സ്വര്‍ണത്തിന് ഇ-വെ ബില്‍ നടപ്പാക്കാന്‍ നീക്കം, ആവശ്യം ആദ്യം ഉന്നയിച്ചത് കേരളം
ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത മീറ്റിംഗില്‍ പരിഗണിക്കാന്‍ സാധ്യത
സംസ്ഥാനത്തിനുള്ളില്‍ സ്വര്‍ണം വിപണനത്തിനായി വ്യാപരികള്‍ കൊണ്ടുപോകുന്നതിന് ഇ-വെ ബില്‍ ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ ശ്രമിക്കുന്നു. ഈ വിഷയം അടുത്താഴ്ച കൂടുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഗണിച്ചേക്കും. കേരളത്തിന്റെ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം സമര്‍പ്പിച്ച ശുപാര്‍ശകള്‍ അനുസരിച്ചായിരിക്കും ഇ-വെ ബില്‍ നടപ്പാക്കുക.
കള്ളക്കടത്ത്, നികുതി വെട്ടിപ്പ് എന്നിവ തടയാന്‍ ഇ-വെ ബില്‍ നടപ്പാക്കുന്നത് വഴി സാധ്യമാകുമെന്ന് കരുതുന്നു. ഈ നിയമം നടപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കാനാണ് സാധ്യത. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണത്തിനാകും ബാധകമാകുന്നത്. ഇ-വെ ബില്‍
നിലവില്‍ സംസ്ഥാനത്തിനകത്തും, മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന 50,000 രൂപയില്‍ കൂടുതല്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇ-വെ ബില്‍ ബാധമാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ സ്വര്‍ണം ഉള്‍പ്പെട്ടിട്ടില്ല.
സ്വര്‍ണത്തിന് ഇ-വെ ബില്‍ നടപ്പാക്കണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് കേരളമാണ്. ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്തിന് സ്വര്‍ണ വില്‍പ്പനയില്‍ നിന്നുള്ള നികുതി വരുമാനം നഷ്ടമായത് കൊണ്ടാണ് ഇങ്ങനെ ഒരു നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. സ്വര്‍ണം കൊണ്ടു പോകുന്നവരുടെ സുരക്ഷക്കായി ഇ-വെ ബില്ലുകള്‍ എന്‍ക്രിപ്ട് ചെയ്ത് കൊടുക്കാന്‍ നിര്‍ദേശമുണ്ട്. ഇ-വെ ബില്ലിന്റെ ആദ്യ ഭാഗം മാത്രം പൂരിപ്പിച്ചാല്‍ മതിയാകും. കൊണ്ടു പോകുന്നവരുടെ വിവരങ്ങള്‍ അടങ്ങുന്ന 'ബി' ഭാഗം പൂരിപ്പിക്കേണ്ടി വരില്ല.