ജന്‍ ഔഷധി മാതൃകയില്‍ ആയുര്‍വേദ ഷോപ്പുകള്‍ വരുന്നു; ആയുഷ് ചികില്‍സക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിക്കുന്നു

Update:2024-09-28 09:44 IST

മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ മാതൃകയില്‍ രാജ്യത്ത് ആയുര്‍വേദ മരുന്നു സ്‌റ്റോറുകളും വരുന്നു. അലോപ്പതിക്ക് പുറമെ ഹോമിയോപ്പതി ഉള്‍പ്പടെയുള്ള ചികില്‍സാ സമ്പ്രദായങ്ങളെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തതുള്‍പ്പടെയുള്ള പുതിയ പദ്ധതികള്‍ക്കാണ് കേന്ദ്ര ആയുഷ് വകുപ്പ് തയ്യാറെടുക്കുന്നത്. ഇതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി പ്രതാപ് റാവു യാദവ് വ്യക്തമാക്കി. ആയുഷ് ചികില്‍സയെ പി.എം.ജെ.വൈ ഇന്‍ഷുറന്‍സിന് കീഴില്‍ കൊണ്ടു വരുന്നതിന് നാഷണല്‍ ഹെൽത്ത്  അതോരിറ്റിയുമായി ചര്‍ച്ചകള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു.

170 ആയുഷ് ചികില്‍സകള്‍ക്ക് കവറേജ്

ആയുഷ് വകുപ്പിന് കീഴിലുള്ള ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയിലായി 170 തരം ചികില്‍സകളെ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ കൊണ്ടു വരും. പ്രമേഹം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക് കൂടി പരിരക്ഷ ലഭിക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കുക. ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ജന്‍ ഔഷധി മാതൃകയിലുള്ള ആയര്‍വേദ ഷോപ്പുകള്‍ ആദ്യഘട്ടത്തില്‍ താലൂക്ക് തലത്തിലാണ് ആരംഭിക്കുക. ആയുഷ് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ എല്ലായിടത്തും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയില്‍ ഇത്തരം സ്റ്റോറുകള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പര്‍ച്ചേസ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളെ കൂടി പദ്ധതിയില്‍ ഭാഗമാക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നതായി മന്ത്രി പ്രതാപ് റാവു യാദവ് അറിയിച്ചു.

Tags:    

Similar News