ജി.എസ്.ടി കൗണ്‍സില്‍ നാളെ; വ്യാവസായിക ആല്‍ക്കഹോള്‍ വിഷയവും പരിഗണനയില്‍
ഇരട്ട നികുതി ഈടാക്കുന്ന സാഹചര്യം ഒഴിവാക്കി മദ്യവ്യവസായ രംഗത്തിന് ആശ്വാസം നല്‍കാനാണ് നടപടി
മദ്യനിര്‍മാണത്തിന് ആവശ്യമായതും എന്നാല്‍ നേരിട്ട് കഴിക്കാന്‍ പാടില്ലാത്തതുമായ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളുമായി (ഇ.എന്‍.എ) ബന്ധപ്പെട്ട് ജി.എസ്.ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം ശനിയാഴ്ച നടക്കുന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗണ്‍സില്‍ യോഗം പരിഗണിച്ചേക്കും.
വ്യാവസായിക ആവശ്യത്തിനുള്ള ആല്‍ക്കഹോള്‍ ജി.എസ്.ടിയുടെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കുകയാണ് ഈ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇരട്ട നികുതി ഈടാക്കുന്ന സാഹചര്യം ഒഴിവാക്കി മദ്യവ്യവസായ രംഗത്തിന് ആശ്വാസം നല്‍കാനാണ് നടപടി. ഈ വകയിലുള്ള മുന്‍കാല നികുതി കുടിശിക ഈടാക്കുന്നതും ഒഴിവാക്കിയേക്കും.
ഉദ്യോഗസ്ഥ തലത്തിലുള്ള സമിതിയുടെ നിയമഭേദഗതി ശുപാര്‍ശകള്‍ ജി.എസ്.ടി കൗണ്‍സില്‍ അവലോകനം ചെയ്യും. ഇ.എന്‍.എയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കുന്ന വിധം വ്യക്തമായ നിര്‍വചനത്തിന് കേന്ദ്ര-സംസ്ഥാന ജി.എസ്.ടി നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. അതേസമയം വാറ്റ്, എക്‌സൈസ് തീരുവ എന്നിവയുടെ പരിധിയില്‍ ഇ.എന്‍.എ തുടരുകയും ചെയ്യും.