അടുത്തിടെ മന്ത്രിസഭ അനുമതി നല്‍കിയ 12 വ്യവസായ സ്മാര്‍ട്ട് സിറ്റികളിലെ നിക്ഷേപത്തിന് സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹകരണം തേടി കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുമായി സഹകരിക്കാന്‍ ഇരുരാജ്യങ്ങളുമായും കേന്ദ്രം ചര്‍ച്ചകള്‍ നടത്തുകയാണെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ പാലക്കാട് അടക്കമുള്ള 12 സ്ഥലങ്ങളില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങാന്‍ 28,602 കോടിയുടെ പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയതിന് പിന്നാലെയാണ് നീക്കം. 2027ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നടപടികള്‍ വേഗത്തിലാക്കിയത്.
സ്മാര്‍ട്ട് സിറ്റികളില്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദേശ കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. അതിനൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കമ്പനികള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുക. ഇതുവഴി പ്രാദേശികമായ വികസനവും നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ കരുതുന്നു. സിംഗപ്പൂരിനും ജപ്പാനും പുറമെ സ്വിറ്റ്‌സര്‍ലാന്റിലെ ചില കമ്പനികളുമായും ഇക്കാര്യത്തില്‍ ആശയവിനിമയം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഓരോ സ്മാര്‍ട്ട് സിറ്റിയിലുമുള്ള നിക്ഷേപം പ്രാദേശിക ഘടകങ്ങള്‍ കൂടി പരിഗണിച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന സ്മാര്‍ട്ട് സിറ്റികളില്‍ 1.5 ലക്ഷം കോടിയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക്. ഇതിലൂടെ 30-50 ലക്ഷം പേര്‍ക്ക് വരെ തൊഴില്‍ നല്‍കാനാകും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രോജക്ടുകളുമായി എത്തുന്ന വിദേശ കമ്പനികളെയാണ് സ്മാര്‍ട്ട് സിറ്റികളില്‍ നിക്ഷേപം നടത്താനായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. വിവിധ രൂപത്തില്‍ ഇതുവരെ 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായിട്ടാണ് സ്മാര്‍ട്ട് സിറ്റികള്‍ നിലവില്‍ വരിക. പദ്ധതിക്ക് സ്ഥലമേറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും പണം മുടക്കേണ്ടത് കേന്ദ്രസര്‍ക്കാരുമാണ്. ഇതനുസരിച്ച് പാലക്കാട് പുതുശേരിയിലും പ്രദേശത്തുമായി 1,710 ഏക്കര്‍ ഭൂമി 1,789.92 കോടി രൂപ ചെലവിട്ട് കേരളം ഏറ്റെടുത്തിരുന്നു. പുതുശേരി സെന്‍ട്രലില്‍ 1,137 ഏക്കറും പുതുശേരി വെസ്റ്റില്‍ 240 ഏക്കറും കണ്ണമ്പ്രയില്‍ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലൂടെ വരുമെന്നാണ് കരുതുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്ന എസ്.പി.വി മുഖേനയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine