത്.
ജി.എൻ.എസ്.എസ് സംവിധാനം നിലവിലുള്ള ഫാസ്ടാഗ് സിസ്റ്റം ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം. ഇതു മൂലം ഫാസ്ടാഗുകളിൽ നിന്ന് ജി.എൻ.എസ്.എസ് സാങ്കേതികവിദ്യയിലേക്ക് യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ പരിവർത്തനം സാധിക്കുന്നു.
ഫാസ്ടാഗ് ടോൾ പിരിവ് വേഗത മെച്ചപ്പെടുത്തിയെങ്കിലും, ടോള്‍ ബൂത്തുകളിലെ പീക്ക് ട്രാഫിക് സമയം ഇപ്പോഴും നീണ്ട ക്യൂവിന് കാരണമാകുന്നു. സുഗമവും തടസരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ജി.എൻ.എസ്.എസ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.
ജി.എൻ.എസ്.എസ് സംവിധാനത്തില്‍ ബൂത്തുകളില്‍ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയ ദൈർഘ്യം 714 സെക്കൻഡിൽ നിന്ന് 47 സെക്കന്റിലേക്ക് ചുരുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
Tags:    

Similar News