300 ഏക്കറില്‍ 2 കോടി ചതുരശ്രയടി വിസ്തീര്‍ണം, ഒരു ലക്ഷം തൊഴിലവസരം, 12,000 കോടി നിക്ഷേപം; കിഴക്കമ്പലത്തെ ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടം ഇങ്ങനെ
ഇന്‍ഫോപാര്‍ക്ക് വരുന്നതു വരെ അവികസിതമായി കിടന്നിരുന്ന പ്രദേശമായിരുന്നു കാക്കനാട്. സമാനമായ വികസനം കിഴക്കമ്പലത്തിനും സാധ്യമാകും
കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാംഘട്ടത്തിലേക്ക് എത്തുമ്പോള്‍ നറുക്കുവീഴുന്നത് കിഴക്കമ്പലത്തിന്. 300 ഏക്കറില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന വലിയ പദ്ധതികളാകും മൂന്നാംഘട്ടത്തില്‍ ഉണ്ടാകുക. കിഴക്കമ്പലത്ത് 300 ഏക്കര്‍ സ്ഥലത്ത് ലാന്‍ഡ് പൂളിങ് നടത്താന്‍ വിശാല കൊച്ചി വികസന അതോറിറ്റിയെ (ജി.സി.ഡി.എ) ചുമതലപ്പെടുത്തി സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
രണ്ടു കോടിയിലധികം ചതുരശ്രയടി വിസ്തീര്‍ണമുള്ള മൂന്നാംഘട്ടത്തില്‍ 12,000 കോടി രൂപയുടെ അടിസ്ഥാന നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം പുതിയ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. പരോക്ഷ തൊഴിലവസരങ്ങള്‍ വേറെയും. നിലവിലെ രണ്ടു ഘട്ടങ്ങളിലെയും മുഴുവന്‍ ഏരിയയും ഉപയോഗിച്ചു തീര്‍ന്നതോടെയാണ് വേഗത്തില്‍ മൂന്നാംഘട്ടത്തിനായി ശ്രമം തുടങ്ങിയത്.
ഐ.ടി പാര്‍ക്കിനൊപ്പം ടൗണ്‍ഷിപ്പും
100 ഏക്കറില്‍ ഐടി പാര്‍ക്കുകളും ബാക്കി 200 ഏക്കറില്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പുമാണ് നിര്‍മിക്കുക. പുറത്തുള്ള കമ്പനികളെ കേരള ഐ.ടി പാര്‍ക്ക് ആവാസവ്യവസ്ഥയിലേക്ക് കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു. അവരുടെ ബിസിനസ് വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന അഫിലിയേഷന്‍ പദ്ധതിയും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
ഇന്‍ഫോപാര്‍ക്കിന് കിഴക്കുഭാഗത്തുള്ള ഭൂമിയാണ് ഏറ്റെടുക്കുക. സ്ഥല ഉടമകളുമായി അടുത്തയാഴ്ച ധാരണപത്രം ഒപ്പുവയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. പണം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നതാണ് ലാന്‍ഡ് പൂളിങ്. വികസനത്തിനുശേഷം സമീപപ്രദേശത്തെ ഭൂമിക്കുണ്ടാകുന്ന മൂല്യവര്‍ധനയാണ് ഉടമകള്‍ക്ക് ഗുണം.
കാക്കനാട് വഴി കിഴക്കമ്പലത്തേക്ക്
ഇന്‍ഫോപാര്‍ക്ക് വരുന്നതു വരെ അവികസിതമായി കിടന്നിരുന്ന പ്രദേശമായിരുന്നു കാക്കനാട്. എന്നാല്‍ ഇന്ന് കൊച്ചിയുടെ ഐ.ടി തലസ്ഥാനമാണ് ഇവിടം. ഇതേ രീതിയില്‍ വളരാനുള്ള അവസരമാണ് കിഴക്കമ്പലത്തിനും വന്നുചേരുന്നത്. അങ്കമാലി-കുണ്ടന്നൂര്‍ പുതിയ ബൈപ്പാസ് ഇതിന് അടുത്തുകൂടിയാകും കടന്നുപോകുക. മൂവാറ്റുപുഴ-കാക്കനാട് ഹൈവേയുടെ സാന്നിധ്യവും കടമ്പ്രയാര്‍ ടൂറിസം മേഖലയും കിഴക്കമ്പലത്തിന് അനുകൂല ഘടകങ്ങളാണ്.