വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഭാരത് റൈസിന്റെ 'റീഎന്‍ട്രി'; ചുക്കാന്‍ പിടിക്കാന്‍ റിലയന്‍സും

എല്ലാ ഉത്പന്നങ്ങളും ഇ-കൊമേഴ്‌സ് വഴിയും വിതരണം ചെയ്യുന്നതോടെ വിലക്കയറ്റം പരിധി വരെ പിടിച്ചു നിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍

Update:2024-10-25 09:44 IST

രാജ്യത്ത് വിലക്കയറ്റം സാധാരണക്കാര്‍ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതിനിടെ പ്രതിസന്ധി മറികടക്കാന്‍ വഴികള്‍ തേടി കേന്ദ്രസര്‍ക്കാര്‍. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് കേന്ദ്രം നീക്കം തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരത് ബ്രാന്‍ഡില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

കൂട്ടിന് റിലയന്‍സും

ഭാരത് ബ്രാന്‍ഡില്‍ അരി, കടല തുടങ്ങി ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമേകുന്ന വിലയില്‍ സാധനങ്ങള്‍ വില്‍ക്കാനാണ് നീക്കം. റിലയന്‍സ് ജിയോമാര്‍ട്ട്, ആമസോണ്‍, ബിഗ്ബാസ്‌കറ്റ് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെയും പദ്ധതിയുമായി സഹകരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുമ്പും ഈ കമ്പനികള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും മിതമായ രീതിയിലായിരുന്നു.

പുതുതായി ഇറങ്ങുന്ന എല്ലാ ഉത്പന്നങ്ങളും ഇ-കൊമേഴ്‌സ് വഴിയും വിതരണം ചെയ്യുന്നതോടെ വിലക്കയറ്റം പരിധി വരെ പിടിച്ചു നിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. സ്വകാര്യ റീട്ടെയില്‍ കമ്പനികളുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കി ഭാരത് ബ്രാന്‍ഡ് ആദ്യമായി റീട്ടെയില്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. ഭാരത് ബ്രാന്‍ഡിന് കീഴില്‍ രണ്ടു പുതിയ ഇനങ്ങള്‍ കൂടി സബ്സിഡി നിരക്കില്‍ കേന്ദ്രം ലഭ്യമാക്കിയിട്ടുണ്ട്.

കടല, പരിപ്പ് എന്നിവയാണ് ഈ ഉത്പന്നങ്ങള്‍. പദ്ധതിയുടെ രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമാണ് നടപടി. അതേസമയം വിലക്കയറ്റം നേരിയ തോതില്‍ ഭാരത് ബ്രാന്‍ഡിനെയും ബാധിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തില്‍ ഉത്പന്നങ്ങളുടെ വില നേരിയ തോതില്‍ വര്‍ധിച്ചു. അരി 34 രൂപ, വെള്ളക്കടല 70, ഉള്ളി 35 രൂപ എന്നിങ്ങനെയാണ് സാധനങ്ങളുടെ നിലവിലെ വില.
Tags:    

Similar News