1200 രൂപക്ക് ലാപ്ടോപ്പ്; ഷാര്‍ജ മാര്‍ക്കറ്റിലെ വിശേഷങ്ങള്‍ അറിയാം
സ്‌കൂള്‍ പഠനത്തിനായി വാങ്ങുന്നവരേറെ, വരുന്നത് യൂറോപ്പില്‍ നിന്ന്
വേനലവധിക്കാലം കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, യു.എ.ഇയില്‍ വിപണികളില്‍ വലിയ തിരക്കാണ്. തിരക്കു പിടിച്ച നാളുകള്‍ തുടങ്ങും മുമ്പ് ഷോപ്പിംഗ് പൂര്‍ത്തിയാക്കാന്‍ എത്തുന്നവര്‍ മാര്‍ക്കറ്റുകളെ സജീവമാക്കുന്നു. സ്‌കൂളുകള്‍ അടുത്ത മാസം ആദ്യം തുറക്കുന്നതിനാല്‍ സ്‌കൂള്‍ വിപണിയും സജീവമാണ്. ഷാര്‍ജയിലെ ഇലക്ട്രോണിക് മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക ഓഫറുകളും സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
യൂസ്ഡ് ലാപ്ടോപ്പുകള്‍ക്ക് ആവശ്യക്കാരേറെ
50 ദിര്‍ഹം (1200 രൂപ) മുതൽ വിലയുള്ള യൂസ്ഡ് ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ഷാര്‍ജയിലെ എമിറേറ്റ്‌സ് വ്യവസായ മേഖലയിലുള്ള പ്രത്യേക മാര്‍ക്കറ്റില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ലാപ്പ്‌ടോപ്പുകള്‍ അത്യാവശ്യമാണ്. വലിയ വിലനല്‍കി പുതിയത് വാങ്ങുന്നതിന് പകരം സാധാരണക്കാരായ പ്രവാസികള്‍ യൂസ്ഡ് ലാപ്ടോപ്പുകളാണ് തെരഞ്ഞെടുക്കുന്നത്. മോഡലുകളുടെ വ്യത്യാസത്തിനനുസരിച്ച് 50 ദിര്‍ഹം മുതല്‍ 350 ദിര്‍ഹം വരെയാണ് ഇവയുടെ വില.
വിലകുറയാന്‍ കാരണം
യുറോപ്പിലും അമേരിക്കയിലും കമ്പനികളിലെ പ്രോജക്ടുകള്‍ക്ക് ഒരു വര്‍ഷം ഉപയോഗിച്ച ലാപ്ടോപ്പുകളാണ് ഇത്തരത്തില്‍ വില്‍പ്പനക്കായി ഷാര്‍ജ വ്യവസായ ഏരിയയിലുള്ള പ്രത്യേക മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. മൂന്നു മാസം മാത്രം ഉപയോഗിച്ച ലാപ്ടോപ്പുകള്‍ പോലും ഇത്തരത്തില്‍ എത്താറുണ്ടെന്ന് കടയുടമകള്‍ പറയുന്നു. കുറഞ്ഞ വിലക്ക് വാങ്ങുന്ന യൂസ്ഡ് ഉല്‍പ്പന്നങ്ങള്‍ പരിശോധനക്കു ശേഷമാണ് വില്‍പ്പന നടത്തുന്നത്. സ്‌കൂള്‍ പഠനത്തിനായി ഇത്തരം ലാപ്ടോപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് ഷാര്‍ജ വ്യവസായ ഏരിയയിലെ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.