ഗ്രീന്‍ എനര്‍ജി എക്സ്പോ കൊല്ലത്ത് നവംബര്‍ എട്ട് മുതല്‍

സോളാര്‍ വ്യാപാരികളുടെ സംഘടനയായ മാസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ നവംബര്‍ 8,9,10 തീയതികളിലാണ് പ്രദര്‍ശനം

Update:2024-11-05 17:49 IST
പുനരുപയോഗ ഊര്‍ജ (Renewable Energy) രംഗത്തെ സര്‍ക്കാര്‍ അംഗീകൃത വ്യാപാരികളുടെ സംഘടനയായ മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദകരെയും വ്യാപാരികളെയും ഉള്‍പ്പെടുത്തി നടത്തുന്ന പ്രദര്‍ശനം നവംബര്‍ 8,9,10 തീയതികളില്‍ നടക്കും.
കൊല്ലം ആശ്രാമം മൈതാനിയിലാണ് 'ഗ്രീന്‍ എനര്‍ജിഎക്സ്പോ 2024' എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം നടക്കുക. 60,000ത്തിലേറെ ചതുരശ്രയടിയില്‍ ഇരുന്നൂറിലേറെ എക്സിബിറ്റേഴ്സിനെ ഒരുക്കിയാണ് പ്രദര്‍ശനം നടക്കുകയെന്ന് എക്സ്പോ ചെയര്‍മാന്‍ ജെ.സി ലിജോ പറഞ്ഞു.
ഉല്‍പ്പാദകര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് പുറമേ ഉപയോക്താക്കള്‍, ആര്‍&ഡി സ്ഥാപനങ്ങള്‍, വിതരണക്കാര്‍, തേര്‍ഡ് പാര്‍ട്ടി ഇന്‍സ്പെക്ടിംഗ് അതോറിറ്റികള്‍, അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്ന തരത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
7,500ലേറെ സന്ദര്‍ശകരെയാണ് ഈ ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്. വിപുലമായ പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എട്ടിന് രാവിലെ 10.30ന് സ്റ്റാളുകളുടെ ഉദ്ഘാടനം കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. പ്രധാന സ്പോണ്‍സറായ മൈക്രോടെക്കിന്റെ സ്റ്റാള്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവും ഉദ്ഘാടനം ചെയ്യും.
വൈകിട്ട് എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും. നവംബര്‍ ഒമ്പതിന് പിഎം സൂര്യ ഘര്‍ യോജന സംസ്ഥാന നോഡല്‍ ഓഫീസര്‍ നൗഷാദ് ഷറഫുദ്ദീന്‍ പദ്ധതിയുടെ നേട്ടങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിക്കും. തുടര്‍ന്ന് സോളാര്‍ മേഖലയിലെ ജിഎസ്ടി സംബന്ധിച്ച് എസ്ജിഎസ്ടി കൊല്ലം ജില്ലാ ഉദ്യോഗസ്ഥരും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് ഐസിഐസിഐ ബാങ്ക് ഇന്‍ഷുറന്‍സ് ടീമും ക്ലാസെടുക്കും.

പ്രവേശനം സൗജന്യം

വൈകിട്ട് പ്രശസ്ത ഗായകന്‍ അലോഷി ആദംസും ടീമും ഒരുക്കുന്ന സംഗീത പരിപാടി അരങ്ങേറും. നവംബര്‍ പത്തിന് രാവിലെ 10.30ന് സോളാര്‍ ഒ.ഇ.എം കമ്പനികളുടെ നേതൃത്വത്തില്‍ ടെക്നിക്കല്‍ സെമിനാറും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് മ്യൂസിക്കല്‍ ഇവന്റോടെ സമാപനമാകും. കേരളത്തില്‍ സംഘടനയ്ക്ക് കീഴില്‍ അറുന്നൂറിലേറെ അംഗീകൃത വ്യാപാരികളാണുള്ളത്.
ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം നൂതനങ്ങളായ ഉല്‍പ്പന്നങ്ങളെയും അവയുടെ സവിശേഷതകളെയും കുറിച്ച് അറിയാന്‍ ഉപയോക്താക്കളെ സഹായിക്കും. പ്രവേശനം സൗജന്യമാണ്. മാത്രമല്ല, സന്ദര്‍ശകരില്‍ നിന്നുള്ള ഒരു ഭാഗ്യശാലിക്ക് മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റ് സൗജന്യമായി നല്‍കും. വിവരങ്ങള്‍ക്ക്: 94463 93399.
Tags:    

Similar News